അമ്പുട്ടാൻപൊട്ടിയിൽ കൊമ്പന്റെ പരാക്രമം; രാത്രി 8ന് എത്തിയ കൊമ്പൻ മടങ്ങിയത് പുലർച്ചെ 5ന്

Mail This Article
പോത്തുകല്ല് ∙ വീടുകളുടെ പരിസരങ്ങളിലെത്തി ഭീതി പരത്തിയും വ്യാപകമായി കൃഷി നശിപ്പിച്ചും കാട്ടുകൊമ്പൻ നാട്ടിൽ തന്നെ. അമ്പുട്ടാൻപൊട്ടി ജനവാസ കേന്ദ്രത്തിലെത്തിലാണ് കഴിഞ്ഞദിവസം രാത്രിയിൽ കൊമ്പനെത്തിയത്. കുത്തുകല്ലിങ്ങൽ അമ്മിണി, റിജോ മണിമലപറമ്പിൽ, മത്തായി മണിമല പറമ്പിൽ, വെട്ടിപ്പറമ്പത്ത് ഷൗക്കത്ത്, കാപ്പിൽ മാർത്ത റജി തുടങ്ങിയവരുടെ വീടുകളുടെ പരിസരങ്ങളിലെത്തിയാണ് ആന ഭീതി പരത്തിയത്.

തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകളും നശിപ്പിച്ചു. രാത്രി എട്ടോടെ എത്തിയ കൊമ്പൻ പുലർച്ചെ അഞ്ചിനാണ് കാട്ടിലേക്കു മടങ്ങിയത്. തലേദിവസം വെളുമ്പിയാപാടം ജനവാസ കേന്ദ്രത്തിലായിരുന്നു കൊമ്പന്റെ പരാക്രമം. പഞ്ചായത്ത് അംഗം എം.എ.തോമസും പോത്തുകല്ല് ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലം സന്ദർശിച്ചു. കൊമ്പൻ ജനവാസ കേന്ദ്രങ്ങളിൽ പതിവായെത്താൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. നാട്ടുകാർ ഭീതിയിലാണു കഴിയുന്നത്.
നടപടി ആവശ്യപ്പെട്ട് യുഡിഎഫ്
പോത്തുകല്ല് പ്രദേശത്ത് ജനങ്ങളുടെ ജീവന് ഭീഷണിയായ കൊമ്പനെ കാട്ടിലേക്കു തുരത്താൻ നടപടി വേണമെന്ന് യുഡിഎഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.നാസർ സ്രാമ്പിക്കൽ, സലൂബ് ജലീൽ, കെ.റുബീന, കെ.ഷറഫുന്നീസ എന്നിവരടങ്ങുന്ന ജനപ്രതിനിധികൾ പോത്തുകല്ല് വനം സ്റ്റേഷനിൽ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വിനോദ് കൃഷ്ണയുമായി ചർച്ച നടത്തി. കൊമ്പനെ തുരത്താൻ ആർആർടിയെ നിയോഗിക്കുമെന്നും തകരാറിലായ ഫെൻസിങ് അടുത്തദിവസം തന്നെ നന്നാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കൊമ്പനെ കാട്ടിലേക്കു മടക്കിയില്ലെങ്കിൽ വനം സ്റ്റേഷനിൽ കുത്തിയിരിപ്പു സമരം നടത്താനാണു തീരുമാനമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.