സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് 20 പേർക്ക് പരുക്ക്

Mail This Article
കൂത്തുപറമ്പ് ∙ മാനന്തേരി കാവിൻ മൂലയിൽ സ്വകാര്യ ബസ് വയലിലേക്കു മറിഞ്ഞ് ബസ് ജീവനക്കാർ ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്ക് മാനന്തേരി വണ്ണാത്തിമൂലയിൽ നിന്നു തലശ്ശേരിയിലേക്കു സർവീസ് നടത്തുന്ന അമ്പിളി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 7.20നാണു സംഭവം. വണ്ണാത്തി മൂലയിൽ നിന്നും യാത്രക്കാരെ കയറ്റി കൂത്തുപറമ്പ് ഭാഗത്തേക്കു പോകവേ സ്റ്റീയറിങ് റോഡ് പൊട്ടി നിയന്ത്രണം വിട്ട ബസ് അൽപദൂരം സഞ്ചരിച്ചു വയലിലേക്ക് മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും കണ്ണൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചത്. അജന്യ പ്രേമൻ (22), കെ.ഗംഗാധരൻ (62), കക്കാടന്റവിട രാജീവൻ (48), അത്തോളിമ്മൽ കുഞ്ഞനന്തൻ (69), കെ.ഷാജി (41), കെ.മുസതഫ (53), വി.വി.മുകുന്ദൻ (74) എന്നിവരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
4 പേർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല. കണ്ണവം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ബസ് ഡ്രൈവർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു.