ഗ്രാമി വേദിയിൽ രുചി നിറച്ച് കേരളത്തിന്റെ കശുവണ്ടി; ആ ബ്രാൻഡിങ്ങിനു പിന്നിലെ മലയാളിയെ അറിയാം
Mail This Article
സംഗീതലോകത്തെ ഉന്നത ബഹുമതിയായ ഗ്രാമി പുരസ്കാരത്തിന്റെ വേദിയിലെത്തിയ സംഗീതപ്രതിഭകൾ നുണഞ്ഞത് കേരളത്തിന്റെ രുചി. ഗ്രാമിയിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്കു വിതരണം ചെയ്ത ഔദ്യോഗിക സമ്മാനപ്പൊതികളിൽ കേരളത്തിന്റെ സ്വന്തം കശുവണ്ടിയും ഇടം നേടിയിരുന്നു. മലയാളിയായ ഗണേശ് നായർ നേതൃത്വം നൽകുന്ന ‘കർമ നട്സ്’ ആയിരുന്നു കേരളത്തിന്റെ രുചി ഗ്രാമി വേദിയിലെത്തിച്ചത്. തൊണ്ടു കളയാതെ പ്രത്യേകം മഞ്ഞൾ പൊതിഞ്ഞ് സംസ്കരിച്ചെടുത്ത കശുവണ്ടിയാണ് സംഗീതപ്രതിഭകൾക്ക് സ്നാക്സ് ആയി വിതരണം ചെയ്തത്.
ഗ്രാമിയിലെത്തിയതിനു പിന്നിൽ
ഇത്തവണ വീഗൻ–വെൽനെസ് ഉൽപന്നങ്ങൾ മാത്രമേ അതിഥികൾക്കുള്ള സമ്മാനപ്പൊതിയിൽ ഉൾപ്പെടുത്തൂ എന്നൊരു തീരുമാനം ഗ്രാമി സിലക്‌ഷൻ കമ്മിറ്റി എടുത്തിരുന്നു. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (PETA) അംഗീകരിച്ച വീഗൻ സ്നാക്സ് ആണ് ഗണേശ് നായരുടെ ‘കർമ നട്സ്’. സ്വാഭാവികമായും ഗ്രാമി സിലക്‌ഷൻ കമ്മിറ്റിയുടെ അന്വേഷണം ഗണേശ് നായരിലെത്തി. അങ്ങനെയാണ് വിഖ്യാത ഗായകരായ ബില്ലി എലിഷും അരിയാന ഗ്രാന്‍ഡേയും ഡെമി ലൊവാറ്റോയുമെല്ലാം കേരളത്തിന്റെ കശുവണ്ടിയുടെ രുചിയറിഞ്ഞത്.
കർമ നട്സിന്റെ കൊല്ലം കണക്‌ഷൻ
കൊല്ലം സ്വദേശി ഗണേശ് നായർ 2014 ലാണ് കലിഫോർണിയയിൽ ‘കർമ നട്സ്’ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കേരളത്തിൽ സുലഭമായ കശുവണ്ടിയെ അമേരിക്കക്കാരുടെ പ്രിയപ്പെട്ട സ്നാക്സ് ആയി ബ്രാൻഡ് ചെയ്യുക എന്ന വലിയൊരു ഉദ്യമത്തിനാണ് ഗണേശ് ഇറങ്ങിത്തിരിച്ചത്. അതിനു കരുത്തു പകർന്നത് അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലമായിരുന്നു. 90 വർഷമായി കൊല്ലത്ത് കശുവണ്ടി വ്യവസായം നടത്തുന്നവരാണ് ഗണേശിന്റെ കുടുംബം. കശുവണ്ടിയുടെ പോഷകഗുണങ്ങൾ നിലനിർത്തുന്നതിനായി അതിന്റെ തൊണ്ട് പൂർണമായും നീക്കം ചെയ്യാതെയാണ് സംസ്കരിച്ചെടുത്തത്. രുചിയും പോഷകഗുണങ്ങളും സമന്വയിപ്പിച്ച ആ കശുവണ്ടി സ്നാക്സ് ആരോഗ്യകാര്യങ്ങളിൽ സവിശേഷ ശ്രദ്ധ പുലർത്തുന്ന അമേരിക്കക്കാർക്ക് നന്നേ പിടിച്ചു. ഹെൽത്തി ഫുഡ് പ്രോഡക്ടുകൾ മാത്രം തിരഞ്ഞെടുക്കുന്നവരുടെ ഇടയിൽ ശ്രദ്ധ നേടിയ കർമ നട്സ് ഗ്രാമി വേദിയിലെത്തിയതോടെ ഹോളിവുഡ് താരങ്ങളുടെയും ഇഷ്ടം നേടുകയായിരുന്നു.
കൊല്ലത്തുനിന്ന് അമേരിക്കയിലേക്ക്
എൻജിനീയറിങ്ങിൽ ബിരുദം നേടിയ ഗണേശ് നായർ ഉപരിപഠനത്തിനായാണ് 1998 ൽ അമേരിക്കയിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽനിന്ന് എംബിഎയും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഹെൽത് സയൻസസ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ ഗണേശ്, പ്രശസ്തമായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. പത്തുവർഷങ്ങൾക്കു ശേഷം ഗണേശ് തന്റെ സഹോദരൻ ഹരികൃഷ്ണനുമായി ചേർന്ന് ഫാമിലി ബിസിനസിൽ (വെസ്റ്റേൺ ഇന്ത്യ കാഷ്യു കമ്പനി) ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. പോഷകസമൃദ്ധമായ കശുവണ്ടിക്ക് അമേരിക്കയിൽ മതിയായ ബ്രാൻഡ് വാല്യു ഇല്ലെന്ന കാര്യം ഗണേശ് തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു. ആരോഗ്യകരമായ സ്നാക്സ് എന്ന രീതിയിൽ വിപണി കീഴടക്കിയിരുന്നത് ബദാമും പിസ്തയുമായിരുന്നു. അവയ്ക്കിടയിൽ കശുവണ്ടിക്ക് ഒരിടം നേടിയെടുക്കുക എന്ന വെല്ലുവിളി ഗണേശ് നായർ ഏറ്റെടുത്തു.
ബ്രാൻഡ് മൂല്യം നേടി കേരളത്തിന്റെ കശുവണ്ടി
പോഷകമൂല്യം നഷ്ടപ്പെടുത്താതെ സംസ്കരിച്ചെടുക്കുന്ന കശുവണ്ടിയാണ് കർമ നട്സ് വിപണിയിലെത്തിച്ചത്. കൊല്ലത്തുനിന്നാണ് പ്രധാനമായും കശുവണ്ടി ശേഖരിക്കുന്നത്. തൊണ്ടു കളയാതെ സംസ്കരിച്ചെടുക്കുന്ന ‘റാപ്പ്ഡ് കാഷ്യു’വിന് ലോകോത്തര നിലവാരം ഉറപ്പാക്കാൻ വർഷങ്ങൾ നീണ്ട പരീക്ഷണ ഗവേഷണങ്ങൾ വേണ്ടി വന്നുവെന്ന് ഗണേശ് നായർ പറയുന്നു. 2016 ൽ ഈ ശ്രമങ്ങൾക്കായുള്ള അംഗീകാരമെത്തി. പ്രകൃതിദത്ത പ്രോഡക്ടുകളുടെ ലോകോത്തര എക്സ്പോയിൽ മികച്ച ‘പുതിയ സ്നാക്സ്’ ആയി കർമ നട്സ് തിരഞ്ഞെടുക്കപ്പെട്ടു. വീഗൻ ഡയറ്റ് പിന്തുടരുന്നവർക്കും കീറ്റോ, ഹോൾ30, പാലിയോ ഡയറ്റുകൾ തിരഞ്ഞെടുക്കുന്നവർക്കും കഴിക്കാവുന്ന സ്നാക്സ് ആയി റാപ്പ്ഡ് കാഷ്യു പരക്കെ അംഗീകരിക്കപ്പെട്ടു. പ്രോട്ടീൻ സമ്പുഷ്ടമാണ് ഇത്.
ഗ്രാമി നൽകിയ അംഗീകാരം
ഗാന്ധിയനും പ്രകൃതിചികിത്സകനുമായിരുന്നു ഗണേശിന്റെ പിതാവ് രാജേന്ദ്രനാഥൻ നായർ. സ്വന്തം കർമത്തിൽ വലിയ വിശ്വാസം അർപ്പിച്ചിരുന്ന വ്യക്തി. അച്ഛന്റെ തത്വചിന്തയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഉൽപന്നത്തിന് ‘കർമ നട്സ്’ എന്ന പേര് സ്വീകരിച്ചതെന്ന് ഗണേശ് പറയുന്നു. ഗ്രാമിയിൽ വിതരണം ചെയ്ത സമ്മാനപ്പൊതികളിൽ ഇടം നേടുന്നതിനു മുൻപ് ന്യൂട്രിഷ്യനിസ്റ്റുകളുടെ ഇടയിൽ മാത്രമായിരുന്നു കർമ നട്സ് എന്ന റാപ്പ്ഡ് കാഷ്യൂവിന്റെ ഖ്യാതി. ഗ്രാമിയിലൂടെ ഹോളിവുഡിലെ വമ്പൻതാരങ്ങളുടെ ശ്രദ്ധ കവരാനായതിൽ സന്തോഷമുണ്ടെന്ന് ഗണേശ് നായർ പറയുന്നു. കുവൈത്ത് മലയാളിയായ അർച്ചനയാണ് ഗണേശിന്റെ ഭാര്യ. പത്തു വയസ്സുകാരനായ തേജ് മകനാണ്. അമേരിക്കയിലാണ് താമസമെങ്കിലും കേരളത്തിലെ നിത്യസന്ദർശകരാണ് ഗണേശും കുടുംബവും.
English Summary : Grammy goes gaga over Keralite Ganesh Nair's Karma Nuts