ADVERTISEMENT

റാന്നി ∙ മലയോരറാണിയുടെ മനസ്സ് വീണ്ടും എൽഡിഎഫിനൊപ്പം. തുടർച്ചയായ ആറാം തവണയാണ് എൽഡിഎഫ് റാന്നിയിൽ വിജയം നേടുന്നത്. 1746 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ വിജയിച്ചത്.  ആകെയുള്ള 1,93,634 വോട്ടർമാരിൽ 1,23,596 പേരാണ് വോട്ടു ചെയ്തത്. കൂടാതെ 4,406 പോസ്റ്റൽ വോട്ടും ചെയ്തിരുന്നു. പോസ്റ്റൽ വോട്ടുകളിൽ 428 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥി റിങ്കു ചെറിയാന് ലീഡ് ലഭിച്ചത്.

സർവീസ് വോട്ടുകളിൽ 4 എണ്ണത്തിന് എൽഡിഎഫും ലീഡ് നേടി. വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി, അങ്ങാടി, വടശേരിക്കര എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫിന് ഭൂരിപക്ഷം നേടാനായത്. ഈ പഞ്ചായത്തുകളിൽ‌ മുൻപുണ്ടായിരുന്ന മുന്നേറ്റം ഇത്തവണ യുഡിഎഫിന് ലഭിച്ചില്ല. കോട്ടാങ്ങൽ, പെരുനാട്, കൊറ്റനാട്, എഴുമറ്റൂർ, റാന്നി, ചെറുകോൽ എന്നീ പഞ്ചായത്തുകളിൽ എൽഡിഎഫിനായിരുന്നു മുന്നേറ്റം.

കൂടുതൽ ഭൂരിപക്ഷം പെരുനാട് പഞ്ചായത്തിലായിരുന്നു. കാൽ നൂറ്റാണ്ടുകാലം രാജു ഏബ്രഹാം എംഎൽഎയിലൂടെ റാന്നി കൈവിടാതെ കാത്ത എൽഡിഎഫിന് ഇത്തവണയും പ്രതീക്ഷ തെറ്റിയില്ല. കേരള കോൺഗ്രസിലെ (എം) പ്രമോദ് നാരായൺ മണ്ഡലം നിലനിർ‌ത്തി. വികസന തുടർ‌ച്ചയ്ക്കാണ് എൽഡിഎഫ് വോട്ടു തേടിയത്.

മണ്ഡലത്തിന് പുറത്തുനിന്നെത്തി റാന്നിയുടെ മനം കവർന്ന് പ്രമോദ്

റാന്നി ∙ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രമോദ് നാരാണിന് ജന മനസ്സുകളിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞതാണ് എൽഡിഎഫിന് നേട്ടമായത്. പ്രത്യേക ശൈലിയിലുള്ള പ്രസംഗത്തിലൂടെ വോട്ടർമാരെ കയ്യിലെടുക്കുകയായിരുന്നു പ്രമോദ്. റാന്നിക്ക് പുറത്ത് നിന്നുള്ള സ്ഥാനാർഥി നിയോജകമണ്ഡലത്തിൽ വിജയിക്കുന്നത് ഇത് 3–ാം തവണയാണ്. എൻ.കെ. ദിവാകരനാണ് ആദ്യം റാന്നിക്ക് പുറത്ത് നിന്ന് വന്ന് വിജയിച്ചത്.

പിന്നീട് ഈപ്പൻവർഗീസ് (കേരള കോൺഗ്രസ്–ജെ) യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചിരുന്നു. ഇപ്പോൾ എൽഡിഎഫിന്റെ സ്ഥാനാർഥിയായി പ്രമോദ് നാരായണും വിജയിച്ചു. രാജു ഏബ്രഹാം എംഎൽഎയുടെ പേരും എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടവുമാണ് പ്രമോദ് ഓരോ സ്ഥലത്തും ഉയർത്തിയത്. കൂടാതെ സ്വന്തം കാഴ്ചപ്പാടും മുന്നോട്ട് വച്ചിരുന്നു.  ഇതേസമയം നാട്ടുകാരനെന്ന ലേബലിലാണ് യുഡിഎഫ് സ്ഥാനാർഥി റിങ്കു ചെറിയാൻ വോട്ട് ചോദിച്ചത്. എന്നും താൻ റാന്നിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കന്നിയങ്കത്തിൽ മിന്നി പ്രമോദ് 

കന്നി അങ്കത്തിൽ മകൻ വിജയിച്ചതിന്റെ സന്തോഷത്തിലാണ് റാന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണന്റെ അമ്മ പി.കെ.രാധ. വിജയാഹ്ലാദം പങ്കിടാനായി പ്രമോദിന്റെ ഭാര്യയും മക്കളും റാന്നിയിലെത്തിയിട്ടുണ്ട്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രമോദ്. 22–ാം വയസ്സിലാണ് അദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. റാന്നിയിൽ പ്രമോദിന്റെ വിജയം ഉറപ്പെന്നു കണ്ടാണ് ജ്യോതി മക്കളെയും കൂട്ടി റാന്നിയിലെ തോട്ടുപുറത്ത് വീട്ടിലെത്തിയത്. മകൻ പത്താം ക്ലാസിലും മകൾ മൂന്നാം ക്ലാസിലും വിദ്യാർഥികളാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com