വിഴിഞ്ഞം രാജ്യാന്തര തുറമുഖം; വികസന പ്രതീക്ഷകളിൽ ബാലരാമപുരം

Mail This Article
ബാലരാമപുരം∙ വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് തുരങ്ക റെയിൽപാതയ്ക്ക് അനുമതിയായതോടെ ബാലരാമപുരത്തെ കാത്തിരിക്കുന്നത് വൻ വികസന സാധ്യതകൾ. വിഴിഞ്ഞം–നാവായിക്കുളം റിങ് റോഡും കരമന–കളിയിക്കാവിള റോഡ് 4 വരിയായി വികസിപ്പിക്കുന്ന ജോലികളും പൂർത്തിയാകുന്നതോടെ ബാലരാമപുരത്ത് വൻകിട കമ്പനികളും ഹോട്ടൽ ശൃംഖലകളും വരാനൊരുങ്ങുകയാണ്.
പ്രമുഖ ബ്രാൻഡുകൾ പലതും ഇതിനകം ബാലരാമപുരത്തെ നോട്ടമിട്ടിട്ടുണ്ട്. വസ്ത്ര വ്യാപാരികൾ, വൻകിട ജ്വല്ലറികൾ, ഹോട്ടലുകൾ, മാളുകൾ എന്നിവ ബാലരാമപുരത്തേക്കെത്തും. പലരും ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവളത്തെത്തുന്ന സഞ്ചാരികളെയും തുറമുഖത്തെത്തുന്ന കപ്പൽ കമ്പനി ജീവനക്കാരെയും നോട്ടമിട്ട് ഹോട്ടൽ ശൃംഖലകൾ പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നു 10 കിലോമീറ്ററിൽ താഴെ സഞ്ചരിച്ചാൽ ബാലരാമപുരത്തെത്താം. തലസ്ഥാന നഗരത്തിന്റെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാകാനുമാകും..
ബാലരാമപുരത്തിന്റെ പൈതൃക സ്വത്തായ പരമ്പരാഗത കൈത്തറി വ്യവസായത്തിനും ഇത് മുതൽക്കൂട്ടാകും. കരമന–കളിയിക്കാവിള റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട കൊടിനട മുതൽ വഴിമുക്ക് വരെയുള്ള 1.6 കിലോമീറ്റർ ദൂരം 30.2 മീറ്ററിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിത്തുടങ്ങിയതോടെ നാട്ടുകാരും ഇതുവഴിയുള്ള യാത്രക്കാരും വൻ പ്രതീക്ഷയിലാണ്.
ബാക്കി സ്ഥലം കൂടി പണം നൽകി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതോടെ കുറഞ്ഞ ദിവസംകൊണ്ട് 4 വരിപ്പാത നിർമാണം പൂർത്തിയാകും. വൻ തുക നൽകി ഭൂമി ഏറ്റെടുക്കുന്ന നടപടി റവന്യുവകുപ്പ് ആരംഭിച്ചതോടെ സ്ഥലം വിട്ടുനൽകാൻ നാട്ടുകാർ മുന്നോട്ടുവന്നു തുടങ്ങി. ഇതുകാരണം സർക്കാർ നടപടിക്ക് വേഗം കൈവന്നിട്ടുണ്ട്. റോഡ് വീതികൂടുന്നതോടെ യാത്രക്കാർ അനുഭവിച്ചുവരുന്ന യാത്രാക്ലേശം, സമയനഷ്ടം, ഇന്ധന നഷ്ടം എന്നിവയ്ക്കു പരിഹാരമാകും. റെയിൽപാത പൂർത്തിയാകുന്ന മുറയ്ക്ക് ബാലരാമപുരം റെയിൽവേ സ്റ്റേഷനും പുതുജീവൻ കൈവരും.