ബിഎസ്എൻഎൽ കവറേജ് തെല്ലും ലഭിക്കുന്നില്ല; പാലായും പരിസരവും പരിധിക്ക് പുറത്ത്

Mail This Article
പാലാ ∙ ബിഎസ്എൻഎൽ മൊബൈൽ കവറേജ് ലഭിക്കാതെ ഉപയോക്താക്കൾ ബുദ്ധിമുട്ടുന്നു. സ്വകാര്യ മൊബൈൽ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് ബിഎസ്എൻഎൽ അധികൃതർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തം. മാസങ്ങളായി മൊബൈൽ കവറേജ് ലഭിക്കാത്ത സ്ഥിതിയാണ്. ബിഎസ്എൻഎൽ 4 ജി ആക്കുന്നതിനുള്ള നടപടികൾ നടത്തുന്നതാണു സിഗ്നൽ ലഭിക്കാത്തതിനു കാരണമായി അധികൃതർ പറയുന്നത്. എന്നാൽ നാളുകളായി ഫോൺ വിളിച്ചാൽ ലഭിക്കാത്ത അവസ്ഥയാണ്.
ഭരണങ്ങാനം, ചൂണ്ടച്ചേരി, ഇടമറ്റം, പ്രവിത്താനം, വലവൂർ, കുടക്കച്ചിറ, പാലയ്ക്കാട്ടുമല, ആണ്ടൂർ, മരങ്ങാട്ടുപിള്ളി, വള്ളിച്ചിറ, കരൂർ, കടനാട്, കാവുംകണ്ടം, പാളയം, പടിഞ്ഞാറ്റിൻകര, കൊഴുവനാൽ, കെഴുവംകുളം തുടങ്ങിയ സ്ഥലങ്ങളിലൊന്നും മാസങ്ങളായി മൊബൈൽ കവറേജ് ലഭിക്കുന്നില്ല. കോളജ് വിദ്യാർഥികൾക്കും ഉപരിപഠനം നടത്തുന്നവർക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനും സാധിക്കാത്ത അവസ്ഥയാണ്. വീടുകളിൽ ഇരുന്നു ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും അതിനു കഴിയുന്നില്ല.
ഫോൺ കോളുകൾ പോകാതിരിക്കുക, സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കട്ട് ആകുക, നെറ്റ് കണക്‌ഷൻ പൂർണമായും ലഭിക്കാതിരിക്കുക തുടങ്ങിയവയൊക്കെയാണ് ഇപ്പോഴത്തെ അവസ്ഥ. ഫോൺ വിളിക്കുമ്പോൾ പരിധിക്ക് പുറത്താണ്, ഇപ്പോൾ പ്രതികരിക്കുന്നില്ല എന്ന മറുപടികളും പതിവ്. ടവറിനു ചുവട്ടിൽ നിന്നാലും പരിധിക്ക് പുറത്താണ് എന്നാണ് പറയുന്നത്. ബിഎസ്എൻഎൽ മൊബൈൽ കവറേജ് ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.