കടയിൽനിന്ന് പുറത്തിറങ്ങി നോക്കിയ ശിഹാബും കലേഷും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
Mail This Article
നിലമ്പൂർ∙ വാഹനങ്ങൾ കൂട്ടിയിടിച്ച ശബ്ദത്തിനൊപ്പം ആർത്തനാദം കേട്ട് താളിപ്പൊയിലിലെ കടയിൽനിന്ന് പുറത്തിറങ്ങി നോക്കിയ തേനൂട്ടികല്ലിങ്ങൽ ശിഹാബും കലേഷും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. റോഡിൽ നിർത്തിയ ബസിന്റെ മുൻ ചക്രത്തിൽ കുടുങ്ങി പിടയുന്ന യുവാവ്. 2 കുട്ടികളും യുവതിയും റോഡിൽ വീണുകിടക്കുന്നു. അടുത്തായി ബൈക്കും കിടപ്പുണ്ട്. ഡ്രൈവറും യാത്രക്കാരും ബസിൽ സ്തംഭിച്ചിരിക്കയാണ്. യുവാവിന്റെ അരഭാഗം ചക്രത്തിൽ കുടുങ്ങി, മുന്നോട്ട് വലിച്ചുകൊണ്ടുവന്ന നിലയിലായിരുന്നു. തലയിൽ ഹെൽമറ്റ് ഉണ്ടായിരുന്നു. ഓടിയെത്തിയ ശിഹാബ് ബസ് പിന്നോട്ടെടുക്കാൻ നിർദേശിച്ചു. യുവാവിനെ പുറത്തെടുത്തു. അപ്പോൾ പാതി അബോധാസ്ഥയിലായിരുന്നു.
ബസ് ജീവനക്കാരും ചേർന്ന് 4 പേരെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുമ്പെടുമ്പോഴാണ് ബൈക്കിനു പിന്നാലെ വന്ന കാറിലുണ്ടായിന്നവർ അപകടത്തിൽപെട്ടത് ബന്ധുക്കളാണെന്ന് തിരിച്ചറിഞ്ഞത്. തങ്ങളുടെ കാറിലും മറ്റൊരു വാഹനത്തിലും പരുക്കേറ്റ അഷ്റഫിനെയും ഭാര്യയെയും മക്കളെയും കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമചികിത്സ നൽകുമ്പോള്‍ അഷ്റഫ്, ഭാര്യയുടെയും കുട്ടികളുടെയും വിവരം അന്വേഷിക്കുന്നുണ്ടായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അഷ്റഫിന്റെ നില കൂടുതൽ മോശമായി. വഴിമധ്യേ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു,
ബൈക്ക് താളിപ്പൊയിൽ വളവ് തിരിഞ്ഞ് ഇറക്കം ഇറങ്ങുമ്പോഴാണ് അപകടം. സ്വകാര്യ ബസ് എതിർ ദിശയിൽനിന്ന് കയറ്റം കയറിവരികയായിരുന്നു. ഇരു വാഹനങ്ങളും അവരവരുടെ വശങ്ങളിലാണ് സഞ്ചരിച്ചതെന്ന് പറയുന്നു. കൂട്ടിയിടിച്ച ശേഷം ബൈക്ക് ഇടതുവശത്തേക്കും അഷ്റഫ് ബസിന്റെ മുന്നിലേക്കും വീണു. കുട്ടികളിൽ ഒരാൾ ബസിനടിയിലേക്കു തെറിച്ചതായി കലേഷ് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് ചക്രം കയറാതിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഡ്രൈവറുടെ ഇരിപ്പിടത്തിനടുത്ത് ബസിന്റെ മുൻ ഭാഗം തകർന്നു. റോഡരികിലേക്ക് മാറ്റിയ ബൈക്കിനു സമീപം അഷ്റഫ്, ഭാര്യ റിൻസിയ എന്നിവരുടെ ചെരുപ്പുകൾ കിടക്കുന്നത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. അപകടം ഉണ്ടായ ഉടനെ ബസ് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ചക്രം ഉരഞ്ഞുണ്ടായ അടയാളം റോഡിൽ 15 മീറ്ററോളം നീളത്തിൽ കാണാം. ബസ് നിർത്തിയിടത്ത് നിരത്തിൽ അഷ്റഫിന്റെ രക്തക്കറയും ഉണ്ട്.
അപകടം റിൻസിയയുടെ വീട്ടിൽ വിരുന്നിന് പോകവെ
എടവണ്ണ ഒതായി തയ്യിൽ മുഹമ്മദ് അഷ്റഫ് (35) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറാണ്. ഭാര്യ റിൻസിയ (27) മക്കൾ ജന്ന ഫാത്തിമ(ആറര), നിസ്‌ല ഫാത്തിമ (ഒന്നര) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുങ്കത്തറ കുറുമ്പലങ്ങാേട് റിൻസിയയുടെ വീട്ടിൽ വിരുന്നിന് പോകവെ ഇന്നലെ ഉച്ചയ്ക്ക് 12ന് താളിപ്പൊയിൽ വളവിലെ ഇറക്കത്തിലാണ് അപകടം. നിലമ്പൂരിൽനിന്ന് അരീക്കോട്ടേക്ക് പോയ ബസുമായാണ് കൂട്ടിയിടിച്ചത്. ഡ്രൈവറുടെ ഭാഗത്തെ ചക്രത്തിൽ കുടുങ്ങിയ അഷ്റഫിനെ 20 മീറ്ററോളം ദൂരം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് ബസ് നിന്നത്. ബസ് പിന്നോട്ടെടുത്ത് അഷ്റഫിനെ പുറത്തെടുത്തു. തൊട്ടുപിന്നാലെ എത്തിയ ബന്ധുക്കളുടെ കാറിൽ എല്ലാവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടേക്ക് കൊണ്ടു പോകവെ അഷ്റഫ് മരിച്ചു. കബറടക്കം ഇന്ന് ഒതായി ജുമാ മസ്ജിദിൽ.
സ്ഥിരം അപകടമേഖല
കെഎൻജി പാതയിൽ താളിപ്പൊയിൽ ഭാഗം പതിവായി വാഹനാപകടങ്ങൾ സംഭവിക്കുന്ന മേഖലയാണ്. ഒട്ടേറെപ്പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. പരുക്കേറ്റവർക്ക് കണക്കുമില്ല. മാസങ്ങൾക്കു മുൻപ് ആംബുലൻസ് ഇടിച്ച് അതിഥിത്തൊഴിലാളി മരിച്ചു. വളവ് നിവർത്തുകയാണ് പരിഹാര മാർഗം. അപകട മുന്നറിയിപ്പ് ബോർഡ് പോലും അധികൃതർ സ്ഥാപിച്ചിട്ടില്ല.