പുനലൂരിൽ എക്സൈസ് സമുച്ചയ നിർമാണം തുടങ്ങി

Mail This Article
പുനലൂർ ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുനലൂരിലെ എക്സൈസ് സമുച്ചയ നിർമാണം തുടങ്ങി. സാങ്കേതിക തടസ്സങ്ങൾ കാരണം 10 വർഷം താമസിച്ച് ഒട്ടേറെ കടമ്പകൾ കടന്നാണ് ഈ പുരോഗതിയിലേക്ക് എത്തിയത്. 3 നിലയിൽ നിർമിക്കുന്ന കെട്ടിടത്തിൽ സർക്കിൾ ഓഫിസ്, ഇൻസ്പെക്ടർ ഓഫിസ്, ക്വാർട്ടേഴ്സ്, ലഹരിമുക്ത പദ്ധതി ഓഫിസ്, തൊണ്ടി മുറി എന്നിവ സജ്ജമാക്കും. മരാമത്ത് വകുപ്പിന്റെ ആർക്കിടെക്ചർ വിഭാഗമാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്. 2.96 കോടി രൂപയാണ് അടങ്കൽ. ഒരു വർഷമാണ് നിർമാണ കാലാവധി.
2020-ലെ സംസ്ഥാന ബജറ്റിൽ കെട്ടിടനിർമാണത്തിന് ടോക്കൺ പ്രൊവിഷൻ ലഭിച്ച പദ്ധതിയാണിത്. അന്ന് എക്സൈസ് മന്ത്രിയായിരുന്ന ടി.പി.രാമകൃഷ്ണൻ സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ തുടർ നടപടിയുണ്ടായില്ല. തുടർന്ന് പി.എസ്.സുപാൽ എംഎൽഎ മുൻകൈയെടുത്ത് രണ്ടരവർഷം മുൻപ് സമുച്ചയത്തിന്റെ ഡിസൈൻ പുതുക്കി സമർപ്പിച്ചു.
പദ്ധതിക്ക് അനുവദിച്ചതിൽ 20% തുക 2023–24ലെ ബജറ്റിൽ വകയിരുത്തുകയും ചെയ്തു. മണ്ണു പരിശോധന നടത്തിയതല്ലാതെ പിന്നീട് കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. നിലവിൽ എക്സൈസ് സർക്കിൾ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം ജീർണാവസ്ഥയിലാണ്. ഓടുമേഞ്ഞ മേൽക്കൂരയിൽ ടാർപോളിൻ വിരിച്ചാണ് ഇപ്പോൾ ചോർച്ച തടയുന്നത്. പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപമാണു പുതിയ സമുച്ചയം നിർമിക്കുന്നത്.