നാശംവിതച്ച് വേനൽമഴ; കിളിമാനൂർ പഞ്ചായത്തിൽ പരക്കെ കൃഷിനാശം

Mail This Article
കിളിമാനൂർ∙ കഴിഞ്ഞ ദിവസത്തെ വേനൽ മഴയിലും കാറ്റിലും പഞ്ചായത്തിലെ മലയാമഠം വാലഞ്ചേരി, ആലത്തുകാവ്, മുളയ്ക്കലത്തുകാവ് പ്രദേശങ്ങളിൽ കാർഷിക വിളകൾക്ക് കനത്ത നാശം. വാഴക്കൃഷിക്കാണു വലിയ നാശം ഉണ്ടായത്. പഞ്ചായത്ത് അംഗം എം.ജയകാന്ത്, കർഷകരായ മലയാമഠം സ്വദേശി ശശിധരൻനായർ, മലയാമഠം ബഷീറുദ്ദീൻ, വാലഞ്ചേരി ബാലൻ, മുളയ്ക്കലത്തുകാവ് മോഹൻദാസ് എന്നിവരുടെ വാഴ, പച്ചക്കറി, മരച്ചീനി എന്നീ കൃഷികൾ പാടേ നശിച്ചു. എം.ജയകാന്തിന്റെ കുലച്ച നൂറോളം കപ്പ, ഏത്തൻ വാഴകൾ കാറ്റിൽ നിലംപതിച്ചു. മൊത്തം 8 ലക്ഷം രൂപയുടെ കൃഷി നശിച്ചതായി കൃഷി ഓഫിസർ അനുചിത്ര അറിയിച്ചു.പഞ്ചായത്തിലെ ആലത്തുകാവിൽ ലക്ഷ്മി നിവാസിൽ റജിയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ പറന്നു പോയി. ആലത്തുകാവിൽ ലതിക, റൂഹാനത്ത് ബീവി എന്നീവരുടെ വീടുകളുടെ ഓട് കാറ്റിൽ പറന്നു പോയി. ശക്തമായി കാറ്റിലും മഴയിലും ഒട്ടേറെ മരങ്ങൾ ഒടിഞ്ഞുവീണു. വൈദ്യുതത്തൂണുകൾക്കും വലിയ നാശം ഉണ്ടായി.