ചികിത്സ നൽകിയില്ലെന്ന പരാതി; ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഡോക്ടറോടു വിശദീകരണം തേടി
Mail This Article
ഒറ്റപ്പാലം∙ മുൻ ജനപ്രതിനിധി കൂടിയായ രോഗിക്കു താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ സൂപ്രണ്ട് ആരോപണ വിധേയനായ ഡോക്ടറോടു വിശദീകരണം തേടി. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) അംഗവും നഗരസഭാ മുൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.ബി.ശശികുമാറിന്റെ പരാതിയിലാണു നടപടി. സംഭവം നടന്ന 22നു രാത്രി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോടാണു സൂപ്രണ്ട് ഡോ. അഹമ്മദ് അഫ്സൽ വിശദീകരണം തേടിയത്. മറുപടി തൃപ്തികരമല്ലെങ്കിൽ ജില്ലാ മെഡിക്കൽ ഓഫിസർക്കു കൈമാറുമെന്നു സൂപ്രണ്ട് അറിയിച്ചു. അതേസമയം, എല്ലാവർക്കും സാധ്യമായ നിലയിൽ ചികിത്സ നൽകണമെന്ന് ആരോപണ വിധേയനായ ഡോക്ടർക്കു കർശന നിർദേശം നൽകിയതായും അദ്ദേഹം വിശദീകരിച്ചു.
ശ്വാസതടസ്സവും ചുമയും കഫക്കെട്ടും ബാധിച്ചെത്തിയ തന്നെ, കൃത്യമായി പരിശോധിക്കാതെ പേരിനു ചില മരുന്നുകൾ എഴുതി നൽകി തിരിച്ചയച്ചെന്നാണു ശശികുമാറിന്റെ പരാതി. ഇത്തരം അസുഖങ്ങൾക്ക് അത്യാഹിത വിഭാഗത്തിലല്ല വരേണ്ടതെന്നും ആശുപത്രിയിലെ ഒപിയെ സമീപിക്കണമെന്നുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിലപാടെന്നു പരാതിയിൽ ആരോപിക്കുന്നു. അസുഖം ഭേദമാകാത്തതിനെ തുടർന്നു പിറ്റേന്നു രാവിലെ പരാതിയുമായി ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോഴാണു മറ്റൊരു ഡോക്ടർ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകിയതെന്നു പറയുന്നു. ഇതു സംബന്ധിച്ച പരാതി ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും ശശികുമാർ നൽകിയിരുന്നു.