മികച്ച വരുമാനം, കുറഞ്ഞ സൗകര്യം... അടവിയോടെന്തിനാണീ അവഗണന
Mail This Article
തണ്ണിത്തോട് ∙ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ മികച്ച വരുമാനം ലഭിക്കുമ്പോഴും അസൗകര്യങ്ങൾ ഏറെ. വനംവകുപ്പിന്റെ കോന്നി വന വികാസ ഏജൻസിയുടെ കീഴിലുള്ള അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കുട്ടവഞ്ചി സവാരി ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായിട്ടില്ല.ഓണക്കാലത്ത് ഒരാഴ്ചത്തെ ടിക്കറ്റ് വരുമാനം 8 ലക്ഷം രൂപയിലേറെ ലഭിച്ചിരുന്നു. ഓണക്കാലത്തിന് തൊട്ടുമുൻപ് കല്ലാറ്റിലും തീരത്തുമുള്ള മാലിന്യങ്ങൾ മുൻകാലങ്ങളിൽ കുട്ടവഞ്ചി തുഴച്ചിലുകാർ നീക്കം ചെയ്തിരുന്നു. ഇത്തവണ അതുണ്ടായില്ല.
ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് താഴ്ചയിലുള്ള പഴയ ശുചിമുറിയിലൂടെ ഒരു മാസത്തിലേറെയായി മാലിന്യം പുറത്തേക്ക് ഒഴുകുകയും ദുർഗന്ധം വമിക്കുകയും ചെയ്തിട്ടും ഇത് നീക്കം ചെയ്തിട്ടില്ല. ഇത്രയേറെ സഞ്ചാരികളെത്തുന്ന ഇവിടെ ചെറിയ സെപ്റ്റിക് ടാങ്കാണ് സ്ഥാപിച്ചിരിക്കുന്നത്. പാർക്കിങ് സ്ഥലത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ സൂക്ഷിക്കുന്നതിനായി മുള ഉപയോഗിച്ച് നിർമിച്ച സംവിധാനം പൊളിഞ്ഞിട്ടും കുപ്പികൾ നീക്കിയിട്ടില്ല. കടവിൽ ലൈഫ് ജാക്കറ്റ് സൂക്ഷിക്കുന്ന ഷെഡ് ചോരുന്നു. ഇവിടെ സ്ഥിരം ഷെഡ് നിർമിക്കേണ്ടതിനു പകരം ഇടയ്ക്കിടെ താൽക്കാലിക ഷെഡ് നിർമിക്കുകയാണ്.
സഞ്ചാരികൾക്ക് വിശ്രമിക്കാൻ സവാരി കേന്ദ്രത്തിൽ വർഷം തോറും താൽക്കാലിക പന്തൽ ക്രമീകരിക്കുകയാണ്. കടവിൽ സംരക്ഷണഭിത്തിയും പടികകളും നിർമിക്കാതെ, കടവിൽ നിന്ന് കുട്ടവഞ്ചിയിലേക്ക് കയറാൻ വർഷം തോറും മുളയുടെ ചങ്ങാടം ഒരുക്കുന്നു. അടുത്തിടെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് ചുറ്റുമുള്ള കിടങ്ങിൽ കുറെ ഭാഗത്ത് മണ്ണ് കോരി നീക്കിയിരുന്നു. റോഡിനോട് ചേർന്ന ഭാഗത്ത് കിടങ്ങ് കോരിയതോടെ അവിടെ ഇടിഞ്ഞ് റോഡിന് വീതി കുറഞ്ഞ് അപകട ഭീഷണിയുണ്ട്.
പ്രവേശന കവാടത്തിന് സമീപം കിടങ്ങ് എടുക്കാത്തതിനാൽ കാട്ടുമൃഗങ്ങളിൽ നിന്ന് സംരക്ഷണമാകുന്നുമില്ല. കോന്നി – തണ്ണിത്തോട് റോഡിൽ എത്തുന്ന സഞ്ചാരികൾ വഴിയറിയാതെ 2 കിലോമീറ്ററോളം സഞ്ചരിച്ച് തണ്ണിത്തോട് മൂഴിയിൽ എത്തിയ ശേഷം വിവരമറിഞ്ഞ് തിരികെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് എത്തുകയാണ്. മണ്ണീറ റോഡിന്റെ തുടക്കത്തിലായി മുണ്ടോംമൂഴിയിൽ കമാനമോ വലിയ ബോർഡോ സ്ഥാപിക്കാൻ ഇനിയുമായിട്ടില്ല. കുത്തഴിഞ്ഞ രീതിയിലാണ് ഇവിടത്തെ പ്രവർത്തനങ്ങൾ. ഉത്രാട ദിവസം വൈകിട്ട് ഒരു മണിക്കൂറോളം നേരത്തെ ടിക്കറ്റ് കൗണ്ടർ അടച്ചിരുന്നു. ഇതു കാരണം ഇവിടെയെത്തിയ സഞ്ചാരികളിൽ പലരും സവാരി നടത്താതെ മടങ്ങിയതായി പറയുന്നു. സഞ്ചാരികളുടെ ശക്തമായ ആവശ്യത്തെ തുടർന്ന് പിന്നീട് കൗണ്ടർ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.
8.31 ലക്ഷം
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഓണക്കാലത്ത് 1385 സവാരികളിൽ നിന്നായി 8,31,000 രൂപയുടെ ടിക്കറ്റ് വരുമാനം ലഭിച്ചു. തിരുവോണ ദിവസം അവധിയായിരുന്നു. അവിട്ടം മുതൽ കഴിഞ്ഞ ഞായർ വരെയുള്ള ഒരാഴ്ചക്കാലത്തെ വരുമാനമാണിത്.