കുളിർമ തേടി കോവളത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഏറെയും എത്തുന്നത് വിദേശ സഞ്ചാരികൾ

Mail This Article
കോവളം ∙ ചൂട് അമിതമാകുമ്പോൾ കുളിർമ തേടി സഞ്ചാരികൾ കോവളത്തേക്ക്. വിദേശികൾക്കൊപ്പം ധാരാളം സ്വദേശ സഞ്ചാരികളാണ് കോവളത്ത് കടൽക്കുളിക്കായി എത്തുന്നത്. ഹവ്വാ, ലൈറ്റ് ഹൗസ് ബീച്ചുകളിൽ ഏറെയും എത്തിയത് സ്വദേശ സഞ്ചാരികൾ. രാവിലെ എത്തിയ സഞ്ചാരികൾ മണിക്കൂറുകളോളം കടലിൽ കുളിച്ച് രസിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ പലരും വൈകിട്ടു വരെയും തീരത്തു തുടർന്നു. പലരും ആഹാര വസ്തുക്കളുമായി എത്തി തീരത്തിരുന്നു ഭക്ഷിച്ചാണ് മടങ്ങിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതാണ് സ്ഥിതിയെന്നു ലൈഫ് ഗാർഡുകൾ പറഞ്ഞു. കടൽക്കാറ്റും കടൽക്കുളിയും ചൂടിന് തെല്ല് ആശ്വാസമാകുന്നതായി സഞ്ചാരികൾ പറയുന്നു. വിദേശ സഞ്ചാരികളും സാധാരണയിലേറെ സമയം കടൽക്കുളിക്കായി ചെലവിടുന്നുണ്ട്. സീസൺ മധ്യത്തിലാണ് കോവളം. അടുത്ത മാസം പകുതിയോടെ വിദേശ സഞ്ചാരികളിൽ നല്ലൊരു പങ്കും മടങ്ങുന്നതോടെ സീസൺ അവസാനിക്കും.
വികസനം സ്തംഭിച്ചു
∙ രാജ്യാന്തര വിനോദ സഞ്ചാര തീരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു 4 വർഷം മുൻപ് പ്രഖ്യാപിച്ച 93 കോടി രൂപയുടെ വികസന പദ്ധതി ഇപ്പോഴും പ്രഖ്യാപനത്തിൽ തുടരുന്നു. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങളിൽ തട്ടി പദ്ധതി സ്തംഭിച്ചതായി അധികൃതർ പറഞ്ഞു.
മാലിന്യക്കുളം
∙ ടൂറിസം കേന്ദ്രത്തിന്റെ മുഖം വികൃതമാക്കി ബീച്ചിലെ രണ്ടിടങ്ങളിൽ തുടരുന്ന മാലിന്യക്കുളങ്ങൾ അതേ പടി തന്നെ.കഴിഞ്ഞ ആഴ്ച നഗരസഭ സെക്രട്ടറി ടൂറിസം അധികൃതരുൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചതായി ബന്ധപ്പെട്ടവർ പറയുന്നു.എന്നാൽ ഫലപ്രദമായ നടപടി ഇല്ലാത്തതിനെതിരെ പ്രതിഷേധമുണ്ട്. ലൈറ്റ് ഹൗസ്, ഇടക്കല്ല് പാറ എന്നീ രണ്ടിടങ്ങളിലാണ് മാലിന്യക്കുളങ്ങൾ. ബീച്ചുകളുടെ പിൻ ഭാഗങ്ങളിൽ നിന്നു ഒഴുക്കി വിടുന്ന വിവിധ മാലിന്യങ്ങളുൾപ്പെട്ട ജലമാണ് കെട്ടിക്കിടന്ന് ദുർഗന്ധം വമിപ്പിക്കുന്നത്.
സൂര്യാതപമേറ്റു
∙ തീരത്ത് എത്തിയ വിദേശ സഞ്ചാരി യുവാവിനു സൂര്യാതപം ഏറ്റു. ഇംഗ്ലണ്ടിൽ നിന്നുള്ള ക്രിസ്റ്റഫ(25)റിനാണ് കഴുത്തിലും ശരീരത്തിന്റെ പുറം ഭാഗത്തും സൂര്യാതപം ഏറ്റതെന്നു ബീച്ചിലുള്ളവർ പറഞ്ഞു.