ലക്ഷങ്ങളുടെ ജനറേറ്റർ മഴയും വെയിലുമേറ്റ് നശിക്കുന്നു

Mail This Article
ചവറ∙ സബ് ട്രഷറിയുടെ പ്രവർത്തനം സുഗമമാക്കാനായി ലക്ഷങ്ങൾ ചെലവിട്ട് ചവറ മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ സ്ഥാപിച്ച ജനറേറ്റർ മഴയും വെയിലുമേറ്റ് നശിക്കുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കുന്നതിനു നടപടിയായില്ല. ട്രഷറിയുടെ വൈദ്യുതി തടസ്സത്തിനു പരിഹാരമായാണ് ജനറേറ്റർ സ്ഥാപിച്ചത്. വൈദ്യുതി തടസ്സപ്പെടുമ്പോൾ നിലവിൽ യുപിഎസ് സഹായത്തോടെയാണ് കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നത്.

ഏറെ സമയം വൈദ്യുതി തടസ്സപ്പെട്ടാൽ കംപ്യൂട്ടറുകൾ നിലയ്ക്കുകയും പെൻഷൻ വിതരണം ഉൾപ്പെടെ തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് പലപ്പോഴും പെൻഷൻകാരുടെ പ്രതിഷേധത്തിനു വഴി വച്ചിട്ടുണ്ട്. മഴയും വെയിലുമേറ്റാൽ ജനറേറ്ററിനു പ്രശ്നമില്ലെന്ന വാദമാണ് അധികൃതർ നിരത്തുന്നത്. എന്നാൽ ഇത് പ്രവർത്തനക്ഷമമാക്കാത്തത് എന്ത് എന്ന ചോദ്യത്തിനു മറുപടിയില്ല.
സേവനത്തിന് കാലതാമസമെന്ന്
പെൻഷൻ കാർ ഉൾപ്പെടെ ട്രഷറിയിലെത്തുന്നവർക്ക് സേവനം ലഭ്യമാകാൻ പലപ്പോഴും കാലതാമസം നേരിടുന്നു. വൈദ്യുതി ദീർഘ നേരം നിലയ്ക്കുന്നതാണ് കാരണമെന്ന് പറയുകയാണ് അധികൃതർ. എന്നാൽ മഴയും വെയിലുമേറ്റ് ഒരു ജനറേറ്റർ മിനി സിവിൽ സ്റ്റേഷന്റെ പിന്നാമ്പുറത്തുണ്ട് ഇത് പ്രവർത്തിപ്പിക്കാൻ തുനിയാതെ വൈദ്യുതി തടസ്സത്തെ പഴിക്കുന്ന സമീപനം ട്രഷറിയിലെത്തുന്നവരോടുള്ള വെല്ലുവിളിയാണ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചവറ നിയോജകമണ്ഡലം പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ.