ADVERTISEMENT

ആ ഗ്രാമത്തിൽ താമസിച്ച് പുതിയ അനുഭവങ്ങൾ സമ്പാദിക്കണമെന്ന ആഗ്രഹവുമായാണ് യുവാവ് എത്തിയത്. ഗ്രാമകവാടത്തിലുള്ള സെമിത്തേരിയിൽ അവിടെ സംസ്കരിച്ചിരിക്കുന്ന ആളുകളുടെ പേരും വയസ്സും രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടെയും പ്രായം ഇരുപതിൽ താഴെ. അവിടെ താമസിക്കുന്നവർ ചെറുപ്പത്തിലേ മരിക്കുമെന്നു മനസ്സിലാക്കിയ അയാൾ തിരിച്ചുപോകാനൊരുങ്ങി. വഴിയിൽ കണ്ടയാളോട് അകാലമൃത്യുവിന്റെ കാരണം അന്വേഷിച്ചു. അയാൾ പറഞ്ഞു: ഇവിടാരും അങ്ങനെ മരിക്കുന്നില്ല. ഞങ്ങൾക്കെല്ലാവർക്കും അറുപതിനു മുകളിൽ പ്രായമായി. ഇവിടെ എല്ലാവർക്കും ഡയറി എഴുതുന്ന ശീലമുണ്ട്. ഒരാൾ മരിച്ചാൽ അയാളുടെ ഡയറി പരിശോധിക്കും. അവനവനുവേണ്ടിയോ മറ്റുള്ളവർക്കുവേണ്ടിയോ എന്തെങ്കിലും ചെയ്ത ദിനങ്ങൾ മാത്രമേ ആയുസ്സിന്റെ കൂടെ കൂട്ടുകയുള്ളൂ. 

ജീവിച്ചിരുന്നു എന്നതിന്റെ അടയാളം എവിടെങ്കിലും അവശേഷിപ്പിച്ചിട്ടുണ്ടോ? ഒരു വിരലടയാളംപോലും പതിയാത്ത ജീവിതം എന്തു ജീവിതമാണ്? ജനിച്ചതിന്റെ പേരിൽ ജീവിക്കുന്നവരുണ്ട്, മരിക്കാൻ ധൈര്യമില്ലാത്തതിന്റെ പേരിൽ ജീവിക്കുന്നവരുണ്ട്, അർഥപൂർണമായ ജീവിതം നയിക്കുന്നവരുമുണ്ട്. ലക്ഷ്യങ്ങളോ സാമൂഹിക ഇടപെടലോ ഒന്നുമില്ലാതെ ഒരു നൂറ്റാണ്ട് മുഴുവൻ ജീവിച്ചാലും ആർക്കെന്തു പ്രയോജനം? അധികകാലം ജീവിക്കുന്നതിനെക്കാൾ പ്രധാനമാണ് അന്യനുപകരിക്കുന്ന വിധമുള്ള ജീവിതം. ചെറുപ്പത്തിൽ വിടവാങ്ങിയിട്ടും ആളുകളുടെ മനസ്സിൽ നിറസാന്നിധ്യമായി നിലനിൽക്കുന്നവരുണ്ട്. ആയുർദൈർഘ്യം മറികടന്നിട്ടും നിഷ്പ്രഭമായി ജീവിച്ചവരുമുണ്ട്. എത്രപേരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തി എന്നതാണ് ജീവിതത്തെ വിലയിരുത്താനുള്ള മാർഗം. 

പദ്ധതികളും മറ്റും രൂപപ്പെടുത്തുമ്പോൾ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. അവ എത്രപേർക്ക് ഉപകരിക്കുന്നുണ്ട്, ആരെയെങ്കിലും ഹാനികരമായി ബാധിക്കുന്നുണ്ടോ, എന്തെങ്കിലും ക്രിയാത്മക മാറ്റം ഉളവാക്കുന്നുണ്ടോ? ഒരാലോചനയുമില്ലാതെ തുടരുന്ന അർഥരഹിത ദിനചര്യകളാണ് ജീവിതം ഫലശൂന്യമാക്കുന്നത്. ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് വെറുതേ സംസാരിക്കുക, മറ്റുള്ളവരെക്കുറിച്ചും അവരുടെ ചെയ്തികളെക്കുറിച്ചും വിലയിരുത്തി നടക്കുക, എന്തിൽനിന്നും ഒഴിവാകുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുക തുടങ്ങിയ കൃത്യങ്ങളിൽ വ്യാപൃതരാകുന്ന ഒരാളും തനതു വഴികളോ തനിമയുള്ള ജീവിതമോ കണ്ടെത്തില്ല. ഇതുവരെ എന്തൊക്കെ ചെയ്തു, ഇനിയെന്തൊക്കെ ചെയ്യാനുണ്ട് എന്നതിന് ഉത്തരമുണ്ടെങ്കിൽ ഒരു നിമിഷവും പാഴാകില്ല.

Content Summary:

Discover the Secret to a Meaningful Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com