സന്ദർശകരെ കാത്ത് നെല്ലിയാമ്പതിയിൽ സർക്കാർ ഓറഞ്ച് ഫാം

Mail This Article
നെല്ലിയാമ്പതി∙ സർക്കാർ ഓറഞ്ച് ഫാമിൽ 5 ദിവസത്തെ ടൂറിസം ആഘോഷം നടത്തുന്നു. വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി ഫെബ്രുവരി 6 മുതൽ 10 വരെ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണ്. കാർഷിക അനുബന്ധ പ്രദർശന സ്റ്റാളുകൾ, സെമിനാറുകൾ, ശിൽപശാലകൾ, ഫ്ലവർ ഷോ, കാർഷിക ക്വിസ് മത്സരം, കുതിര സവാരി, കലാ കായിക മത്സരങ്ങൾ, ഭക്ഷ്യ മേള, കലാ പരിപാടികൾ, ട്രീഹട്ടുകൾ, പുൽത്തകിടികൾ, ഇരിപ്പിടങ്ങൾ, ആമ്പൽ കുളം, ഫ്ലവർ ബെഡുകൾ, ഫുഡ് സ്‌കേപ്പിങ്, ഓർക്കിഡേറിയം തുടങ്ങിയവ സന്ദർശകർക്കായി ഒരുക്കുന്നുണ്ട്.
നെല്ലിയാമ്പതി പഞ്ചായത്ത്, എസ്റ്റേറ്റ് അധികൃതർ, റിസോർട്ടുകൾ, വ്യാപാരികൾ, വ്യവസായികൾ, ടാക്സി ഉടമകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ആഘോഷം. നെല്ലിയാമ്പതി ഹൈറേഞ്ചിലെ സവിശേഷ ഭൂപ്രകൃതിയും കാലാവസ്ഥയും ജൈവ വൈവിധ്യവും പരമാവധി സഞ്ചാരികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ആഘോഷ പരിപാടികൾ എല്ലാ വർഷവും നടത്താനാണു തീരുമാനം.ഫാമിനുള്ളിൽ പ്രത്യേകം സജ്ജമാക്കുന്ന സ്ഥലത്ത് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കാർഷിക അനുബന്ധ മേഖലകളിലെ വിദഗ്ധർ, മാതൃക കർഷകർ, രാഷ്ട്രീയ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, കലാ സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിക്കും.
നിശ്ചിത ഫീസ് ഈടാക്കി രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ആയിരിക്കും പ്രവേശനം. ഓറഞ്ച്, മുസംബി, പാഷൻ ഫ്രൂട്ട്, പേരയ്ക്ക, മാവ്, പ്ലാവ്, ഡ്രാഗൺ ഫ്രൂട്ട്, സ്ട്രോബറി, ലോങ്ങൻ, ലിച്ചി ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന നാടൻ–മറുനാടൻ പഴവർഗങ്ങൾ, കാരറ്റ്, ബ്രസ്സൽ സ്പ്രൗട്ട്, ബ്രോക്കോളി, ഗാർലിക് തുടങ്ങിയ പച്ചക്കറികൾ, അലങ്കാര സസ്യങ്ങൾ, കാപ്പി, ഔഷധ സസ്യങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ മുതലായവയുടെ കൃഷിരീതി, ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, പോർട്രെ തൈ ഉൽപാദനം, മാതൃ സസ്യ തോട്ടങ്ങൾ, വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി, ഓപ്പൺ പ്രിസിഷൻ ഫാമിങ്, പോളി ഹൗസ് ഹൈടെക് കൃഷി, പഴം സംസ്കരണം, നൂതന കാർഷിക യന്ത്രങ്ങൾ, ഫാം ടൂറിസം സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തും. ആഘോഷ നടത്തിപ്പിനായി കെ.ബാബു എംഎൽഎ ചെയർമാനും ഫാം സൂപ്രണ്ട് പി.സാജിദലി കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.