സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനോട് അവഗണന
Mail This Article
ഒറ്റപ്പാലം ∙ പേരും പെരുമയുമുള്ള നാടാണ് ഒറ്റപ്പാലം. മഹാരഥന്മാരുടെ നാടെന്നാണു വിശേഷണം. ബ്രിട്ടിഷ് ഭരണകാലത്ത് വൈസ്രോയീസ് കൗൺസിലിൽ എക്സിക്യൂട്ടീവ് അംഗമായിരുന്ന ചേറ്റൂർ ശങ്കരൻ നായർക്കു വേണ്ടി ഒരു ട്രെയിൻ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കാത്തുകിടന്നിരുന്നെന്നു ചരിത്രം. ഇപ്പോൾ അവഗണനയുടെ മറുപേരാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ. ഒരു ഭാഗത്തു സ്റ്റേഷൻ മുഖം മിനുക്കുമ്പോൾ മറുഭാഗത്തു യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നു. പ്രത്യേകിച്ചു ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിലാണു റെയിൽവേയുടെ അവഗണന.
എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് ട്രെയിനിന് ഒറ്റപ്പാലം സ്റ്റേഷനിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തോടു മുഖം തിരിച്ചിരിക്കുകയാണ് അധികൃതർ. വർഷങ്ങൾക്കു മുൻപു ടീ ഗാർഡൻ എന്നറിയപ്പെട്ടിരുന്ന ഈ ട്രെയിനിനു നേരത്തെ ഇവിടെ സ്റ്റോപ്പുണ്ടായിരുന്നതാണ്. കോവിഡ് കാലത്തു നിർത്തിവച്ച ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച ഘട്ടത്തിലാണു ട്രെയിനിന് ഇവിടെ സ്റ്റോപ്പ് നിഷേധിച്ചത്.
എറണാകുളം ഭാഗത്തുനിന്നുള്ള രാത്രി യാത്രക്കാർക്കു പുലർച്ചെ ഒരുമണിയോടെ ഒറ്റപ്പാലത്തെത്താൻ സൗകര്യപ്രദമായ ട്രെയിനാണു കാരയ്ക്കൽ എക്സ്പ്രസ്. 1944ൽ സർവീസ് തുടങ്ങിയതെന്നു പറയപ്പെടുന്ന ടീ ഗാർഡൻ എക്സ്പ്രസിന് കോവിഡ് കാലം വരെ ഒറ്റപ്പാലത്തു സ്റ്റോപ്പുണ്ടായിരുന്നു. ഇതു നിർത്തലാക്കിയതോടെ എറണാകുളം ഭാഗത്തുനിന്നുള്ള രാത്രി യാത്രക്കാർക്ക് ഒറ്റപ്പാലത്തെത്താൻ ആശ്രയിക്കാവുന്നത് പുലർച്ചെ മൂന്നിനെത്തുന്ന അമൃത എക്സ്പ്രസ് മാത്രം.
ഒറ്റപ്പാലം വഴി ഒട്ടേറെ ട്രെയിനുകൾ കടന്നുപോകുന്നുണ്ടെങ്കിലും പലതിനും ഇവിടെ സ്റ്റോപ്പില്ല. എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ ഒറ്റപ്പാലത്തെ അവഗണിച്ചു പോകുന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. വൈകിട്ട് 4.30നുള്ള പാലരുവി എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ 5 മണിക്കൂറിനു ശേഷമെത്തുന്ന അമൃത എക്സ്പ്രസ് മാത്രമാണ് തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ആശ്രയം.