ADVERTISEMENT

തിരുവല്ല∙ മധ്യ തിരുവിതാകൂറിനെ ‍നടുക്കിയ കരിക്കൻ വില്ല ഇരട്ടക്കൊലപാതകത്തിന് ഇന്ന് 40 വർഷം. മീന്തലക്കര കരിക്കൻ വില്ലയിൽ കെ.സി.ജോർജ് (63), ഭാര്യ റേച്ചൽ (കുഞ്ഞമ്മ - 56) എന്നിവർ കൊല്ലപ്പെട്ടത് 1980 ഒക്‌ടോബർ 6നാണ്. ഏറെക്കാലം കുവൈത്തിൽ ജോലി ചെയ്‌തു മടങ്ങിയെത്തിയ, മക്കളില്ലാത്ത ഇൗ ദമ്പതികൾക്ക് അയൽക്കാരുമായി അധികം ബന്ധമുണ്ടായിരുന്നില്ല.

രാവിലെ വീട്ടു ജോലിക്കെത്തിയ ഗൗരിയാണ് ജോർജിനെയും റേച്ചലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുത്തേറ്റിരുന്നു. റേച്ചലിന്റെ വയറ്റിൽ കത്തി തറച്ച നിലയിലായിരുന്നു. മേശപ്പുറത്തു നാലു ചായക്കപ്പുകൾ കണ്ടു. റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ റോളക്‌സ് വാച്ച്, ടേപ്പ് റിക്കോർഡർ, പണം എന്നിവ അപഹരിക്കപ്പെട്ടു. 

തലേ ദിവസം വൈകിട്ട് താൻ ജോലി കഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ നാലു പേർ കാറിൽ വന്നിരുന്നതായി ഗൗരി പൊലീസിനോടു വെളിപ്പെടുത്തി. വന്നവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞിരുന്നു. ‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ പറഞ്ഞതായും ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കേസിനു തുമ്പുണ്ടാക്കിയത്. ജോർജിന്റെ ബന്ധു ചെന്നൈയിൽ പഠിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. കറുകച്ചാൽ സ്വദേശി റെനി ജോർജായിരുന്നു അത്.

അദ്ദേഹവും ഹസൻ ഗുലാം മുഹമ്മദ് (മൊറീഷ്യസ്),  ഗുണശേഖരൻ (മലേഷ്യ), കിബ്‌ലോ ദാനിയേൽ(കെനിയ) എന്നീ സുഹൃത്തുക്കളുമാണ് പ്രതികളെന്നു വ്യക്‌തമായി. റെനിയും ഹസനും ആദ്യം പൊലീസിന്റെ പിടിയിലായി. ഗുണശേഖരനെ അടുത്ത ദിവസം കിട്ടി. രക്ഷപ്പെടാൻ ശ്രമിച്ചു പരാജയപ്പെട്ട കിബ്‌ലോ കീഴടങ്ങി.  പ്രതികൾക്ക് 1982 ജനുവരി ഒന്നിനു കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചു.

1983 മാർച്ച് 21നു ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു. ജയിൽ വാസം 1995 ജൂണിൽ പൂർത്തിയായി. ജയിൽവാസ കാലത്തു തന്നെ റെനി ജോർജ് മാനസാന്തരപ്പെട്ടു. പിന്നീട് സുവിശേഷകനായി. വെളിപ്പെടുത്തൽ വഴി കേസിനു തുമ്പുണ്ടാക്കിയ മഞ്ഞാടി കുതിരിക്കാട് ഗൗരി (98) കഴിഞ്ഞ ജൂലൈ ഒന്നിന് മരിച്ചു. കരിക്കൻ വില്ലയും പറമ്പും ഗോസ്‌പൽ ഫോർ ഏഷ്യ വാങ്ങി. ഇപ്പോൾ ലാസ്‌റ്റ് അവർ മിനിസ്‌ട്രീസിന്റെ ആസ്‌ഥാനമാണ്. 

"1980 ഒ‍ക്ടോബർ 7ന് രാവിലെ തിരുവല്ല സ്റ്റേഷനിലെ അഡിഷനൽ എസ്ഐ ഗോപാലൻ ആചാരിയാണ് ഫോണിൽ വിളിച്ച് രണ്ടു പേർ വീട്ടിൽ മരിച്ചു കിടക്കുന്നതായി പറഞ്ഞത്. സംഭവത്തിന് ദൃക്സാക്ഷികൾ ആരുമില്ലാത്തതിനാൽ തെളിയിക്കുക ബുദ്ധിമുട്ടായിരുന്നു. അന്നു ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയായിരുന്ന കെ.എൻ. ബാലിനോടാണ് പ്രതികളെക്കുറിച്ച് സൂചനയായ വെളിപ്പെടുത്തൽ ജോലിക്കാരി ഗൗരി നടത്തിയത്. കൊലപാതകം നടത്തിയത് പ്രഫഷനൽ കൊലയാളികൾ അല്ലെന്ന് ആദ്യമേ അറിയാമായിരുന്നു. മൂന്നു വർഷം മുമ്പ് കരിക്കൻ വില്ല കാണാൻ പോയി. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഭിത്തിയിൽ അന്നത്തെ രക്തക്കറയുണ്ടായിരുന്നു." - സിബി മാത്യൂസ്, മുൻ അഡിഷനൽ ഡിജിപി, കരിക്കൻ വില്ല കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ (അന്ന് ചെങ്ങന്നൂർ എഎസ്പി) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com