ജനസൗഹൃദ സംവിധാനങ്ങൾ: മാറ്റങ്ങളുമായി കലക്ടറേറ്റ്
Mail This Article
കൊല്ലം ∙ കലക്ടറേറ്റിന്റെ മുഖഛായയും പ്രതിഛായയും മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. കലക്ടർ എൻ.ദേവിദാസിന്റെ കാഴ്ചപ്പാടുകളുടെ ഭാഗമായാണ് മാറ്റങ്ങൾ വരുത്തുന്നത്. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റ്ഡൈസേഷന്റെ (ഐഎസ്ഒ) അംഗീകാരം നേടിയെടുക്കാൻ സഹായിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
∙ കാഴ്ചപരിമിതർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാരായ ജീവനക്കാർക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായി പ്രവേശിക്കാൻ തെക്കുവശത്തെ പ്രധാന കവാടത്തിന് സമീപം ടാക്റ്റൈൽ റാംപ് ഒരുക്കി.
∙ കുടിവെള്ളം ഉറപ്പുവരുത്താൻ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള കിയോസ്‌കുകൾ ഒരുക്കി.
∙ വനിതാ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഒന്നാം നിലയിലെയും രണ്ടാം നിലയിലെയും ശുചിമുറികളിൽ സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിക്കുകയും ഉപയോഗരീതി പ്രദർശിപ്പിക്കുകയും ചെയ്തു.
∙ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന റവന്യു ഓഫിസുകൾ എവിടെയാണെന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകും വിധം ദിശാ സൂചിക ബോർഡുകൾ സ്ഥാപിച്ചു. സേവനാവകാശ രേഖ, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും അപ്പീലുകളും സമർപ്പിക്കേണ്ട ഓഫിസ് മേലധികാരികളുടെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയും ബോർഡുകളുണ്ട്.
∙ റെക്കോർഡ് റൂമിൽ സൂക്ഷിച്ച എല്ലാ ഫയലുകളും ഡിജിറ്റൈസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ലഭ്യമാക്കാനും സൗകര്യമൊരുക്കി.
∙ ജോലിക്ക് ഹാജരുള്ളവരും അവധിയിലുള്ളവരുമായ ജീവനക്കാരെക്കുറിച്ച് പൊതുജനങ്ങൾക്ക് സെക്‌ഷനിൽ പ്രവേശിക്കാതെ തന്നെ മനസ്സിലാക്കാൻ അവരവരുടെ പദവികൾ ഉൾപ്പെടെ രേഖപ്പെടുത്തി ഇൻ/ഔട്ട് ബോർഡുകൾ എല്ലാ സെക്‌ഷനിലും ഒരുക്കിയിട്ടുണ്ട്.
∙ ഓരോ സെക്‌ഷനിലും ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ക്വാളിറ്റി സർക്കിൾ രൂപീകരിക്കുകയും അതിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ, റവന്യു വിഷയങ്ങളിൽ അവബോധം നൽകുന്നതിനായി നിശ്ചിത ഇടവേളകളിൽ പരിശീലനം നൽകുകയും ചെയ്യുന്നു.
∙ വിവിധ ആവശ്യങ്ങൾക്ക് കലക്ടറേറ്റിൽ എത്തുന്ന പൊതുജനങ്ങളിൽ നിന്ന് അവർക്ക് ലഭ്യമായ സേവനത്തെക്കുറിച്ചുള്ള വിലയിരുത്തൽ ഫോം പൂരിപ്പിച്ച് സൂക്ഷിക്കുകയും സമയബന്ധിത സേവനം ഉറപ്പുവരുത്തുകയും ചെയ്യും.
∙ സിവിൽ സ്റ്റേഷനിൽ അഗ്നിസുരക്ഷാ സംവിധാനം ഒരുക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.