ADVERTISEMENT

ആടിനെ വളർത്തി വരുമാനം കണ്ടെത്തി പഠനം നടത്തുകയാണ് പ്ലസ്ടു വിദ്യാർഥി മുഹമ്മദ് ഫൈസാൻ. കൊടിഞ്ഞി തിരുത്തി സ്വദേശി മറ്റത്ത് അബ്ദുസ്സമദിന്റെയും ക്ഷീരകർഷകയായ ശരീഫയുടെയും മകനാണ് ഈ കുട്ടിക്കർഷകൻ. ചെറുപ്പം മുതൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും 8 –ാം ക്ലാസ് മുതലാണ് ആടുവളർത്തൽ ആരംഭിച്ചത്. സ്ഥിരമായി രക്ഷിതാക്കളോട് ആഗ്രഹം പറഞ്ഞപ്പോൾ, വീട്ടുകാരും ബന്ധുക്കളും നൽകിയ പണം ഉപയോഗിച്ച് 2 ആടിനെ വാങ്ങിയാണ് ഫൈസാൻ തുടങ്ങിയത്. ഇപ്പോൾ 15 ആടുകളിൽ എത്തിനിൽക്കുന്നു.

മലബാറി ആടുകളെയാണ് വളർത്തുന്നത്. പ്രതിരോധശേഷി കൂടുതലാണ് ഇത്തരം ആടുകൾക്ക്. തീറ്റ വളരെ കുറച്ചു മതി എന്നതാണ് പ്രത്യേകത. ഇവിടത്തെ കാലാവസ്ഥയ്ക്ക് യോജിച്ചതുമാണ്. പ്രത്യുൽപാദനശേഷിയും കൂടുതലാണ്. പാലുൽപാദനത്തിലും മികവുറ്റതാണ്. ആട്ടിൻകാഷ്ഠം ഉണക്കിപ്പൊടിച്ചു വളമാക്കി വിൽപന നടത്തിയും ഫൈസാൻ വരുമാനം കണ്ടെത്തി. ഈ തുക ഉപയോഗിച്ചാണ് ആടുകൾക്കുള്ള തീറ്റ വാങ്ങുന്നത്. ആടു വളർത്തലിൽനിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ച്, ഉമ്മയ്ക്ക് പശുഫാം ആരംഭിക്കാൻ സഹായിക്കുകയും ചെയ്തു. 

തെയ്യാലിങ്ങൽ എസ്എസ്എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ്  വിദ്യാർഥിയാണ് ഫൈസാൻ. പഠനത്തിനിടെ ലഭിക്കുന്ന ഒഴിവുസമയത്താണ് ആടിനെ പരിപാലിക്കുന്നത്. ആടുകളുടെ എണ്ണം വർധിപ്പിച്ചു വലിയ ഫാം ആരംഭിക്കാനാണ് ലക്ഷ്യം. ഉമ്മ ശരീഫയും മികച്ച ക്ഷീരകർഷകയാണ്. പാൽ കൊണ്ടുള്ള ഉൽപന്നങ്ങളും നിർമിക്കുന്നുണ്ട്. ഫാഷൻ ഡിസൈനിങ് രംഗത്തുനിന്നാണ് ഇവർ ക്ഷീരകർഷകയാകുന്നത്. ഫൈസാന്റെ മൂത്ത സഹോദരൻ മുഹമ്മദ് ഫായിസിനും കൃഷിയിൽ താൽപര്യമുണ്ട്. കാളയെ വളർത്തുന്നുണ്ട്. ബിടെക് കഴിഞ്ഞ ഫായിസ് കാളപൂട്ട് ഹരമായി കൊണ്ടുനടക്കുകയാണ്. സഹോദരി മെഹറിന് കോഴിവളർത്തലിലാണ് താൽപര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com