ഒന്നാമത് റാഗ്‌ബാഗ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Mail This Article
തിരുവനന്തപുരം ∙ കാഴ്ചയെന്നാൽ നേർരേഖയിലെ നോട്ടങ്ങൾ മാത്രമല്ലെന്നും ഇടത്തും വലത്തും മുകളിലും കാഴ്ചയുടെ വൈവിധ്യങ്ങൾ വിസ്മയിപ്പിക്കാൻ കാത്തിരിപ്പുണ്ടെന്നും പ്രഖ്യാപിക്കുന്ന ഒന്നാമത് റാഗ്‌ബാഗ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സംഘടിപ്പിക്കുന്ന മേളയിൽ ഇന്ത്യയെ കൂടാതെ പോളണ്ട്, ഡെന്മാർക്ക്, ജർമനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, നെതർലൻഡ്സ്, സ്പെയിൻ, ചിലെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും.
മംഗനിയർ സെഡക്‌ഷനാണ് ഈ മേള കാത്തിരിക്കുന്ന അത്ഭുതം. ലോകത്തെ എഴുന്നൂറ് വേദികളെ വിസ്മയിപ്പിച്ച മംഗനിയർ സംഘം ആദ്യമായി അനന്തപുരിയെ വിസ്മയിപ്പിക്കാനെത്തും. മലയാളിയായ റോയ്‌സ്റ്റൻ അബേലാണ് ഈ അപൂർവ കലാവിരുന്ന് സംവിധാനം ചെയ്തിരിക്കുന്നത് . രാജസ്ഥാനി നാടോടി സംഗീത പാരമ്പര്യത്തിൽ നിന്ന് കണ്ടെടുത്ത ഈ സംഗീത ശില്പത്തിൽ നാൽപതിൽപരം സംഗീതജ്ഞർ പങ്കെടുക്കും. നാലു നില കെട്ടിടത്തിന്റെ ചട്ടക്കൂട് ഉപയോഗപ്പെടുത്തികൊണ്ട് വെളിച്ചത്തിന്റെ വർണ്ണ വിന്യാസത്തിൽ സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം സൃഷ്ടിക്കുന്നു. കേരളത്തിലെ കലാസ്വാദകർ ആകാംഷയോടെ കാത്തിരുന്ന മംഗനിയർ സെഡക്‌ഷൻ കാഴ്ചക്കാർക്ക് ഒരു നവ്യാനുഭൂതിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മൂന്നു രാജ്യങ്ങളുടെ സംയുക്ത കലാവിഷ്കാരമാണ് ഒരു പൂമാല കഥ , ഓസ്ട്രേലിയയിൽ നിന്നുള്ള പീറ്റർ കുക്കും മലയാളിയായ അഭിലാഷ് പിള്ളയും സംവിധായകരാകുമ്പോൾ ഇറ്റലിയിൽ നിന്നുള്ള ഗുസ്‌സേപ്പേ ലോമിയോ സംഗീതം നിർവഹിക്കുന്നു . സർക്കസ്, ട്രപ്പീസ്, ജഗ്ഗലിങ്, മാജിക്ക്, സംഗീതം, നൃത്തം, അഭിനയം, പാവകളി ഇങ്ങനെ പല കലാ ഘടകങ്ങളുടെ സംയോജനത്തിലൂടെ പാലാഴി മഥനത്തിന്റെ കഥയെ സമകാലികമായി വ്യാഖ്യാനിച്ചു ഇതിലൂടെ രംഗത്തു അവതരിപ്പിക്കും.
സംഗീതത്തിന്റെ മറ്റൊരു വിസ്‌മയം തീർക്കാനെത്തുന്നത് ഡൽഹിയിൽ നിന്നുള്ള അനിരുദ്ധ് വർമ കലക്ടീവാണ്. ഇന്ത്യയുടെ മഹത്തായ സംഗീത പാരമ്പര്യത്തിന്റെ മഹത്വം ആഗോള തലത്തിലെത്തിക്കുന്നതിനു പ്രതിജ്ഞാബദ്ധമായ സംഘമാണ് അനിരുദ്ധ് വർമ കലക്ടീവ് . പിയാനിസ്റ്റും കമ്പോസറുമായ അനിരുദ്ധ് വർമ മേളയ്ക്ക് എത്തുന്നത് ഒരു ആഗോള സംഗീത സംഘവുമായാണ് . അമേരിക്ക കാനഡ ഇന്ത്യ എന്നിവടങ്ങളിൽ നിന്നുള്ള സംഗീത കലാകാരുടെ സംഘമാണ് റാഗ്‌ബാഗ് മേളയ്ക്ക് എത്തുക.
ലൂയിസ് കാരോളിന്റെ വിഖ്യാത കൃതിയായ ആലീസിന്റെ അത്ഭുതലോകത്തെ ഒറ്റയാൾ പ്രകടനത്തിലൂടെ അരങ്ങിലെത്തിക്കുന്ന ഡെന്മാർക്കിൽ നിന്നുള്ള റ്റിൽഡേ നുഡ്സൺ, നടിക്കാൻ രംഗത്തു ആരുമില്ലെങ്കിലിലും ജലവും സംഗീതവും വെളിച്ചവും കൊണ്ട് അരങ്ങിനെ വിസ്മയിപ്പിക്കാൻ ബെൽജിയത്തിൽ നിന്നുള്ള ഷാഡോ ഡാൻസ് എന്നിവയും മേളയിലുണ്ടാകും
മൂകാഭിനയം, സർക്കസ്, ഫിസിക്കൽ കോമഡി എന്നിവയിലൂടെ തീവ്രമായ കാഴ്ചനുഭവം സൃഷ്ടിക്കുന്ന ജർമനിയിൽ നിന്നുള്ള ബനാൻ ഓ രാമ, ഏരിയൽ സർക്കസ് , ലംബ നൃത്തം, അമ്പത് മീറ്റർ ഉയരത്തിൽ ആക്രോബാറ്റിക്സ് എന്നിവയുമായി ഇറ്റലിയിൽ നിന്നും എത്തുന്ന ക്യൂബോ. ഫ്രാൻസിൽ നിന്നുള്ള മൈ വിങ്, പാവകളി , പാരച്യൂട്ട് നൃത്തം, സംഗീതം എന്നിവയിലൂടെ പുതിയൊരു ഭാവതലം സൃഷ്ടിക്കും. സ്പെയ്നിൽ നിന്നുള്ള വൗ ! ജീവിതത്തിന്റെ ലളിത സന്തോഷങ്ങളുടെ ആഘോഷങ്ങളുമായി തെരുവ് കോമാളി എത്തുന്നു . ചിലെയിൽ നിന്നുള്ള റിതോ പാറ ഉൻ വാൾസ് സർക്കസും തിയേറ്ററും സംഗമിക്കുന്ന അപൂർവ കലാവിരുന്നാണ് , ഒരു വയലിനിസ്റ്റും രണ്ടു കലാകാരന്മാരും ചേർന്ന് വസ്ത്രങ്ങളുടെ അവിരാമമായ ആഘോഷത്തിലൂടെ മനുഷ്യസ്വത്വത്തിന്റെ സങ്കീർണതയും വൈവിധ്യവും രംഗത്ത് അവതരിപ്പിക്കുന്ന ക്യാറ്റ് വാക്ക് നെതർലൻഡ്‌സ് കലാകാരൻമാർ അവതരിപ്പിക്കുന്നു
ജയാ ജയ്റ്റ്‌ലി ക്യൂറേറ്റ് ചെയുന്ന മുപ്പത്തി മൂന്നു കരകൗശല സംഘങ്ങളുടെ ക്രാഫ്റ്റ് മേള, പ്രസിദ്ധ പാചക വിദഗ്ധ അനുമിത്ര ഘോഷ് ക്യൂറേറ്റ് ചെയ്യുന്ന നാഗാലാൻഡ്, ശ്രീലങ്കൻ തമിഴ്, നിസാമുദ്ധീൻ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത ഭക്ഷണങ്ങളുടെ മേള, രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന നിഴൽപ്പാവ കൂത്ത്, കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ് , ജലീലും ഷാനവാസും അവതരിപ്പിക്കുന്ന കബീർ ദാസിന്റെ കവിതകളുടെ ആവിഷ്കാരം തുടങ്ങി 300ൽ അധികം കലാകാരമാർ ക്രാഫ്റ്റ് വില്ലേജിലെ 9 വേദികളിൽ 32 കലാവതരണങ്ങൾ നടത്തും. ജനുവരി 14 മുതൽ 19 വരെയുള്ള റാഗ്‌ബാഗ് മേള കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് സംഘടിപ്പിക്കുന്നത്. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ലഭ്യമാണ്.