1.3 കോടി രൂപയുടെ കേന്ദ്രസർക്കാർ അവാർഡ് നേടി അൽഫോൻസ കോളജ്
Mail This Article
പാലാ ∙ അൽഫോൻസ കോളജിനു കേന്ദ്ര സർക്കാരിന്റെ സ്റ്റാർ പദവി. പാഠ്യ പാഠ്യേതര മേഖലയിലെ ഒട്ടേറെ അംഗീകാരങ്ങളുടെ തിളക്കത്തിൽ വജ്ര ജൂബിലി ആഘോഷിക്കുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ അംഗീകാരമെത്തിയത് ഇരട്ടി മധുരമായി.
ഉയർന്ന പഠന നിലവാരവും റാങ്കുകളടക്കമുള്ള വിജയ ശതമാനവും ഗവേഷണ മികവും പരിഗണിച്ചാണ് അവാർഡ്. കേന്ദ്ര സർക്കാരിന്റെ ബയോ ടെക്‌നോളജി വകുപ്പ് നൽകുന്ന അവാർഡിന്റെ ഭാഗമായി 1.3 കോടി രൂപ കോളജിനു ലഭിക്കും. നഗര മേഖലയിലെ കോളജ് എന്ന പ്രത്യേക വിഭാഗത്തിലാണ് അംഗീകാരം. അവാർഡ് തുക കോളജിലെ വിവിധ ശാസ്ത്ര വിഭാഗങ്ങളുടെ വിപുലീകരണത്തിനു വിനിയോഗിക്കാം.
ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങൾ സമൂഹ നന്മയ്ക്കായി ഉപകാരപ്പെടുത്താനാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നതെന്നു പ്രിൻസിപ്പൽ ഫാ.ഡോ.ഷാജി ജോൺ പറഞ്ഞു. കോളജിന്റെ വജ്ര ജൂബിലി ഭാഗമായി ആരംഭിച്ച കമ്യൂണിറ്റി കോളജ് ഏറെ പ്രശംസ നേടിക്കഴിഞ്ഞു. കേരള സ്‌പോർട്‌സ് കൗൺസിൽ നൽകുന്ന ജിവി രാജ അവാർഡിലൂടെ മികച്ച കോളജിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
ഷൈനി വിൽസൺ, പത്മിനി തോമസ്, പ്രീജ ശ്രീധരൻ, സിനി ജോസ് എന്നിവരെല്ലാം അൽഫോൻസ കോളജിന്റെ അഭിമാന താരങ്ങളാണ്. അത്‌ലറ്റിക്‌സ്, വോളിബോൾ, ബാസ്‌കറ്റ് ബോൾ, നീന്തൽ തുടങ്ങിയ ഇനങ്ങളിലെ മികവും കോളജിന് കീർത്തി സമ്മാനിച്ചിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർഥിനികളാണു 13 വിഭാഗങ്ങളിലായി പഠിക്കുന്നത്.
സ്റ്റാർ പദവി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ സിസ്റ്റർ ഡോ.മഞ്ജു എലിസബത്ത്, ഡോ.ടി.ആർ.അമ്പിളി എന്നിവരെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കോളജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറലുമായ മോൺ.ഡോ.ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഫാ.ഡോ.ഷാജി ജോൺ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.മിനിമോൾ മാത്യു എന്നിവർ അഭിനന്ദിച്ചു.