അടയ്ക്ക വില കുറയുന്നു: ആശങ്കയിൽ കർഷകർ
Mail This Article
പഴഞ്ഞി∙ അടയ്ക്കയുടെ വിലയിടിവ് കർഷകർക്ക് തിരിച്ചടിയാകുന്നു. 3 മാസം മുൻപ് വരെ 20 കിലോ അടയ്ക്കയ്ക്ക് 8500–9000 രൂപ നിരക്കിൽ കച്ചവടം നടന്നിരുന്നു. എന്നാൽ ഇന്നലെ പഴഞ്ഞി അടയ്ക്ക മാർക്കറ്റിൽ പുതിയ അടയ്ക്ക 6600–7050 തോതിലാണ് കച്ചവടം നടന്നത്. പഴയ അടയ്ക്ക 7600–7820 നിരക്കിലും രണ്ടാംതരം 4600–5900 തോതിലുമാണ്. വടക്കേ ഇന്ത്യയിലേക്കാണ് പഴഞ്ഞി മേഖലയിൽ നിന്ന് അടയ്ക്ക കയറ്റുമതി ചെയ്യുന്നത്.
എന്നാൽ ഇപ്പോൾ ആവശ്യക്കാർ കുറഞ്ഞതും അടയ്ക്കയുടെ വിലയിടിവിന് കാരണമായി. 2 വർഷം മുൻപ് 20 കിലോ അടയ്ക്കയ്ക്ക് 10,000 രൂപ വരെ വിലയെത്തിയിരുന്നു. ഇതേ തുടർന്ന് ഒട്ടേറെ കർഷകർ കമുക് കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. എന്നാൽ അടയ്ക്ക വിലയിടിഞ്ഞതോടെ കൃഷിച്ചെലവ് പോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. ജില്ലയിലെ ഏറ്റവും വലിയ അടയ്ക്ക വിപണിയായ പഴഞ്ഞി മാർക്കറ്റിലും ഇപ്പോൾ അടയ്ക്ക വിൽപനയ്ക്ക് എത്തുന്നത് ഗണ്യമായി കുറഞ്ഞു. മഹാളിയും മഞ്ഞളിപ്പും മൂലം മേഖലയിൽ അടയ്ക്ക ഉൽപാദനം കുറയുകയാണ്.