എസ്ജിഎൻപിയിൽ സിംഹക്കുട്ടി പിറന്നു; 14 വർഷത്തിന് ശേഷം

Mail This Article
മുംബൈ∙ സഞ്ജയ് ഗാന്ധി ദേശീയ പാർക്കിൽ (എസ്ജിഎൻപി) 14 വർഷത്തിന് ശേഷം സിംഹക്കുഞ്ഞ് ജനിച്ചു. ‘കാപ്റ്റീവ് ബ്രീഡിങ്’ പ്രോഗ്രാമിന്റെ ഭാഗമായി പാർക്കിൽ വളർത്തുന്ന മാനസിയെന്ന സിംഹമാണ് പ്രസവിച്ചത്. ജീവികളുടെ നിലനിൽപിനാവശ്യമായ സാഹചര്യങ്ങളൊരുക്കി അവയെ വളർത്തുന്ന രീതിയാണ് കാപ്റ്റീവ് ബ്രീഡിങ്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ മാർഗനിർദേശപ്രകാരം മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി 2 കടുവകൾക്ക് പകരമാണ് കഴിഞ്ഞ വർഷം മാനസ്, മാനസി എന്നീ സിംഹങ്ങൾ എസ്ജിഎൻപിയിൽ എത്തിയത്. അമ്മയും കുഞ്ഞും ഡോ. വിനായക ജാങ്കാളിന്റെ നേതൃത്വത്തിലുള്ള പരിചാരക സംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ഡോക്ടർ അറിയിച്ചു. ഇതോടെ സിംഹങ്ങളുടെ എണ്ണം 3 ആയി.