പുണ്യസ്മരണയിൽ നബിദിനം
![നബിദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് തളങ്കര മാലിക് ദീനാറിൽ നിന്നു പുറപ്പെട്ട റാലിയിൽ നിന്ന്. നബിദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് തളങ്കര മാലിക് ദീനാറിൽ നിന്നു പുറപ്പെട്ട റാലിയിൽ നിന്ന്.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kasargod/images/2023/9/29/kasargod-nabi-dinam-celebration.jpg?w=1120&h=583)
Mail This Article
കാസർകോട് ∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചിലയിടങ്ങളിൽ മഴ പെയ്‌തെങ്കിലും ആഘോഷത്തിന്റെ പൊലിമ കുറഞ്ഞില്ല. മഹല്ല് ജമാഅത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന നബിദിന റാലികൾ നടത്തി. പ്രധാനമായും മദ്രസകൾ കേന്ദ്രീകരിച്ചാണ് റാലികൾ നടന്നത്. രാവിലെ പെയ്ത മഴ കാരണം ചിലയിടങ്ങളിൽ റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
ചിലയിടങ്ങളിൽ റാലി വെട്ടിച്ചുരുക്കി. ഗ്രാമ - നഗര വ്യത്യാസമില്ലാതെ നബിദിന സന്ദേശ റാലികൾ നടന്നു. ദഫും സ്‌കൗട്ടും അണിനിരന്ന റാലിയിൽ പ്രവാചക കീർത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ അണിനിരന്നു. വഴിനീളെ മധുര വിതരണവും പള്ളികളിൽ അന്നദാനവും നടന്നു. മദ്രസകളിൽ വിദ്യാർഥികളുടെ കലാസാഹിത്യ പരിപാടികളും നടന്നു.
നബിദിന യോഗങ്ങളിൽ പണ്ഡിതരുടെ പ്രഭാഷണം, പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് അനുമോദനം തുടങ്ങിയവ നടന്നു. നബിദിനത്തിന്റെ ഭാഗമായി മസ്ജിദുകളിൽ മൗലീദ് പാരായണ സദസ്സുകൾ നടത്തി. തെരുവുകളും മസ്ജിദുകളും മദ്രസകളും വീടുകളും ദീപാലങ്കാരമണിഞ്ഞു. അറബിക് കോളജുകൾ അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലും മറ്റും റബീഉൽ അവ്വൽ മാസം മുഴുവൻ നീളുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിരുന്നത്.