തല്ലിത്തോൽപ്പിച്ചു; കശുവണ്ടി തല്ല് മത്സരം നടത്തി

Mail This Article
കുണ്ടറ∙ സിപിഎം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചു കശുവണ്ടി തല്ല് മത്സരം നടത്തി. മാമ്പുഴയിൽ നടത്തിയ മത്സരം സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ കശുവണ്ടി തല്ലി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് അധ്യക്ഷനായി. 23 തൊഴിലാളികൾ പങ്കെടുത്തു. അരമണിക്കൂറിനകം ഏറ്റവും കൂടുതൽ പരിപ്പ് വലിയ പൊടിയില്ലാതെ തല്ലിയെടുക്കുന്ന തൊഴിലാളിക്കായിരുന്നു സമ്മാനം. ആലുംമൂട് സ്വദേശിയായ രാജമ്മ (680 ഗ്രാം) ഒന്നാം സമ്മാനം നേടി.
അനിത (645 ഗ്രാം), ദേവകി (640 ഗ്രാം) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജേതാക്കൾക്കു ബി. തുളസീധരക്കുറുപ്പ് കാഷ് അവാർഡുകൾ സമ്മാനിച്ചു. പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും പ്രോത്സാഹന സമ്മാനം നൽകി. സിപിഎം കുണ്ടറ ഏരിയ സെക്രട്ടറി സുരേഷ് ബാബു, ലോക്കൽ സെക്രട്ടറി സുദർശനൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അനുലാൽ കോളശ്ശേരി, ബ്രാഞ്ച് സെക്രട്ടറിമാരായ സന്ധ്യ, ഹരി, അനിൽ, ജമാലുദ്ദീൻ കുട്ടി എന്നിവർ സംബന്ധിച്ചു.