തുമ്പമണ്ണിന്റെ സങ്കടക്കഥ, വിൽക്കാനുണ്ട്, പുഷ്പങ്ങൾ ! ഇനി പ്രതീക്ഷ മണ്ഡലകാലം
Mail This Article
പന്തളം ∙ വരുമാനമാർഗമെന്ന നിലയിൽ ഓണക്കാലത്ത് പൂക്കൃഷി തുടങ്ങിയ വനിതകൾ പെരുവഴിയിലായി. ഓണം കഴിഞ്ഞതോടെ ആർക്കും പൂക്കൾ വേണ്ടാതെ വന്നതാണ് പ്രതിസന്ധി. ഓണക്കാലത്ത് 120 രൂപ വരെ വില കിട്ടിയ ബന്ദിപ്പൂക്കൾ ഇപ്പോൾ നാലിലൊന്നു വിലയ്ക്ക് പോലും എടുക്കാനാളില്ല.
പൂവ്യാപാരികളും ആരാധനാലയങ്ങളും ഇവരുടെ പൂക്കൾ വാങ്ങാൻ തയാറാകുന്നില്ല. സ്ഥിരമായി ലഭ്യമാകില്ലെന്ന കാരണമാണ് അവരെ പിന്തിരിപ്പിക്കുന്നത്. കുടുംബശ്രീ മിഷൻ, കൃഷി വകുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെയാണ് ജില്ലയിൽ പലയിടങ്ങളിലും വനിതകൾ പൂക്കൃഷി നടത്തിയത്.
പൂവെടുക്കാനാളില്ലാതെ വന്നതോടെ ചിലരെങ്കിലും ചെടികളുടെ പരിചരണം നിർത്തി. എന്നാൽ, പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ നശിച്ചുപോകുന്ന കാഴ്ച ബുദ്ധിമുട്ടായതോടെ പല സംഘങ്ങളും ഇപ്പോഴും വളമിട്ടും വെള്ളമൊഴിച്ചും പരിചരിക്കുന്നുമുണ്ട്. ഓണം ലക്ഷ്യമിട്ടു ജൂൺ, ജൂലൈ മാസങ്ങളിലാണ് മിക്കവരും ചെടികൾ നട്ടത്. തൊഴിലുറപ്പ് പദ്ധതിയിൽ സ്ഥലമൊരുക്കൽ മാത്രമാണ് ചിലർക്ക് ലഭിച്ച ഏക പിന്തുണ. ചെടികൾ, വളം എന്നിവയുടെ ചെലവുകളെല്ലാം സ്വന്തമായി വഹിച്ചു. കാലാവസ്ഥാ വ്യതിയാനം കാരണം ശ്രദ്ധയോടെയുള്ള പരിചരണവും വേണ്ടിവന്നിരുന്നു.
ഇനി പ്രതീക്ഷ മണ്ഡലകാലം
അടുത്ത മാസം പകുതിയോടെ ശബരിമല തീർഥാടനകാലം തുടങ്ങും. ക്ഷേത്രങ്ങളിൽ മണ്ഡല ഉത്സവനാളുകളിൽ ക്ഷേത്രാലങ്കാരങ്ങൾക്കും മറ്റും യഥേഷ്ടം പൂക്കൾ വേണം. വനിതാക്കൂട്ടായ്മകളുടെ തോട്ടങ്ങളിൽ സമൃദ്ധമായി പൂക്കൾ ലഭ്യമാകുന്നത് വരെയെങ്കിലും പൂക്കൾ വാങ്ങാൻ ദേവസ്വം ബോർഡ് അടക്കം തയാറാകുമോയെന്നതാണ് ഇനിയുള്ള പ്രതീക്ഷ.
ഇപ്പോൾ തമിഴ്നാട്ടിൽ നിന്നാണ് പൂക്കളെത്തിക്കുന്നത്. വനിതാക്കൂട്ടായ്മകളിൽ നിന്നു നിശ്ചിത അളവിൽ സ്ഥിരമായി പൂക്കൾ കിട്ടുമോയെന്നതാണ് ക്ഷേത്രസമിതികളെ പിന്തിരിപ്പിക്കുന്നത്. പുതിയ സംരംഭമെന്ന നിലയിൽ മുന്നിട്ടിറങ്ങിയ വനിതകളെ സഹായിക്കാൻ കുടുംബശ്രീ മിഷനും കൃഷി വകുപ്പും തദ്ദേശഭരണസ്ഥാപനങ്ങളും വഴിയൊരുക്കണമെന്നാണ് ആവശ്യം.
തുമ്പമണ്ണിന്റെ സങ്കടക്കഥ
മുട്ടം തെക്ക് ഭാഗത്ത് ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ദീപം സംഘക്കൃഷി യൂണിറ്റ് പൂക്കൃഷി തുടങ്ങിയത്. ജൂൺ, ജൂലൈ മാസങ്ങളിലായി അയ്യായിരത്തോളം തൈകൾ നട്ടു. ക്രമം തെറ്റാതെ രാസ, ജൈവവളവും നൽകി. സുജാതകുമാരിയുടെ നേതൃത്വത്തിൽ സരസമ്മ, ശാന്തകുമാരി, ശശികല എന്നിവർ കൃത്യമായ പരിചരണവും നൽകിയതോടെ ചെടികളിൽ മഞ്ഞയും ഓറഞ്ചും ബന്ദിപ്പൂക്കൾ സമൃദ്ധമായി വിരിഞ്ഞു. ഓണനാളുകളിൽ ആവശ്യക്കാരേറെയായിരുന്നു. ഓണം കഴിഞ്ഞതോടെ, ആർക്കും വേണ്ടാതായി. പലയിടങ്ങളിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
കരുനാഗപ്പള്ളിയിൽ 80 കിലോ പൂവ് വിറ്റത് കിലോയ്ക്ക് വെറും 30 രൂപയ്ക്കാണെന്ന് സുജാത കുമാരി പറയുന്നു. യാത്രാച്ചെലവ് പോലും കിട്ടിയില്ല. മുൻപ്, വാഴ, പച്ചക്കറി, തണ്ണിമത്തൻ എന്നിവ കൃഷി ചെയ്തു. പന്നിശല്യം രൂക്ഷമായതോടെ അവ ഉപേക്ഷിച്ചാണ് പൂക്കൃഷിയിലേക്ക് കടന്നത്. സ്ഥലമൊരുക്കലിന് ഉൾപ്പെടെ 30,000 രൂപയോളം ചെലവായി. കാഴ്ചഭംഗിയൊരുക്കുന്ന പൂന്തോട്ടം നശിച്ചുപോകുന്ന സങ്കടം കൊണ്ട് ഇപ്പോഴും പരിചരണം നൽകുന്നുണ്ടെന്നും അവർ പറയുന്നു.