കാൽപന്തുകളിയിലെ കൊച്ചുമിടുക്കി
Mail This Article
ന്യൂഡൽഹി ∙ ഡൽഹി പെൺകുട്ടികളുടെ സബ്ജൂനിയർ ഫുട്ബോൾ ടീമിന്റെ തലപ്പത്തെത്തിയിരിക്കുകയാണ് രാജക്കാടുകാരി അലിഷ ജോമി. ചുരുങ്ങിയ കാലംകൊണ്ട് സ്കൂൾതല മത്സരങ്ങൾ മുതൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച ഖേലോ ഇന്ത്യ ലീഗ് മത്സരങ്ങളിൽ വരെ പന്ത് തട്ടി മുന്നേറിയാണ് അലിഷ ക്യാപ്റ്റൻ പദവി കൈവരിച്ചിരിക്കുന്നത്.
ഫുട്ബോളറും കോച്ചുമായ മുതിർന്ന സഹോദരൻ അലനാണ് അലിഷയുടെ പ്രചോദനം. ആദ്യം പന്തുരുട്ടാൻ പഠിപ്പിച്ചതും ഇപ്പോൾ ഗുരുസ്ഥാനത്തും അലിഷയ്ക്കൊപ്പം അലനുണ്ട്. കോവിഡ് കാലത്തെ ബോറടി മാറ്റാൻ തുടങ്ങിയ ശീലം പിന്നീട് കാര്യമാകുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ, രാജ്യതലസ്ഥാനത്തെ ഫുട്ബോൾ മൈതാനങ്ങളിൽ ചീറിപാഞ്ഞ് എതിരാളികൾക്ക് പ്രതിരോധം തീർത്ത അലിഷയിലെ കായികതാരത്തെ തിരിച്ചറിഞ്ഞ അലൻ, ഡിഫൻഡറായി പരിശീലനം നൽകുകയായിരുന്നു.
അലൻ കോച്ചായുള്ള ലജ്പത് നഗറിലെ ബൈചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂളിന്റെ സഹോദരസ്ഥാപനമായ ഗഡ്‌വാൽ യുണൈറ്റഡിലാണ് അലിഷ നിലവിൽ ഫുട്ബോൾ പരിശീലിക്കുന്നത്. ക്ലബ് മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലുമെല്ലാം സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതിൽ അവസാനത്തേത് കഴിഞ്ഞയാഴ്ച ബംഗാളിൽ നടന്ന ദേശീയ സബ്ജൂനിയർ മത്സരമാണ്.
സഫ്ദർജങ് സെന്റ് മേരീസ് സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിനിയാണ് അലിഷ. ഇടുക്കി രാജാക്കാട് സ്വദേശിയും ഓഖ്‌ലയിലെ താമസക്കാരനുമായ ജോമി ഏബ്രഹാം (കേരള സ്റ്റോർ), ഷിജി ജോമി (ഫോർട്ടിസ് ആശുപത്രിയിലെ നഴ്സ്) എന്നിവരാണ് മാതാപിതാക്കൾ. സഹോദരി അലീന ജീസസ് ആൻഡ് മേരി കോളജിൽ ബിഎ സൈക്കോളജി വിദ്യാർഥിയാണ്.