ആറളം കൂടുതൽ ആശങ്കയിലേക്ക്; ഫാം പുനരധിവാസ മേഖലയിൽ കാട്ടാന കുടിൽ തകർത്തു

Mail This Article
ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ കുടിൽ തകർത്ത് കാട്ടാന. ആക്രമണ സമയത്ത് കുടിലിൽ താമസിച്ചിരുന്ന ദമ്പതികൾ ചികിത്സാ ആവശ്യാർഥം കണ്ണൂരിൽ ആയതിനാൽ വൻ ദുരന്തം ഒഴിവായി. 13 –ാം ബ്ലോക്കിലെ റീന ശ്രീധരന്റെ കുടിലിനു മുകളിലേക്ക് ആന സമീപത്തെ തെങ്ങ് മറിച്ചിടുകയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ താൽക്കാലിക കൂര പൂർണമായും തകർന്നു. ഇവർ ഉൾപ്പെടെ 20 ഓളം കുടുംബങ്ങൾ ഭൂമി നൽകണമെന്നാവശ്യപ്പെട്ട് ഇവിടെ കുടിൽ കെട്ടി താമസിക്കുന്നുണ്ട്.
ഇന്നലെ പുലർച്ചെ 2ന് മൊട്ടുകൊമ്പനാണു ആക്രമണം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. ശ്രീധരന്റെ കണ്ണിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഭാര്യ റീന ഉൾപ്പെടെ കണ്ണൂരിൽ ആശുപത്രിയിലായിരുന്നതാണു രക്ഷയായത്. ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ഡപ്യൂട്ടി റേഞ്ചർ എൻ.രമേശൻ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് സംഘവും എസ്ടി പ്രമോട്ടർ ആർ.ജോയലും സ്ഥലത്തെത്തി. ആറളം ഫാമിലും പുനരധിവാസ മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്തെ വീടുകൾക്ക് സമീപമെത്തി വൻ നാശം ഉണ്ടാക്കിയിരുന്നു. രാപ്പകൽ വ്യത്യാസം ഇല്ലാതെയാണ് പ്രദേശത്ത് ആനകൾ വിഹരിക്കുന്നത്. ഫാം കൃഷിയിടത്തിൽ 30 ഓളം ആനകളും പുനരധിവാസ മേഖലയിൽ 20 ഓളം ആനകളും തമ്പടിച്ചിട്ടുണ്ട്.
ഇവയെ അടിയന്തരമായി ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തിയോടിച്ചു താൽക്കാലിക വൈദ്യുതി വേലി പ്രവർത്തിപ്പിച്ചു വീണ്ടും ഫാമിലേക്കു മടങ്ങി വരാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ആറളം ഉൾപ്പെടെ മലയോര പ്രദേശങ്ങളിൽ മനുഷ്യ – വന്യജീവി സംഘർഷം രൂക്ഷമാകുന്നതായും സർക്കാരിനെതിരായ വികാരം ആയി മാറുകയാണെന്നും മുന്നറിയിപ്പ് നൽകി കഴിഞ്ഞ ദിവസം പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു.
ഫാമിൽ കാട് വെട്ടിത്തെളിക്കൽ തുടങ്ങി; പുനരധിവാസ മേഖലയിൽ ‘നടപടിയായില്ല’
ആറളം ഫാമിൽ കശുവണ്ടി സീസൺ ഒരുക്കത്തിന്റെ ഭാഗമായി കാട് വെട്ടിത്തെളിക്കൽ തുടങ്ങി. ഇതോടെ ഹെലിപ്പാട് പ്രദേശം ഉൾപ്പെടെ താവളം ആക്കിയ കാട്ടാനകൾ എല്ലാം പുനരധിവാസ മേഖലയിൽ തമ്പടിക്കുകയാണ്. ഇവിടെ കാട്ടാനകൾക്ക് സുരക്ഷിതമായ ഒളിയിടം ഒരുക്കുന്ന ‘കാട് പ്രദേശങ്ങൾ’ കൂടുതലായി ഉണ്ട്. 10 കേന്ദ്രങ്ങളിൽ കാട് വെട്ടിത്തെളിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ ഗുരുതരമാകുമെന്ന് ആറളം ആർആർടി 2 മാസം മുൻപ് റിപ്പോർട്ട് നൽകിയതാണ്. ടിആർഡിഎം ഇതിനായി ടെൻഡർ ക്ഷണിച്ചതേ ഉള്ളൂ. ഈ കാട് പ്രദേശങ്ങളിലാണ് കാട്ടാന ഒളിക്കുന്നത്. ഇപ്പോൾ ഇത്തരം കേന്ദ്രങ്ങളിൽ ആന ഒളിക്കുന്നതു നിരീക്ഷിച്ചു അറിഞ്ഞാൽ ആർആർടി സംഘം പ്രദേശവാസികളോടു ഈ ഭാഗത്തേക്ക് പശുവിനെ മേയ്ക്കാനും വിറക് ശേഖരിക്കാനും പോകരുതെന്നു പറഞ്ഞു വിലക്കുകയാണു ചെയ്യുന്നത്. കാട് വെട്ടിത്തെളിച്ചില്ലെങ്കിൽ ദുരന്തം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമായിരിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
കാട്ടാനയ്ക്ക് ഒളിയിടം ഒരുക്കുന്ന ജനവാസ പ്രദേശങ്ങൾ
ബ്ലോക്ക് 13 ലെ കരിക്കൻമുക്ക് മട്ടിത്തോട്ടം, മണവാളൻപാറ, 55 ഭാഗം, കരിക്കൻമുക്ക് അങ്കണവാടിക്ക് കിഴക്ക്, ബ്ലോക്ക് 9 ലെ കൊടിമരം ഭാഗം, എംആർഎസ് കിഴക്ക് ഭാഗം, ഹൈമാസ്റ്റ് ലൈറ്റിന് സമീപം, പൂക്കുണ്ട്, ബ്ലോക്ക് 10 ലെ 18 ഏക്കർ കൈതക്കുന്ന്, ബ്ലോക്ക് 7 ലെ വയനാടൻ കാട്.
കൃഷി നശിപ്പിച്ചു
ഉളിക്കൽ∙ അപ്പർ കാലാങ്കി മേലോത്തുംകുന്ന് മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചേക്കാതടത്തിൽ ചാക്കോയുടെ വിളവെടുപ്പിന് പകമായ ഏക്കർ കണക്കിന് പച്ചക്കറി തോട്ടം ആന പൂർണമായും നശിപ്പിച്ചു. വിളവെടുപ്പിന് പാകമായ 60 തടം പയർ, 40 തടം വെണ്ട, ബീൻസ്, തക്കാളി, ചൈനീസ് കാബേജ്, ബ്രോക്കോളി, പാവൽ, കക്കിരി, മത്തൻ, കോളിഫ്ലവർ തുടങ്ങിയവാണ് നശിപ്പിച്ചത്. കർണാടക വനത്തിൽ നിന്നും ഇറങ്ങുന്ന ആനകളാണ് ഇവിടെ ഭീഷണിയാവുന്നത്. സോളർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിപാലനം ഇല്ലാത്തതിനാൽ പ്രവർത്തന രഹിതമാണ്.