കാത്തിരിപ്പ് സഫലം; പുതുമോടിയിൽ കുളക്കട–ഇളങ്ങമംഗലം തൂക്കുപാലം

Mail This Article
പുത്തൂർ ∙ കുളക്കട ജിഎച്ച്എസ്എസിലെ കുട്ടികൾ അടക്കമുള്ള നാട്ടുകാരുടെ 5 വർഷത്തോളം നീണ്ട കാത്തിരിപ്പ് സഫലം, കുളക്കട-ഇളങ്ങമംഗലം തൂക്കു നടപ്പാലത്തിന്റെ നവീകരണം പൂർത്തിയായി. നാടിന് പുതുവർഷ സമ്മാനമായി ലഭിച്ച പാലത്തിന്റെ ഉദ്ഘാടനം രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും.ഇളങ്ങമംഗലത്തു നിന്ന് കല്ലടയാർ താണ്ടി ഏറ്റവും എളുപ്പത്തിൽ എംസി റോഡിലെത്താനുള്ള മാർഗമാണ് ഈ പാലം. 89 ലക്ഷം ചെലവിട്ടു 2013ൽ നാടിനു സമർപ്പിച്ച പാലം 2018ലെ പ്രളയത്തിൽ തടി വന്നിടിച്ചു മുറിഞ്ഞു മാറിയതോടെ അടയ്ക്കുകയായിരുന്നു. അതിനു മുൻപ് തന്നെ പാലത്തിന്റെ പല ഭാഗങ്ങളും തുരുമ്പെടുക്കുകയും നടപ്പാതയിലെ സ്ലാബുകൾ അടക്കമുള്ളവയ്ക്കു തകരാർ സംഭവിക്കുകയും ചെയ്തിരുന്നു.കല്ലടയാറിനു കുറുകെ 225 അടി നീളത്തിൽ 4 അടി വീതിയിലാണ് പാലം നിർമിച്ചിരിക്കുന്നത്.
നവീകരണത്തിന്റെ ഭാഗമായി പാലത്തിന്റെ നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്ത് അലൂമിനിയം പ്ലേറ്റുകൾ പാകി. കോൺക്രീറ്റ് തൂണുകൾ കൂടുതൽ ബലപ്പെടുത്തുകയും പാലത്തിലേക്കുള്ള നടപ്പാതയിൽ ഇന്റർലോക്ക് ടൈൽസ് പാകുകയും ചെയ്തു. പാലത്തിന്റെ തൂക്കുഭാഗങ്ങൾ ബലപ്പെടുത്തി. തുരുമ്പെടുത്തവ മാറ്റി സ്ഥാപിച്ചു. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുവശത്തുമുള്ള കൈവരികളുടെ ഉയരം 5 അടിയായി ഉയർത്തി.സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ചാണു പാലം നവീകരിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർവഹണച്ചുമതല. മീയണ്ണൂർ സ്വദേശി ജി.കെ.അനിമോൻ ആണ് കരാറുകാരൻ. 6 മാസം മുൻപ് ധാരണാപത്രം സമർപ്പിച്ചെങ്കിലും മഴ തടസ്സമായതിനാൽ സെപ്റ്റംബറിലാണ് പണി തുടങ്ങിയത്. 4 മാസം കൊണ്ടാണ് പാലത്തിന്റെ പണി പൂർത്തിയാക്കിയത്.