പാലക്കാട് പോളിങ് ദിനത്തിനു ശേഷം മുന്നണികളുടെ വിലയിരുത്തൽ ഇങ്ങനെ; വിലയിരുത്തൽ വിഭിന്നം
Mail This Article
യുഡിഎഫ്
പോൾ ചെയ്യപ്പെട്ട വോട്ട് കണക്കനുസരിച്ച് പാലക്കാട് നഗരസഭയിൽ ബിജെപിയെക്കാൾ മൂവായിരത്തിലധികം വോട്ട് രാഹുൽ മാങ്കൂട്ടത്തിലിനു കിട്ടുമെന്ന വിലയിരുത്തലിൽ യുഡിഎഫ് നേതൃത്വം. മണ്ഡലത്തിൽ യുഡിഎഫ് ഏഴായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കും. ഭൂരിപക്ഷം 10,000 കടക്കാമെന്നു വോട്ടിങ്ങ് കണക്കുകൾ നിരത്തി പ്രധാന നേതാക്കൾ അവലോകന യോഗത്തിൽ പറഞ്ഞു.നഗരസഭയിൽ ബിജെപി കേന്ദ്രങ്ങളിലാണ് പോളിങ് കുറവ് കാണുന്നതെന്നു യുഡിഎഫ് നേതാക്കൾ പറയുന്നു. പിരായിരിയിൽ ലീഗ് പോക്കറ്റുകളിൽ മുഴുവൻ വോട്ടുകളും കിട്ടി. പഞ്ചായത്തിൽ നിന്ന് കഴിഞ്ഞ തവണത്തേക്കൾ കൂടുതൽ വോട്ട് യുഡിഎഫിന് ഉറപ്പാണ്. മിക്ക ബൂത്തുകളിലും 60 ശതമാനത്തിലധികം വോട്ടിങ് നടന്നു. മാത്തൂരിൽ 4000 വോട്ട് രാഹുലിന് കൂടുതൽ കിട്ടുമെന്ന് ബൂത്തുകളിലെ വോട്ടിങ് രീതി വിശദീകരിച്ച് നേതാക്കൾ വ്യക്തമാക്കി.
പഞ്ചായത്തിലെ ദലിത് പ്രദേശങ്ങളിൽ ഉൾപ്പെടെ അസാധാരണപ്രവർത്തനം നടത്തിയത് ഫലം ചെയ്തു.കണ്ണാടി പഞ്ചായത്തിൽ 1000 വോട്ടിലധികം കിട്ടാനുള്ള സാധ്യതയും വിശദീകരിക്കപ്പെട്ടു. പഞ്ചായത്തുകളിൽ സിപിഎം, ബിജെപി പാർട്ടികളിലെ അസംതൃപ്തരായ ഒട്ടേറെ പേർ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. പഞ്ചായത്തുകളിൽ സിപിഎമ്മിലുള്ള വിഭാഗീയതയും കോൺഗ്രസിന് ഗുണംചെയ്തു. പാലക്കാട് നഗരസഭയിൽ 67.65 ശതമാനമാണു പോളിങ്. അത് 70 കടന്നുവന്ന് ബിജെപി പ്രചരിപ്പിച്ചത് പാർട്ടി വോട്ടുകൾ നഷ്ടപ്പെട്ടത് മറയ്ക്കാനുളള ശ്രമത്തിന്റെ ഭാഗമാണ്. പഞ്ചായത്തുകളിലും ബിജെപി, എൽഡിഎഫ് സ്വാധീന ബൂത്തുകളിലാണ് പോളിങ് പൊതുവേ കുറഞ്ഞതെന്നു യോഗം വിലയിരുത്തി.
ബിജെപി
അഗ്രഹാരഗ്രാമങ്ങളിൽ ഉൾപ്പെടെ നഗരസഭയിൽ ഭൂരിപക്ഷം വോട്ടുകളും പഞ്ചായത്തുകളിൽ ഒരു വിഭാഗം കോൺഗ്രസ്, സിപിഎം വോട്ടുകളും സി.കൃഷ്ണകുമാറിനു ലഭിച്ചതായി ബിജെപി വിലയിരുത്തൽ.ആർഎസ്എസ് സഹായത്തോടെ താഴേത്തട്ടിൽ നടത്തിയ മികച്ച പ്രവർത്തനവും അനുകൂല രാഷ്ട്രീയ അന്തരീക്ഷവും വൻനേട്ടം സമ്മാനിക്കും. ഭൂരിപക്ഷം കുറഞ്ഞാലും സി.കൃഷ്ണകുമാർ വിജയിക്കും. ഒറ്റക്കെട്ടായ പ്രവർത്തനത്തിൽ കോൺഗ്രസിലും സിപിഎമ്മിലും നേതൃത്വവുമായി ഉടക്കിനിൽക്കുന്നവരുടെ വോട്ടുകൾ കൂടി ലഭിച്ചിട്ടുണ്ടെന്ന് നേതാക്കൾ യോഗത്തിൽ അവകാശപ്പെട്ടു. ബിജെപി രാഷ്ട്രീയമായി അരലക്ഷം വോട്ടുകൾ പിടിക്കും. കൂടാതെയാണ് ഇതരവോട്ടുകൾ. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ സന്ദീപ് വാരിയരുടെ കാലുമാറ്റം സംഘടനയിൽ ഐക്യം ശക്തമാക്കി.
നഗരസഭാപരിധിയിൽ പ്രവർത്തകർ ഒരുമിച്ചു രാപകൽ പ്രവർത്തിച്ചു. കാലങ്ങളായി സംഘടനയ്ക്കൊപ്പമുളള സമുദായങ്ങളുടെ മുഴുവൻ വോട്ടുകളും ബിജെപിക്ക് കിട്ടിയെന്ന് അതതു സംഘടനകൾ ഉറപ്പുവരുത്തി.നഗരത്തിലെ സ്വാധീന സ്ഥലങ്ങളിൽ വോട്ടുകൾ പെറുക്കിയെടുക്കാനായെന്നു നേതാക്കൾ വിലയിരുത്തലിൽ അഭിപ്രായപ്പെട്ടു. പിരായിരിയിൽ കോൺഗ്രസിന് ഇത്തവണ ഏതാണ്ട് മൂവായിരത്തോളം വോട്ടുകൾ കുറയും. അവ എവിടേക്ക് പോകുമെന്ന് പറയാൻ കഴിയില്ല. ബിജെപിക്കു പഞ്ചായത്തിൽ നിന്നു ശരാശരി 7000 വോട്ടുകൾ ലഭിക്കും. മുസ്‌ലിം വോട്ടുകളിൽ കൂടുതൽ കോൺഗ്രസ്സിനും ബാക്കി സിപിഎമ്മിനും കിട്ടിയിട്ടുണ്ട്.ഒരു വിഭാഗം ക്രിസ്ത്യൻ വോട്ടുകൾ എൻഡിഎക്കു ലഭിച്ചു. മാത്തൂരിൽ നാലായിരവും കണ്ണാടിയിൽനിന്ന് ഏതാണ്ട് 5000 വോട്ടുകളും എൻഡിഎക്ക് കിട്ടിയിട്ടുണ്ടാകുമെന്നും വിലയിരുത്തി. ഒരു വിഭാഗം കോൺഗ്രസ്, സിപിഎം പ്രവർത്തകരും കൃഷ്ണകുമാറിനൊപ്പം നിന്നു.
എൽഡിഎഫ്
സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സിരിന് മണ്ഡലത്തിൽ മികച്ച മുന്നേറ്റമുണ്ടാകും വിധം വോട്ടുകൾ ലഭിച്ചുവെന്നാണു സിപിഎം കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ഇ.ശ്രീധരന് അധികം കിട്ടിയ 10,000 വോട്ട് ആർക്ക് അധികം പോകുന്നു എന്നത് ഫലത്തിൽ നിർണായകമെന്നു പാർട്ടി വിലയിരുത്തുന്നു. അതെക്കുറിച്ച് വ്യക്തമായ നിരീക്ഷണം സാധ്യമായിട്ടില്ലെന്നാണ് നേതാക്കൾ പറഞ്ഞത്.പുതിയ 7000 വോട്ടുകളിൽ നല്ലൊരു ശതമാനം എൽഡിഎഫിന് കിട്ടിയെന്നാണു പ്രതീക്ഷ. ബിജെപി, കോൺഗ്രസ് ഇടത്തരം കുടുംബങ്ങളിലെ വോട്ടുകളും ലഭിച്ചു. പിരായിരിയിൽ കോൺഗ്രസിനു വോട്ടു വർധിക്കില്ല. അവിടെ എൽഡിഎഫ് സൃഷ്ടിച്ച രാഷ്ട്രീയചലനം സ്ത്രീകളുടെ വോട്ടുകളും കന്നിവോട്ടുകളും കിട്ടാൻ സഹായിക്കും. രണ്ടു മണിക്കുള്ളിൽ മുന്നണിയുടെ രാഷ്ട്രീയ വോട്ടുകൾ മുഴുവൻ ചെയ്യിച്ചു.അനുഭാവികളുടെ വോട്ടുകളാണു പിന്നീട് കിട്ടിയത്. മാത്തൂർ പഞ്ചായത്തിൽ 1800, കണ്ണാടിയിൽ 2500 എന്നിങ്ങനെ ലീഡ് പ്രതീക്ഷിക്കുന്നു.
പാലക്കാട് നഗരസഭയിൽ ഇതര മുന്നണികൾക്കൊപ്പം എന്ന ലക്ഷ്യം വിജയിച്ചു.നഗരസഭയിലും മൂന്നു പഞ്ചായത്തുകളിലും പാർട്ടി വോട്ടുകൾ പൂർണമായി പോൾ ചെയ്തു.സ്ഥാനാർഥിക്ക് അനുഭാവികളുടെ ഉൾപ്പെടെ 42,000 വോട്ടുകൾ കിട്ടുമെന്ന് വിലയിരുത്തിയതായാണ് സൂചന. അത് 45,000 വരെ വർധിക്കാനുള്ള സാധ്യതയും ചർച്ചയായി. മണ്ഡലത്തിൽ മൊത്തം പോളിങ് 2021–ലേതിനെക്കാൾ അഞ്ചും പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കാൾ മൂന്നും ശതമാനം വോട്ട് കുറഞ്ഞു.പാർട്ടിക്കാരും എൽഡിഎഫ് അനുഭാവികളുമായ മുസ്‌ലിങ്ങളുടെ വോട്ട് ഉറപ്പാക്കി. മണ്ഡലത്തിൽ മുസ്‌ലിം ഏകീകരണം ഉണ്ടായതായി പാർട്ടി വിലയിരുത്തുന്നു.മാധ്യമങ്ങളും മുന്നണികളും തിരഞ്ഞെടുപ്പ് ആഘോഷമാക്കിയെങ്കിലും വോട്ടർമാർക്കിടയിൽ അതു പ്രതിഫലിച്ചില്ലെന്ന വിലയിരുത്തലുമുണ്ടായി.ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമാറ്റം ഉണ്ടാക്കില്ല എന്നതാകാം അതിനു കാരണമെന്നും ഇടതുമുന്നണി വിലയിരുത്തുന്നു.