പള്ളത്തുകാർക്ക് എങ്ങനെ സുരക്ഷയോടെ നടന്നു വീട്ടിലെത്താം?; സാധ്യതാ പഠനം നടത്തുന്നു
Mail This Article
ഒറ്റപ്പാലം∙ ആർഎസ് റോഡ് പള്ളം പ്രദേശത്തെ ജനങ്ങൾക്കു സുരക്ഷിതമായ കാൽനടയാത്രയ്ക്കു സംവിധാനം ഒരുക്കുന്നതിനു സാധ്യതാ പഠനം നടത്തുന്നു. റോഡിനപ്പുറം റെയിൽവേ ട്രാക്കിനും ഭാരതപ്പുഴയ്ക്കും ഇടയിൽ താമസിക്കുന്ന കുടുംബങ്ങൾക്കു സുരക്ഷിതമായി വീടുകളിലെത്താനുള്ള പദ്ധതിയെ കുറിച്ചാണു പഠനം. നിലവിൽ ട്രാക്ക് കുറുകെ കടന്നാണു നാട്ടുകാർ പള്ളത്തെ വീടുകളിലെത്തുന്നത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വി.കെ.ശ്രീകണ്ഠൻ എംപിക്കു റെയിൽവേ നൽകിയ റിപ്പോർട്ടിലാണു സാധ്യതാപഠനം സംബന്ധിച്ച വിവരം. കാൽനടമേൽപാലം, പെഡസ്ട്രിയൻസ് സബ് വേ പോലുള്ള പദ്ധതികളുടെ സാധ്യതയാണു സംസ്ഥാന സർക്കാരുമായി ചേർന്നു പരിശോധിക്കുന്നത്.
നിലവിൽ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തു പുഴയ്ക്കും റെയിൽവേ ട്രാക്കിനും ഇടയ്ക്കുള്ള പള്ളത്തു മുപ്പതോളം കുടുംബങ്ങളാണുള്ളത്. ആർഎസ് റോഡ് അവസാനിക്കുന്ന പ്രദേശത്തു നിന്ന് നാട്ടുകാർ റെയിൽവേ ട്രാക്ക് കുറുകെ കടന്നാണു പള്ളത്തെത്തുന്നത്. ട്രാക്ക് മുറിച്ചുകടന്നുള്ള കാൽനടയാത്ര സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു നേരത്തെ റെയിൽവേ കണ്ടെത്തിയിരുന്നു. ഇവിടെ വഴി കെട്ടിയടയ്ക്കാനും ശ്രമം നടന്നിരുന്നു.
ഇതിനെതിരെ പ്രതിഷേധവും പരാതിയും ഉയർന്നതോടെയാണ് റെയിൽവേ ശ്രമം ഉപേക്ഷിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവും എംപിയുമായ രാധാ മോഹൻദാസ് അഗർവാൾ സ്ഥലം സന്ദർശിച്ചു കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്താണ് താൽക്കാലിക പരിഹാരം കണ്ടിരുന്നത്. വി.കെ.ശ്രീകണ്ഠൻ എംപിയും കെ.പ്രേംകുമാർ എംഎൽഎയും പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ട് റെയിൽവേയെ സമീപിച്ചിരുന്നു.