പത്തനംതിട്ട 220 കെവി സബ് സ്റ്റേഷൻ ട്രാൻസ്ഫോമർ എത്തി

Mail This Article
പത്തനംതിട്ട ∙ ജില്ലയുടെ വൈദ്യുതി തടസ്സത്തിനു ശാശ്വത പരിഹാരമായി ഉയരുന്ന പത്തനംതിട്ട 220 കെവി സബ് സ്റ്റേഷനിലേക്കുള്ള ട്രാൻസ്ഫോമർ എത്തി. രണ്ടാഴ്ച മുൻപ് അങ്കമാലി ടെൽകിൽനിന്ന് വലിയ ട്രെയിലറിൽ കയറ്റിയയച്ച ട്രാൻസ്ഫോമറാണ് ഇന്നലെ വൈകുന്നേരത്തോടെ സബ് സ്റ്റേഷനിൽ എത്തിയത്. 10 കോടി രൂപ വിലയുള്ള ഉൽപന്നത്തിന്റെ വലുപ്പം കാരണം വഴിനീളെയുള്ള വൈദ്യുത ലൈനുകൾ ഉയർത്തി നൽകിയാണ് യാത്ര എന്നുള്ളതിനാലാണ് ഇത്ര ദിവസം താമസം നേരിട്ടത്. ഇന്നലെ 10 മണിയോടെ മണ്ണാറക്കുളഞ്ഞിയിൽ എത്തിയ വാഹനം മൈലപ്ര ഭാഗത്തു നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം ഭാഗം, മേലേവെട്ടിപ്പുറം, സെന്റ് പീറ്റേഴ്സ് ജംക്‌ഷൻ, സ്റ്റേഡിയം ജംക്‌ഷൻ, അഴൂർ വഴി പത്തനംതിട്ടയിലെ പുതിയ സബ് സ്റ്റേഷൻ പരിസരത്തേക്കാണ് രാത്രിയോടെ എത്തിച്ചത്.
കിഫ്ബി പദ്ധതിയിൽ 244 കോടി രൂപ മുടക്കി ജില്ലയിൽ ട്രാൻസ്ഗ്രിഡിന്റെ രണ്ടു പുതിയ 220 കെവി സബ് സ്റ്റേഷനുകളാണ് പത്തനംതിട്ട, സീതത്തോട് എന്നിവിടങ്ങളിലായി തയാറാകുന്നത്. ഒരു ടവറിൽ ഒരേസമയം 220 കെവി, 110 കെവി ഹൈടെൻഷൻ ലൈനുകളാണു കടന്നു പോകുന്നത്. കൊല്ലം ജില്ലയുടെ അതിർത്തിയായ പാടത്തു നിന്നാണ് 220 കെവി ലൈൻ വലിക്കുന്നത്.കൂടൽ, കോന്നി, പത്തനംതിട്ട, അടൂർ, ഇടപ്പോൺ എന്നീ സബ് സ്റ്റേഷനുകളെയാണ് ഇത് ബന്ധിപ്പിക്കുന്നത്. 45 മുതൽ 55 മീറ്റർ വരെ ഉയരമുള്ള 198 ടവറുകളാണ് സ്ഥാപിക്കുന്നത്. മാർച്ചോടെ ടവറുകളുടെ നിർമാണം പൂർത്തിയാക്കാനുള്ള ജോലികൾ നടന്നു വരുന്നു.
നിലവിൽ നിർമാണം പൂർത്തിയാക്കിയ 110 കെവി പത്തനംതിട്ട അടൂർ ലൈനും പത്തനംതിട്ട കൂടൽ പുനലൂർ ലൈനും ചാർജ് ചെയ്തു. 220 കെവി ലൈനിന്റെ ബാക്കി പ്രവർത്തനങ്ങൾ പൂർത്തിയാക്കി മാർച്ചിൽ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യം വയ്ക്കുന്നത്. അതോടെ ജില്ലയിലെ വൈദ്യുത മുടക്കത്തിന് പരിഹാരമാകുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ഇടപ്പോൺ സബ് സ്റ്റേഷനിൽനിന്നു മാത്രമാണ് ജില്ലയിലേക്കുള്ള വൈദ്യുതി എത്തിക്കുന്നത്. അവിടെ നിന്നുള്ള ലൈനുകളിൽ എന്തെങ്കിലും തടസ്സം ഉണ്ടായാൽ ജില്ലയുടെ ഒട്ടുമിക്ക പ്രദേശവും ഇരുട്ടിലാകുന്ന അവസ്ഥയായിരുന്നു. ഈ മൾട്ടി സർക്യൂട്ട് / വോൾട്ടേജ് ലൈൻ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇടമൺ വഴി കൂടംകുളത്തു നിന്നും മൂഴിയാറിൽനിന്നും വൈദ്യുതി എത്തിക്കാൻ കഴിയുന്നതോടെ പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.