സമഗ്ര ശുദ്ധജല പദ്ധതി വൈകുന്നതിൽ പ്രതിഷേധം

Mail This Article
പടിഞ്ഞാറത്തറ ∙ സമഗ്ര ശുദ്ധജല പദ്ധതി വൈകുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയാണ് വൈകുന്നത്. ബാണാസുര ഡാമിൽ നിർമിച്ച കിണറ്റിൽ നിന്ന് തരിയോട് കമ്പനിക്കുന്നിലെ ടാങ്കിൽ വെള്ളം എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.ടാങ്ക്, ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ നിർമാണം 7 വർഷം മുൻപ് പൂർത്തിയാക്കി. ഡാമിലെ കിണർ, പമ്പ് ഹൗസ് എന്നിവയുടെ നിർമാണം കഴിഞ്ഞിട്ടും വർഷങ്ങളായി. എന്നാൽ പ്ലാന്റിൽ നിന്ന് എത്തുന്ന വെള്ളം സംഭരിക്കുന്നതിനായി പഞ്ചായത്തുകളിൽ ആവശ്യമായ ടാങ്കുകളുടെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല.
അത് പദ്ധതി വൈകാൻ ഇടയാക്കുമെന്നതിനാൽ ഡാമിൽ നിന്ന് വെള്ളം കമ്പനിക്കുന്നിൽ എത്തിച്ച് ഇവിടെ നിന്നുള്ള വിതരണ മേഖലയിൽ ശുദ്ധജലവിതരണം നടത്താനായിരുന്നു പദ്ധതി.ഡാമിൽ നിന്ന് കമ്പനിക്കുന്നിലേക്ക് വെള്ളം എത്തിക്കാനുള്ള പൈപ്പ് സ്ഥാപിക്കുന്നത് അടക്കമുള്ള എല്ലാ പ്രവൃത്തികളും പൂർത്തിയായിട്ട് നാളേറെയായി. എന്നിട്ടും ആദ്യ ഘട്ടം പ്രവർത്തനം വൈകുന്നതാണ് പരാതിക്കിടയാക്കുന്നത്. വേനൽ കനക്കുന്നതോടെ മിക്കയിടങ്ങളിലും ജല ലഭ്യത വൻ തോതിൽ കുറയും. അതിനാൽ ഈ പദ്ധതിയിലാണ് നാട്ടുകാരുടെ പ്രതീക്ഷ. ദിവസം 80 ലക്ഷം ലീറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റ് ആണ് കമ്പനിക്കുന്നിൽ ഉള്ളത്.
നിർമാണത്തിന്റെ ഭാഗമായി ഇവിടെ ആവശ്യമായ വൈദ്യുത ഉപകരണങ്ങളും മോട്ടറുകളും സ്ഥാപിച്ചിട്ട് വർഷങ്ങളായി. നിലവിൽ ഇവയ്ക്കെല്ലാം കേടുപാട് സംഭവിച്ചിട്ടുണ്ട്. എന്നാൽ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. ശുദ്ധീകരണ പ്ലാന്റിലേക്കും മറ്റ് പദ്ധതി പ്രദേശങ്ങളിലേക്കും എത്താനുള്ള റോഡ് നിർമാണവും ബാണാസുര ഡാമിലെ കിണറിനകത്ത് അടിഞ്ഞുകൂടിയ ചെളി നീക്കാനുള്ള പ്രവൃത്തിയുമാണ് ഇനി ആവശ്യമുള്ളത്. അതിനുള്ള പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇവ പരിഹരിക്കുന്നതോടെ ആദ്യഘട്ടം പ്രവർത്തനം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.