രാക്കുളി തിരുനാൾ: മലയുന്ത് ഇന്ന്

Mail This Article
പാലാ ∙ കത്തീഡ്രൽ പള്ളിയിലെ രാക്കുളി (ദനഹാ) തിരുനാളിനോടനുബന്ധിച്ചുള്ള മലയുന്ത് ഇന്നു വൈകിട്ട് 6.15നു നടത്തും. രാവിലെ 5.30നു കുർബാന, നൊവേന. തുടർന്ന് തോമാശ്ലീഹയുടെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. 6.45നു കുർബാന, ലദീഞ്ഞ്- മാർ ജോസഫ് കൊല്ലംപറമ്പിൽ, 10നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്‍ കുർബാന അർപ്പിച്ച് സന്ദേശം നൽകും. രൂപതയിലെ നവവൈദികർ സഹകാർമികരാകും. 12നു കുർബാന, ലദീഞ്ഞ്.
4.30നു തിരുനാൾ കുർബാന, സന്ദേശം-ഫാമാത്യു വെണ്ണായിപ്പള്ളിൽ. 6.15നു മലയുന്തും തിരുനാൾ പ്രദക്ഷിണവും. 8.45നു കലാസന്ധ്യ, ഫ്യൂഷൻ പ്രോഗ്രാം, വർണ വിസ്മയം. നാളെ രാവിലെ 5.30നും 6.45നും കുർബാന, തുടർന്ന് ഒപ്പീസ്, തിരുസ്വരൂപ പുനഃപ്രതിഷ്ഠ.ഇന്നലെ വിവിധ സമയങ്ങളിൽ കുർബാനയും നൊവേനയും നടത്തി. വൈകിട്ട് മാർ ജോസഫ് സ്രാമ്പിക്കൽ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
തുടർന്ന് പൊൻ, വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രദക്ഷിണം നടത്തി. നൂറുകണക്കിനാളുകൾ പങ്കെടുത്തു. വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സഹവികാരിമാരായ ഫാ.ദേവസ്യാച്ചൻ വട്ടപ്പലം, ഫാ.ജോർജ് വടയാറ്റുകുഴി, ഫാ.ജോൺ കണ്ണന്താനം എന്നിവർ നേതൃത്വം നൽകി. തുടർന്ന് രാക്കുളി തിരുനാളിനെ അനുസ്മരിച്ച് യുവജനങ്ങൾ മീനച്ചിലാറ്റിലെ പള്ളിക്കടവിൽ മുങ്ങിക്കുളിച്ചു. ശിശുവധ ആവിഷ്കാരവും തുടർന്ന് കലാസന്ധ്യ അരങ്ങേറി.
കിഴതടിയൂർ കരക്കാരുടെ കരങ്ങളിൽ പൊങ്ങിക്കിടന്ന് മല മുന്നോട്ടും പിന്നോട്ടും നീങ്ങുന്ന മലയുന്ത് ചടങ്ങ് കാണാൻ നൂറുകണക്കിനു വിശ്വാസികൾ കത്തീഡ്രൽ പള്ളിയിൽ ഇന്ന് വൈകിട്ട് എത്തും. മലതള്ളൽ നടത്താനുള്ള അവകാശം നൂറ്റാണ്ടുകളായി കിഴതടിയൂർ കരക്കാരുടേതാണ്. ഒന്നര ടണ്ണിലേറെ ഭാരമുള്ള മല 1833ൽ കട്ടക്കയത്തിൽ യൗസേപ്പ് മൽപാനച്ചൻ വികാരിയായിരുന്ന കാലത്ത് നിർമിച്ചതാണ്. വായും പിളർന്നു നിൽക്കുന്ന കടുവ ആണ് മലയുടെ ഏറ്റവും മുൻപിൽ.
ഉണ്ണീശോയും വിശുദ്ധ യൗസേപ്പിതാവും പരിശുദ്ധ കന്യകാമറിയവും മാലാഖമാരും 3 രാജാക്കന്മാരും ഇടയന്മാരും ആടുകളും മൃഗങ്ങളും വിലക്കപ്പെട്ട കനിയുമെല്ലാം മലയിലുണ്ട്. പൂജരാജാക്കന്മാർക്ക് വഴികാട്ടിയ നക്ഷത്രം മലയുടെ മുകളിൽ ചിത്രീകരിച്ചിട്ടുണ്ട്.