തട്ടിപ്പിനു പുതുവഴികൾ തേടി സംഘം; ശ്രദ്ധിച്ചാൽ പണം നഷ്ടമാകില്ല
Mail This Article
പാലക്കാട് ∙ ജില്ലാ ഇൻഫർമേഷൻ ഓഫിസും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പാലക്കാട് സിവിൽ സ്റ്റേഷൻ ബ്രാഞ്ചും ചേർന്നു കലക്ടറേറ്റിലെ ജീവനക്കാർക്കായി സൈബർ സുരക്ഷ ബോധവൽക്കരണം നടത്തി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. എഡിഎം കെ.മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫിസർ പ്രിയ കെ.ഉണ്ണിക്കൃഷ്ണൻ, എസ്ബിഐ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് മാനേജർ കെ.എ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫിസർ പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
തട്ടിപ്പിന്റെ പുതിയ രീതികളിൽ ചിലത്....
‘പണ്ട് ഞാൻ ഉപയോഗിച്ച മൊബൈൽ നമ്പർ’
‘സർ, താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഞാൻ രണ്ടു വർഷം മുൻപ് ഉപയോഗിച്ചിരുന്നതാണ്. വിദേശത്തുപോയ സമയത്തു ഈ നമ്പർ കട്ടായി. പക്ഷേ എന്റെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, ലൈസൻസ് എന്നിവ ഈ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ എന്നെ സഹായിക്കണം. എന്റെ രേഖകൾ തിരിച്ചു കിട്ടാൻ സാറിന്റെ മൊബൈൽ നമ്പറിൽ വരുന്ന ഒടിപി പറഞ്ഞു തരണം.’ ഫോണിലൂടെ സൗമ്യമായി സംസാരിച്ചാണു ഈ തട്ടിപ്പ്. ഒടിപി കൈമാറിയാൽ പണം നഷ്ടമാകും.
∙ പാഴ്സൽ കാൻസൽ ചെയ്യാൻ ഒടിപി
നിങ്ങൾക്കു കുറിയർ വന്നിട്ടുണ്ടെന്നു അറിയിച്ചാണു ഫോൺ വിളിയെത്തുക. പാഴ്സൽ ബുക്ക് ചെയ്തിട്ടില്ലെന്നു പറഞ്ഞാലും വിടില്ല. പാഴ്സൽ കാൻസൽ ചെയ്യാമെന്നും അതിനായി മൊബൈലിൽ വരുന്ന ഒടിപി പറഞ്ഞു നൽകണമെന്നും ആവശ്യപ്പെടും. പാഴ്സൽ നിങ്ങളോ ബന്ധുക്കളോ സുഹൃത്തുക്കളോ ബുക്ക് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. കുറിയർ കമ്പനിയുടെ വെബ്സൈറ്റിൽ പരിശോധിക്കാം. ഇനി പാഴ്സൽ കാൻസൽ ചെയ്യാനാണെങ്കിൽ ഒടിപി വരുന്നതു കുറിയർ കമ്പനിയുടെ നമ്പറിൽ നിന്നാണെന്നും അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു കാൻസൽ ചെയ്യാനുള്ള സന്ദേശമാണെന്നും ഉറപ്പാക്കണം.
∙ ക്രെഡിറ്റ് കാർഡ് തരാം
ക്രെഡിറ്റ് കാർഡ് നൽകാമെന്ന് വാഗ്ദാനം ചെയ്തും തട്ടിപ്പ് സംഘം വ്യാപകം. സിബിൽ സ്കോർ പരിശോധിക്കാനും മറ്റുമായി ഇവർ ഒടിപി ചോദിക്കുന്നതു ചിലപ്പോൾ പണം തട്ടാനാകാം. ക്രെഡിറ്റ് കാർഡിനായി ബാങ്കിലോ അംഗീകൃത ധനകാര്യ സ്ഥാപനത്തിലോ നേരിട്ടോ അവരുടെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയോ അപേക്ഷ നൽകണം. അപരിചിതരുടെ ഫോൺ വിളികളിലൂടെ ക്രെഡിറ്റ് കാർഡ് എടുക്കുന്നതു ശ്രദ്ധയോടെ വേണമെന്നു പൊലീസ്.
∙ ചെറിയ തുക നിക്ഷേപിച്ച് വലിയ തട്ടിപ്പ്
യുപിഐ ആപ്പ് വഴി ചെറിയ തുക തട്ടിപ്പ് സംഘം നിക്ഷേപിക്കും. അക്കൗണ്ട് നമ്പർ മാറി അയച്ചതാണെന്നും പണം തിരിച്ചു കിട്ടാനായി ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും അറിയിച്ച് സന്ദേശമെത്തും.ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ പണം നഷ്ടമാകും. പണം ക്രെഡിറ്റായ സന്ദേശമെത്തിയാൽ കുറഞ്ഞതു 10 മിനിറ്റ് കഴിഞ്ഞു പേയ്മെന്റ് ആപ്പിൽ പരിശോധിച്ചാൽ മതി.അപ്പോഴേക്കും പണം തിരികെ ലഭിക്കാനെന്ന പേരിൽ തട്ടിപ്പ് സംഘം അയച്ച ലിങ്ക് അസാധവുവായിട്ടുണ്ടാകും. മനഃപൂർവം തെറ്റായി ഒരുതവണ പിൻ നൽകിയാലും ഇത്തരം ലിങ്കുകൾ അസാധുവാകും.