2023–ൽ 10 ലക്ഷം, 2024 ൽ 6 ലക്ഷം; വയനാട്ടിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കുറയുന്നു

Mail This Article
അമ്പലവയൽ∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കഴിഞ്ഞ വർഷം ജില്ലയിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിനും വൻ കുറവ്. 2023–ൽ 10 ലക്ഷം സഞ്ചാരികളും 6 കോടി ടിക്കറ്റ് വരുമാനവും ലഭിച്ചിരുന്നത് കഴിഞ്ഞ വർഷം 6 ലക്ഷം സഞ്ചാരികളായും മൂന്നര കോടി വരുമാനവുമായും കുത്തനെ കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ലക്ഷത്തിലേറെ സന്ദർശകരുടെ കുറവാണ് വിനോദ സഞ്ചാര മേഖലയിൽ കഴിഞ്ഞ വർഷമുണ്ടായത്.
2023–ൽ 10.13 ലക്ഷം പേരാണ് ജില്ലയിലെ ഡിടിപിസിയുടെ കീഴിലുള്ള 11 കേന്ദ്രങ്ങളിൽ മാത്രം സന്ദർശകരായി ടിക്കറ്റ് എടുത്തത്. കഴിഞ്ഞ വർഷമത് 6.36 ലക്ഷമായി കുറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിലെ കുറവ് ടിക്കറ്റ് വരുമാനത്തിലും കുറവ് വരുത്തി. 2023–ൽ 6.10 കോടി വരുമാനമുണ്ടായത് കഴിഞ്ഞ വർഷം 3.37 കോടിയിലേക്ക് കുറഞ്ഞു. 2023, 2024 വർഷത്തെ ജൂൺ മുതൽ ഡിസംബർ വരെയുള്ള വിനോദ സഞ്ചാരികളുടെ കണക്കുകളിലാണ് ഇത്രയും കുറവുണ്ടായത്.
ഉരുൾപൊട്ടലിനെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചതും പിന്നീട് സഞ്ചാരികളുടെ ഇവിടേക്ക് വരാനുള്ള ആശങ്കയുമെല്ലാം കഴിഞ്ഞ വർഷം ജില്ലയിലെ ടൂറിസത്തെ കാര്യമായി ബാധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിടിപിസിയുടെ കീഴിലല്ലാത്ത വനംവകുപ്പ്, ജലസേചന വകുപ്പ്, കെഎസ്ഇബി, പട്ടികവർഗ വകുപ്പ് എന്നിവയുടെ കീഴിലുള്ള ജില്ലയിലെ ബാക്കി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരുടെ എണ്ണം വൻ തോതിൽ കുറഞ്ഞിട്ടുണ്ട്. അതുകൂടെ കണക്കാക്കുമ്പോൾ വൻതോതിൽ സന്ദർശകർ കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
പൂക്കോട് തടാകത്തിലും എടയ്ക്കലിലും സന്ദർശകർ പകുതിയായി
ഡിടിപിസിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിലും എടയ്ക്കൽ ഗുഹയിലും സന്ദർശകർ വലിയ തോതിൽ കുറഞ്ഞു. പൂക്കോട് തടാകത്തിൽ 2023–ൽ 4.69 ലക്ഷം സഞ്ചാരികളെത്തിയത് കഴിഞ്ഞ വർഷം 2.85 ലക്ഷമായി കുറഞ്ഞു. ടിക്കറ്റ് വരുമാനം 3.24 കോടിയിൽ നിന്ന് 2.03 കോടിയിലേക്കും ഇടിഞ്ഞു. എടയ്ക്കൽ ഗുഹയിൽ പകുതിയായി കുറഞ്ഞില്ലെങ്കിലും അറുപതിനായിരത്തിലേറെ സന്ദർശകരുടെ കുറവാണ് കഴിഞ്ഞ വർഷമുണ്ടായത്. 23–ൽ 1.86 ലക്ഷം സന്ദർകരെത്തിയപ്പോൾ കഴിഞ്ഞ വർഷമത് 1.22 ലക്ഷമായി. വരുമാനം ഒരു കോടിയായിരുന്നത് 59.28 ലക്ഷത്തിലേക്കുമെത്തി. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൻകുറവാണുള്ളത്.

പ്രതീക്ഷയുടെ ടൂറിസം മേഖല
ദുരന്തത്തിന്റെ പിന്നാലെ ദുരിതത്തിലായ ടൂറിസം മേഖല പിന്നീട് ക്യാംപെയ്നും മറ്റുമായി തിരിച്ച് വരവിന്റെ ലക്ഷണങ്ങൾ കാട്ടുന്നുണ്ട്. എങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങൾ ഒാടിയിരുന്നവരുമെല്ലാം ഇപ്പോഴും പ്രതിസന്ധിയിലാണ്. സന്ദർശകർ കുറഞ്ഞതോടെ ഇവരുടെ വരുമാനം കുത്തനെ ഇടിഞ്ഞു. പിടിച്ചു നിൽക്കാനാകാതെ പലരും ഇൗ മേഖലയിൽ നിന്ന് പോയി. വ്യാപാര സ്ഥാപനങ്ങൾ കുറെയെണ്ണം പൂട്ടി. വാഹന സർവീസുകൾ നടത്തിയവർ മറ്റു ജോലികളിലേക്ക് പോയി. ഇപ്പോഴും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സമീപത്തായുള്ള വ്യാപാരം പൂർണമായും സജീവമായിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ഇനി അവധിക്കാലമെല്ലാം വരുന്നതിനാൽ വിനോദ സഞ്ചാര മേഖല മെച്ചപ്പെടുമെന്നും കൂടുതൽ സന്ദർശകരെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.