പക്ഷാഘാതം ബാധിച്ചയാളും കുടുംബവും ജപ്തിയുടെ വക്കിൽ; ഉപജീവനത്തിന് മാർഗമില്ലാതെ കുടുംബം

Mail This Article
പാലോട് ∙ അഞ്ചു വർഷമായി പക്ഷാഘാതം ബാധിച്ചയാളുടെ വീടും വസ്തുവും ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക് അധികൃതർ. കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ഇന്നലെ ജപ്തിക്കായി പൊലീസ് സംരക്ഷണത്തോടെ എത്തിയെങ്കിലും വീട്ടിൽ ആളില്ലാത്തതിനാൽ കിടപ്പുരോഗിയെ മാറ്റാൻ കഴിഞ്ഞില്ല. തുടർന്ന്, ജപ്തി നടപടി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി സംഘം മടങ്ങി. നന്ദിയോട് പുലിയൂർ പേയ്ക്കാമൂല ജിതേഷ് ഭവനിൽ ഭിന്നശേഷിക്കാരനും സഹകരണ സംഘത്തിലെ സെക്രട്ടറിയുമായിരുന്ന ജി.മോഹൻലാലും കുടുംബവുമാണ് ജപ്തി ഭീഷണി നേരിടുന്നത്.
വസ്തു വാങ്ങി വീട് വയ്ക്കാനായി 17,72,000 രൂപയാണ് ബാങ്ക് ഓഫ് ബറോഡ നെടുമങ്ങാട് ബ്രാഞ്ചിൽനിന്ന് മോഹൻലാൽ വായ്പ എടുത്തത്. പ്രതിമാസ ഇൻസ്റ്റാൾമെന്റ് കൃത്യമായി അടച്ചിരുന്നു. വീടുപണി പകുതിയായപ്പോഴാണ് മോഹൻലാൽ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായത്. ഇതോടെ ബാക്കി തുക ചികിത്സയ്ക്കായി വിനിയോഗിച്ചു. വീട് പണി പാതിവഴി നിലച്ചു, ഇൻസ്റ്റാൾമെന്റും മുടങ്ങി. ഭാര്യ മിനിക്ക് സഹകരണ സംഘത്തിൽ ഉണ്ടായിരുന്ന ചെറിയ ജോലി നഷ്ടപ്പെട്ടു. ഇതോടെ കുടുംബം ദുരിതത്തിലായി. ദിവസവും നല്ലൊരു തുക മരുന്നിനായി വേണം. രണ്ട് ആൺമക്കൾ പ്ലസ് ടു പഠനം കഴിഞ്ഞ് നിൽക്കുന്നു.
ഈ മാസം 3,70,000 രൂപ അടച്ചാൽ നടപടികളിൽനിന്ന് ഒഴിവാക്കാമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.നന്ദിയോട് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറിയായിരുന്നു മോഹൻലാൽ. പക്ഷാഘാതം വന്ന് കിടപ്പിലായതിനെ തുടർന്ന് ജോലിക്ക് പോകുന്നില്ല. പോളിയോ ബാധിച്ചാണ് ഒരു കാലിന് വൈകല്യം സംഭവിച്ചത്. ഇതിനു പിന്നാലെയാണ് പക്ഷാഘാതവും വേട്ടയാടിയത്. മാനുഷിക പരിഗണനവച്ച് പരമാവധി സമയം നൽകിയെന്നും ഇനി ഒന്നും ചെയ്യാനാവില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.