ADVERTISEMENT

മണ്ണുത്തി ∙ അന്തരിച്ച നടൻ ജയന്റെ വെള്ളിത്തിരയിലെ ജീവിതം തുടങ്ങിയിട്ട് ഇന്നു 50 വർഷം പൂർത്തിയാകുന്നു, ആഘോഷമാക്കാനൊരുങ്ങി തൃശൂരിലെ ആരാധകർ. ജയൻ ആദ്യമായി അഭിനയിച്ച ജേസി സംവിധാനം ചെയ്ത ‘ശാപമോക്ഷം’ എന്ന ചിത്രം റിലീസ് ചെയ്തത് 1974 ഫെബ്രുവരി 15നാണ്. 

ജയൻ സിനിമയിലെത്തിയതിന്റെ സുവർണജൂബിലി ദിനത്തിൽ ജയന്റെ സ്മരണക്കായി കേരളത്തിൽ ആദ്യമായി ബസ് സ്റ്റോപ് നിർമിക്കുകയും ജയന്റെ എല്ലാ ചിത്രങ്ങളുടേയും പോസ്റ്ററുകളും ചിത്രങ്ങളും പൊതുജനങ്ങൾക്കായി ഒരുക്കുകയും ചെയ്ത ജയൻ മെമ്മോറിയൽ സാംസ്കാരിക വേദി പ്രവർത്തകർ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

ജയൻ അഭിനയിച്ചു പൂർത്തിയാക്കിയ 116 സിനിമകളുടേയും പുറത്തിറങ്ങാത്ത 3 ചിത്രങ്ങളുടേതുമുൾപ്പെടെയുള്ള എല്ലാ സിനിമകളുടേയും പോസ്റ്ററുകളും വിവിധ ചിത്രങ്ങളും പ്രദർശിപ്പിക്കുന്ന ബസ് സ്റ്റോപ്പ് തൃശൂർ–മണ്ണുത്തി റോഡിലെ ബൈപാസ് ജംക‍്‍ഷനിലാണ്.

2015ൽ സുനിൽ മണ്ണുത്തി, അഡ്വ. എ.എൻ. സതീഷ്കുമാർ, വിനോദ് ലാലൂർ, സേതു താണിക്കുടം എന്നിവർ ചേർന്നാണു 2015ൽ സംഘടന രൂപീകരിച്ചത്. 2015ൽ ‘നായാട്ട്’ എന്ന ചിത്രം സംഘടന മുൻകൈയെടുത്തു ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. തുടർന്ന് ‘ആവേശം,’ ‘അന്തപുരവും തടവറയും’ എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു. 

ജയന്റെ മരണം കഴിഞ്ഞു 44 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിനോടുള്ള ആരാധനയുടെ ആവേശം നഷ്ടപ്പെടാത്ത ആരാധർ അദ്ദേഹത്തെ എന്നും ഓർമിപ്പിക്കുന്നതിനുള്ള നിത്യ സ്മാരകം പരിപാലിച്ചുപോരുന്നു. 2022 ഓഗസ്റ്റ് 6നും കഴിഞ്ഞ വർഷം ഡിസംബർ 3നുമായാണു ആർട്ട് ഗ്യാലറി സഹിതം ബസ് സ്റ്റോപ് ഉദ്ഘാടനം ചെയ്തത്.  ജയന്റെ ജന്മദിനമായ ജൂലൈ 25നും ചരമദിനമായ നവംബർ 16നുമാണ് സംഘടന ജയൻ അനുസ്മരണങ്ങൾ സംഘടിപ്പിക്കാറുള്ളത്. ജയൻ ചലച്ചിത്രോത്സവങ്ങളും സംഘടിപ്പിക്കാറുണ്ട്.

എ.എൻ. സതീഷ് കുമാർ‌(പ്രസി), ബിന്ദു ബാംസുരി (വൈസ് പ്രസി), സുനിൽ മണ്ണുത്തി(സെക്ര), എം.എസ്. ജയകുമാ‍ർ(ജോയിന്റ് സെക്ര),വിനോദ് ലാലൂർ(ട്രഷറർ), പി.എസ്. സനൽദാസ്, ബഫീക് ബക്കർ, വി.ജി. ജിജോ, സേതു താണിക്കുടം, കെഎം. മൊയ്തുണ്ണി എന്നിവരാണ് സംഘടനയുടെ ഇപ്പോഴത്തെ ഭാരവാഹികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com