മണ്ണിടിച്ചിൽ ഭീഷണിയിൽ പേടിച്ച് കുടുംബങ്ങൾ

Mail This Article
വരവൂർ∙ തിച്ചൂർ കോഴിക്കുന്ന് കോളനിയിൽ 30ൽപരം കുടുംബങ്ങൾ മഴ കനത്തതോടെ മണ്ണിടിച്ചിൽ ഭീഷണിയിൽ. കാലങ്ങളായി ഇൗ പട്ടികജാതി കുടുംബങ്ങൾ കോഴിക്കുന്നിലെ വനഭൂമിയിലാണ് താമസിക്കുന്നത്. മഴ കനത്ത് മണ്ണു കുതിരുന്നതോടെ മണ്ണിടിച്ചിൽ തുടങ്ങും. പല കുടുംബങ്ങളും ഭീതിയോടെയാണ് അന്തിയുറങ്ങുന്നത്. മണ്ണിടിഞ്ഞ് പല വീടുകളുടെയും തറഭാഗം വരെ ഇടിഞ്ഞുപോകുമെന്ന നിലയാണ്. വീടുകളുടെ തൊട്ടു സമീപം വരെ മണ്ണിടിഞ്ഞ് വീഴുന്നു. പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായി കോളനിയിലെ പല വീടുകളും ഭാഗികമായി തകർന്നിരുന്നു.
മഴ ശക്തമായി തുടരുന്ന പക്ഷം പല വീട്ടുകാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട സ്ഥിതിയാണ്. കോഴിക്കുന്നിൽനിന്ന് താഴേക്കുമാറി സുരക്ഷിതമായ സ്ഥലത്ത് വീട് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രളയകാലത്തിനു പിന്നാലെ കോളനിയിലെ 20 കുടുംബങ്ങൾക്ക് 5 സെന്റ് സ്ഥലം വാങ്ങാൻ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. അവരിൽ പലർക്കും ലൈഫ് പദ്ധതി വഴി വീടും അനുവദിച്ചിട്ടുണ്ട്. എന്നാൽ ശേഷിക്കുന്ന 30 കുടുംബങ്ങളാണ് ഭീഷണിയിൽ ഇവിടെ കഴിയുന്നത്. ഇൗ കുടുംബങ്ങള്‍ക്ക് വീടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിച്ചൂരിലെ പൊതുപ്രവർത്തകനായ എം.രവീന്ദ്രന്റെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകി.