ADVERTISEMENT

തിരുവനന്തപുരം ∙ നിർദിഷ്ട ചെങ്ങന്നൂർ– പമ്പ റെയിൽവേ പദ്ധതിയുടെ പകുതി ചെലവു കേരളം വഹിക്കുമോയെന്ന ചോദ്യവുമായി റെയിൽവേ മന്ത്രാലയം. 7200 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 3600 കോടി രൂപ നൽകാൻ സംസ്ഥാനം തയാറാകുമോയെന്നാണു ചോദ്യം. എന്നാൽ മുൻപു പ്രഖ്യാപിച്ച അങ്കമാലി– എരുമേലി പദ്ധതിയുടെ പകുതി ചെലവു വഹിക്കാൻ കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നു കാണിച്ചു കത്തു നൽകിയ സംസ്ഥാന സർക്കാർ, പുതിയ പദ്ധതിക്ക് ചെലവു പങ്കിടാൻ സാധ്യത കുറവാണ്.

ആദ്യം പ്രഖ്യാപിച്ച പദ്ധതിയുടെ ചെലവു വഹിക്കുന്ന കാര്യത്തിൽതന്നെ തീരുമാനമെടുക്കാത്ത കേരളത്തോടാണു സർവേ മാത്രം കഴിഞ്ഞ പദ്ധതിക്കു പണം മുടക്കാമോയെന്നു റെയിൽവേ ചോദിക്കുന്നത്. അങ്കമാലി–എരുമേലി ശബരി പദ്ധതിക്ക് 3810 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. ഇതിൽ 1900 കോടി രൂപയാണു കേരളം കണ്ടെത്തേണ്ടത്. കേന്ദ്രം പ്രഖ്യാപിച്ച അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പലിശരഹിത വായ്പാപദ്ധതി യിൽ നിന്നു പണം അനുവദിക്കണമെന്ന പുതിയ ഉപാധിയും ചെലവു പങ്കിടാനായി കേരളം മുന്നോട്ടു വച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ മലയോര മേഖലകളിൽ 14 പുതിയ റെയിൽവേ സ്റ്റേഷനുകൾ ലഭിക്കുന്ന ശബരി പദ്ധതി നടപ്പാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. 1997ൽ പ്രഖ്യാപിച്ച അങ്കമാലി –എരുമേലി (111 കിലോമീറ്റർ) പദ്ധതിയിൽ 70 കിലോമീറ്റർ ഭൂമി കല്ലിട്ടു തിരിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന നൂറുക്കണക്കിനു കുടുംബങ്ങളുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ടമായി തൊട‌ുപുഴ വരെയെങ്കിലും ശബരി പാത നിർമിച്ചു ജനങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്നു ശബരി റെയിൽവേ ആക്‌ഷൻ കൗൺസിൽ ഫെഡറേഷനും ആവശ്യപ്പെടുന്നു.

English Summary:

The Railway Ministry has asked Kerala to bear half the cost (₹3,600 crore) of the proposed Chengannur-Pamba railway line. However, the state is already struggling to fund its share of the previously announced Angamaly-Erumeli (Sabari) line project. With landowners along the Sabari line demanding compensation and project completion, the state faces a difficult decision.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com