പുതിയ തലമുറ പൊളിറ്റിക്കലായി മാറണം: വി.ഡി.സതീശൻ

Mail This Article
കൊല്ലം ∙ പൊളിറ്റിക്കലായി മാറണമെന്നാണ് പുതിയ തലമുറയോട് പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിനർഥം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യം പുലർത്തണമെന്നോ അവർക്ക് വേണ്ടി പ്രവർത്തിക്കണമെന്നോ അല്ല. പൊളിറ്റിക്കൽ ആകാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമാവണമെന്നില്ല. രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ മുഴുവൻ പൊളിറ്റിക്കൽ ആണെന്ന അഭിപ്രായവുമില്ല. ഫാത്തിമ മാതാ കോളജിൽ ഫോർമർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഫ്എസ്എ) ആരംഭിച്ച ജെ.സണ്ണി ആൻഡ് മെൽക്കാമ്മ മെമ്മോറിയൽ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ ബോധമുണ്ടാവണമെന്നാണ് പൊളിറ്റിക്കൽ ആകുന്നതിന്റെ ആദ്യഘട്ടം. എതിർക്കാനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ ദിവസം നിയമസഭയിൽ പാസായ സ്വകാര്യ സർവകലാശാല ബില്ലിനോട് എല്ലാവരും യോജിച്ചെങ്കിലും കെ.കെ.രമ എംഎൽഎ വിയോജിപ്പ് രേഖപ്പെടുത്തിയത് അതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കോളജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ പ്രഫ. സിന്ധ്യ കാതറിൻ മൈക്കിൾ, വൈസ് പ്രിൻസിപ്പൽമാരായ പ്രഫ. എം.ആർ.ഷെല്ലി, ഡോ. ബിജു മാത്യു, ഇംഗ്ലിഷ് വകുപ്പ് മുൻ മേധാവി ഡോ. ജയ തെക്കയ്യം, ഡോ. സജു എന്നിവർ പ്രസംഗിച്ചു.