ADVERTISEMENT

ഒറ്റപ്പാലം ∙ നഗരസഭാ ബസ് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന സംവിധാനത്തിൽ വരുത്തിയ മാറ്റത്തെ ചൊല്ലി സ്വകാര്യ ബസുകളുടെ മിന്നൽ സമരം. യാർഡിന് അഭിമുഖമായി നിർത്തിയിരുന്ന ബസുകൾ തിരിച്ച് കെട്ടിടത്തിന് അഭിമുഖമായി പാർക് ചെയ്യണമെന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തോടാണ് പ്രതിഷേധം. ഗുരുവായൂർ- പാലക്കാട്, തൃശൂർ– ഒറ്റപ്പാലം ഉൾപെടെ ദീർഘദൂര ബസുകളും ഹ്രസ്വദൂര ബസുകളും ബസുകളും സമരത്തിലാണ്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നഗരത്തിൽ വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

ഒറ്റപ്പാലത്തു സ്വകാര്യ ബസുകളുടെ മിന്നൽ സമരത്തിനിടെ സ്റ്റാൻഡിലെത്തിയ കെഎസ്ആർടിസി ബസിൽ തിക്കിത്തിരക്കി കയറുന്ന യാത്രക്കാർ.
ഒറ്റപ്പാലത്തു സ്വകാര്യ ബസുകളുടെ മിന്നൽ സമരത്തിനിടെ സ്റ്റാൻഡിലെത്തിയ കെഎസ്ആർടിസി ബസിൽ തിക്കിത്തിരക്കി കയറുന്ന യാത്രക്കാർ.

‘മുഖം തിരിക്കുന്ന’ ‘സറ്റാൻഡിൽ ഉറച്ച് ’ സ്വകാര്യ ബസുകാർ മിന്നൽ സമരത്തിൽ  വലഞ്ഞ് ജനം

ഒറ്റപ്പാലം ∙ യാത്രക്കാരെ പെരുവഴിയിലാക്കി സ്വകാര്യ ബസുകളുടെ മിന്നൽ സമരം. ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന ക്രമീകരണത്തിൽ വരുത്തിയ മാറ്റത്തെ ചൊല്ലിയായിരുന്നു സമരം. സർവീസുകൾ മുടക്കിയ സ്വകാര്യ ബസുകൾക്കും ജീവനക്കാർക്കുമെതിരെ കർശന നടപടി തുടങ്ങിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു. രാത്രി വൈകി ബസുകാർ സമരം പിൻവലിച്ചിട്ടുണ്ട്.നേരത്തെ സ്റ്റാൻഡിനുള്ളിൽ യാർഡിന് അഭിമുഖമായി നിർത്തിയിരുന്ന ബസുകൾ തിരിച്ചു കെട്ടിടത്തിന് അഭിമുഖമായി പാർക്ക് ചെയ്യണമെന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഒരാഴ്ച മുൻപു നടപ്പാക്കിയ പരിഷ്കാരത്തിൽ അപകടസാധ്യത ആരോപിച്ചാണു ബസ് ജീവനക്കാരുടെയും ഉടമകളുടെയും വിയോജിപ്പ്.

ഇന്നലെ രാവിലെ പത്തോടെ മുന്നറിയിപ്പു കൂടാതെ ബസുകൾ സർവീസ് നിർത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സർവീസ് തുടരാൻ നിർദേശിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. തർക്കത്തിനിടെ ചില ജീവനക്കാരെയും ഉടമകളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.ഗുരുവായൂർ– പാലക്കാട്, തൃശൂർ– ഒറ്റപ്പാലം പോലുള്ള ദീർഘദൂര ബസുകൾ പോലും സർവീസ് നിർത്തി. തിരുവില്വാമല, അമ്പലപ്പാറ, ചെർപ്പുളശ്ശേരി പോലുള്ള ഹ്രസ്വദൂര സർവീസുകളും ഗ്രാമീണ മേഖലകളിലേക്കുള്ള ബസുകളും ഓട്ടം നിർത്തി.  ഇതോടെ ദീർഘദൂര യാത്രക്കാരും വിവിധ ആവശ്യങ്ങൾക്ക് ഒറ്റപ്പാലം നഗരത്തിലെത്തിയവരുമെല്ലാം പെരുവഴിയിലായി. വെയിലും ഇടയ്ക്കു ചെയ്ത മഴയും കൊണ്ടു വലഞ്ഞ ചില യാത്രക്കാർ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.

ഇതിനിടെ നഗരസഭാധ്യക്ഷ കെ.ജാനകീദേവിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ജനപ്രതിനിധികൾ ബസ് ഉടമകളും ജീവനക്കാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് എടുത്ത പരിഷ്കാരവുമായി സഹകരിക്കണമെന്നും സ്റ്റാൻഡിൽ ആരോപിക്കപ്പെട്ട ന്യൂനതകൾ ദിവസങ്ങൾക്കകം പരിഹരിക്കാമെന്നുമായിരുന്നു ജനപ്രതിനിധികളുടെ നിലപാട്. പരിഷ്കാരം പിൻവലിച്ച ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കാമെന്നു ബസ് ഉടമകളും ജീവനക്കാരും നിലപാടു വ്യക്തമാക്കി. ഇതിനിടെ വീണ്ടും പ്രതിഷേധിച്ച ചിലരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ ഉച്ചകഴിഞ്ഞു 3നു മുൻപു സമരം തീർക്കണമെന്ന് ഒറ്റപ്പാലം എഎസ്പി രാജേഷ്കുമാറും ജോയിന്റ് ആർടിഒ സി.മോഹനനും  ഉടമകൾക്കു കർശന നിർദേശം നൽകി.

ഇല്ലെങ്കിൽ ബസുകൾക്കെതിരെ നടപടി തുടങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്. 3 പിന്നിട്ടിട്ടും സമരം തുടർന്നതോടെ മോട്ടർ വാഹന വകുപ്പ് ബസുകൾക്കു നോട്ടിസ് നൽകി. പെർമിറ്റ് റദ്ദാക്കാൻ നിർദേശിച്ച് ആർടിഎ ബോർഡിനു ശുപാർശ നൽകുന്നതിനു മുന്നോടിയായുള്ള നോട്ടിസാണു നൽകിയത്.  ഇതിനിടെ വൈകിട്ട് ആറോടെ സർവീസ് ന‌ടത്താൻ തയാറായ ഏതാനും ചില ബസുകൾ പൊലീസ് സംരക്ഷണത്തിൽ സ്റ്റാൻഡിലിറങ്ങി യാത്രക്കാരെ കയറ്റി ഓടി. പഴയന്നൂർ, ചെർപ്പുളശ്ശേരി, തിരുവില്വാമല ഭാഗങ്ങളിലേക്കുള്ള ചില ബസുകളാണ് ഓടിയത്. രാത്രി വൈകി ബസുകാർ സമരം പിൻവലിച്ചു. 

പെർമിറ്റ് റദ്ദാക്കും, പിഴയും ഈടാക്കും
മിന്നൽ സമരം നടത്തിയ സ്വകാര്യ ബസുകൾക്കും ജീവനക്കാർക്കുമെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്. പെർമിറ്റ് റദ്ദാക്കാനുള്ള ശുപാർശയ്ക്കൊപ്പം പിഴ കൂടി ചുമത്തിയാണു നടപടി.ഇതിനകം 10 ബസുകൾക്കെതിരെ പെർമിറ്റ് ചട്ടങ്ങളുടെ ലംഘനം ആരോപിച്ചു നടപടിയെടുത്തതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു. പെർമിറ്റ് റദ്ദാക്കാൻ ആർടിഎ ബോർഡിനോടു ശുപാർശ ചെയ്യും. 7500 രൂപ വീതം പിഴയും ചുമത്തി. ജീവനക്കാരുടെ ലൈസൻസിനെതിരെയും നടപടിയുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com