കോവളം തീരം ശുചീകരിച്ച് വിനോദ സഞ്ചാരികൾ; ആരെയും കുറ്റപ്പെടുത്താനില്ലെന്ന് മറുപടി
Mail This Article
കോവളം ∙ ടൂറിസം സീസൺ തുടങ്ങിയ കോവളം തീരം ശുചിയാക്കാൻ വിദേശ സഞ്ചാരികൾ. ജർമൻ സഞ്ചാരി റോബർട്ടാണ്(30) ആദ്യം പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും പെറുക്കി കൂട്ടാൻ തുടങ്ങിയത്. പിന്നാലെ റഷ്യയിൽ നിന്നുള്ള ജൂലിയ(29)യും പങ്കു ചേർന്നു. വടക്കേ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളും ഇവർക്കൊപ്പം ചേർന്നു.
ഏതാനും മണിക്കൂറുകൾ ശുചീകരണ യജ്ഞം നീണ്ടു. വൈകിട്ടായതോടെ നിർത്തി. മാലിന്യാവസ്ഥയിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നാണ് റോബർട്ടിന്റെയും ജൂലിയയുടെയും പക്ഷം. ഈ പ്രകൃതിയെ തങ്ങൾക്ക് ഇഷ്ടമാണ്. ഇതിനെ ശുചിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മൾക്കുണ്ട് എന്ന നിലയ്ക്കാണ് ശുചീകരണം നടത്തിയതെന്നു ഇരുവരും പറഞ്ഞു.
നാട്ടിൽ സ്വകാര്യ കമ്പനി മാനേജർ ആയ ജൂലിയ സഞ്ചാരി സംഘത്തോടൊപ്പം മൂന്നാം തവണയാണ് കോവളത്ത് എത്തുന്നത്. നാട്ടിൽ സ്വന്തം ബിസിനസ് നടത്തുന്ന റോബർട്ട് കോവളത്ത് ഇതാദ്യം.