‘ഈ ബസ് ഇല്ലാത്ത നാളുകൾ ചിന്തിക്കാൻ കഴിയുന്നില്ല'; ഹൃദയത്തിലോടുന്നു, ഈ ആനവണ്ടി

Mail This Article
തേഞ്ഞിപ്പലം ∙ ഒട്ടേറെപ്പേരുടെ ജീവിതയാത്രയിൽ കൂട്ടായിരുന്ന ഒരു കെഎസ്ആർടിസി ബസ്. വിനോദയാത്ര, ജന്മദിനാഘോഷം തുടങ്ങി ആഘോഷം എന്തുമാകട്ടെ, ആശ്രയം ഇവൻ തന്നെ. തിരുവമ്പാടി– ഓമശ്ശേരി– മുക്കം– തൊണ്ടയാട് വഴി രാവിലെ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലേക്കും വൈകിട്ട് തിരിച്ചും സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനാണ് ഈ പ്രത്യേക സ്ഥാനം.കോവിഡിന് മുൻപേ സർവീസ് തുടങ്ങിയ ബസാണ്. കോവിഡ് കാലത്ത് യൂണിവേഴ്സിറ്റി ജീവനക്കാർക്കുള്ള ബോണ്ട് സർവീസ് ആയിരുന്നു. ഇപ്പോൾ യാത്രയ്ക്കിടെ ആർക്കും കയറാം. യൂണിവേഴ്സിറ്റി ജീവനക്കാരിൽ 50 പേർ ഈ ബസിനെ ആശ്രയിക്കുന്നവരാണ്.
ബസിലെ സ്ഥിരം യാത്രക്കാരായ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ വിരമിക്കുമ്പോൾ ബസിൽ യാത്രയയപ്പ് സമ്മേളനം ഒരുക്കാറുണ്ട്. ബസിലെ യാത്രക്കാർ ഈ ബസ് വാടകയ്ക്കെടുത്ത് വയനാട്, ആനക്കാംപൊയിൽ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയിരുന്നു. പാട്ടും മധുരപലഹാര വിതരണവും മറ്റുമായി പല ദിവസങ്ങളിലും ആഘോഷ വേളകളാണ് ബസിനകത്ത്. പെരിന്തൽമണ്ണ, തൊട്ടിൽപാലം എന്നിവിടങ്ങളിൽ നിന്ന് നേരത്തെ യൂണിവേഴ്സിറ്റിയിലേക്ക് ഓരോ കെഎസ്ആർടിസി ബസുകൾ ഉണ്ടായിരുന്നു. കോവിഡ് കാലത്ത് ആ 2 ബസുകളും നിലച്ചു.
തിരുവമ്പാടിയിൽ നിന്നുള്ള ബസ് മാത്രം ‘കോവിഡ്’ ബാധിക്കാതെ ഇപ്പോഴും യാത്ര തുടരുന്നതിൽ പതിവ് യാത്രക്കാരായ പലരും സന്തുഷ്ടരാണ്. വാട്സാപ് ഗ്രൂപ്പ് വഴി ബന്ധപ്പെട്ടും മറ്റും ബസിൽ നിത്യേന പരമാവധി ആളുകളെ ഉറപ്പാക്കും. ജീവനക്കാരും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ പതിവു യാത്രക്കാരാണ്. ഓഫിസ് അവധി ദിവസങ്ങളിൽ ബസിനും അവധിയാണ്. ‘ഈ ബസ് ഇല്ലാത്ത നാളുകൾ തങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നില്ല. പല ബസുകൾ കയറി ഇറങ്ങി യൂണിവേഴ്സിറ്റിയിലും തിരിച്ച് വീട്ടിലും എത്തുന്നതും ഓർക്കാൻ വയ്യ.’– യാത്രക്കാരിൽ ഒരാൾ പറഞ്ഞു.
രാവിലെ 7.45ന് തിരുവമ്പാടിയിൽ നിന്ന് പുറപ്പെട്ട് 9.55ന് യൂണിവേഴ്സിറ്റിയിൽ എത്തുന്ന ബസാണ്. ഈ ബസ് സർവീസ് തുടങ്ങും മുൻപ് പുലർച്ചെ വീട്ടിൽ നിന്നിറങ്ങി ഇരുട്ടിയ ശേഷം തിരിച്ചെത്തുന്ന സാഹചര്യമായിരുന്നു പലർക്കും. രാവിലെ യൂണിവേഴ്സിറ്റിയിൽ എത്തുന്ന ബസ് അവിടെ നിർത്തിയിട്ട ശേഷം വൈകിട്ടാണ് യാത്രക്കാരുമായി മടക്കം. നേരത്തെ രാവിലെ 10ന് ശേഷം യൂണിവേഴ്സിറ്റിയിൽ നിന്ന് കുന്നമംഗലത്തേക്കും വൈകിട്ട് യൂണിവേഴ്സിറ്റിയിലേക്കും ഒരു അധിക ട്രിപ് ഉണ്ടായിരുന്നു.