എത്തുക മോഷ്ടിച്ച ബൈക്കിൽ, ഒരിടത്തു മാല പൊട്ടിച്ചാൽ ആ ബൈക്ക് ഉപേക്ഷിക്കും

Mail This Article
ആലത്തൂർ ∙ സംസ്ഥാനാന്തര കവർച്ച സംഘത്തിലെ പ്രധാനി പൊലീസ് വലയിലായി. കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രയിലെയും വിവിധ ജില്ലകളിൽനിന്നു മോഷ്ടിച്ച ബൈക്കുകളുമായി കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനിയായ വടകര ഓർക്കട്ടറി അനീഷ് ബാബുവിനെയാണ് (40) ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വടകരയ്ക്കടുത്തു നിന്നാണ് ഇയാളെ ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്.
പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രഭാത നടത്തത്തിനിടെ ബേക്കറി ഉടമയുടെ കഴുത്തിൽനിന്ന് പത്തരപ്പവന്റെ മാലയും ആലത്തൂർ ഇരട്ടക്കുളം ചീകോടിൽ ബസ് കാത്തുനിന്ന യുവതിയുടെ 5 പവന്റെ മാലയും പൊട്ടിച്ചെടുത്ത സംഭവത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈഎസ്പി കെ.എം.ദേവസ്യ എന്നിവരുടെ നിർദേശത്തെതുടർന്ന് എസ്എച്ച്ഒ ജെ.മാത്യു, പ്രിൻസിപ്പൽ എസ്ഐ എം.ആർ.അരുൺകുമാർ എന്നിവർ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരായി എസ്ഐമാരായ സി.ഗിരീഷ്കുമാർ, കെ.എ.ഫ്രാൻസിസ്, ഡ്രൈവർ എസ്‌സിപിഒ സുഭാഷ്, സൈബർ സെൽ ഉദ്യോഗസ്ഥരായ വിനു, ഷാജഹാൻ, സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, നൗഷാദ്, സൂരജ്ബാബു, ദിലീപ്, വിനീഷ്, രഘു എന്നിവരാണ് അൻപതോളം സിസിടിവികൾ അടക്കം പരിശോധിച്ച് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ മുൻകാലങ്ങളിൽ ഇത്തരം ഒട്ടേറെ കളവുകൾ നടത്തിയവരെ നേരിട്ടും അല്ലാതെയും നിരീക്ഷണം നടത്തി പ്രതിയെ പിടികൂടിയത്.
എത്തുക മോഷ്ടിച്ച ബൈക്കിൽ, ഒരിടത്തു മാല പൊട്ടിച്ചാൽ ആ ബൈക്ക് ഉപേക്ഷിക്കും
ഓരോ ജില്ലയിലെയും പ്രധാന കേന്ദ്രങ്ങളിൽനിന്നു ബൈക്ക് മോഷ്ടിച്ച് ചുറ്റുമുള്ള പ്രദേശങ്ങളിൽ കറങ്ങിനടന്ന് മാലകൾ പൊട്ടിച്ചെടുത്തതിനു ശേഷം ബൈക്ക് ഉപേക്ഷിച്ച് അടുത്ത കേന്ദ്രത്തിലേക്കു മുങ്ങുകയാണ് അനീഷിന്റെ രീതി. മോഷണം കൂടാതെ വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികൂടിയാണ് അനീഷ്. പാലക്കാടും ആലത്തൂരും കവർച്ച നടന്നതിന്റെ 5ാം ദിവസം പ്രതിയെ പിടികൂടാനായത് പൊലീസിന് ആശ്വാസമായി.
കഴിഞ്ഞ 14, 15 തീയതികളിലായിരുന്നു ഈ രണ്ടിടത്തെയും മാല മോഷണം. കൂട്ടുപ്രതികളായ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. വിവിധ സ്റ്റേഷൻ പരിധികളിൽ പതിനഞ്ചോളം കവർച്ചാ കേസുകൾ അനീഷിന്റെ പേരിലുണ്ട്. ബൈക്കിൽ ഇയാളെ കൂടാതെ ഒരാൾ കൂടി ഉണ്ടാകും. രണ്ടംഗ സംഘമാണ് ബൈക്കിലെത്തി മാല മോഷ്ടിക്കുന്നത്. പിടികൂടാനുള്ള രണ്ടു പേർക്കായി അന്വേഷണം ഊർജിതമാക്കി.
തൃശൂർ, ചാലക്കുടി, മണ്ണുത്തി, വടകര, തമിഴ്നാടിന്റെ പ്രദേശങ്ങളായ ജ്വാലാർപേട്ട്, സേലം, കോയമ്പത്തൂർ, മധുക്കര, ഒറ്റക്കൽ മണ്ഡപം, ആന്ധ്രയിലെ വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മറ്റു കളവുകൾ നടത്തിയിട്ടുള്ളത്. ബൈക്കുകളിൽ എത്തി മാല മോഷ്ടിച്ച ഉടനെ കേരളത്തിൽനിന്നു മോഷ്ടിച്ച ബൈക്ക് തമിഴ്നാടിന്റെ ഉൾപ്രദേശങ്ങളിൽ ഉപേക്ഷിച്ച് ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലേക്കു പോവുകയാണ് ഇയാളുടെ രീതി. വളരെ കാലമായി മറ്റു സംസ്ഥാനങ്ങളിലെയും കേരളത്തിലെ മറ്റ് ജില്ലകളിലെയും പ്രത്യേക സംഘങ്ങൾ അനീഷ് ബാബുവിനെ അന്വേഷിക്കുകയായിരുന്നു. എം.ആർ.അരുൺകുമാറിനായിരുന്നു ആലത്തൂരിലെ അന്വേഷണ ചുമതല.