രണ്ടേ രണ്ടു വൃക്ഷങ്ങൾ മതി ഒരു നാലംഗകുടുംബത്തിന് ഒരു വർഷം സുഖമായി ജീവിക്കാൻ
Mail This Article
ഭൂമി ആകെ ‘ചൂടിലാണ്’. ആ ദേഷ്യമൊന്നു തണുപ്പിച്ചേ മതിയാകൂ. കത്തിയുരുകുന്ന ചൂടിൽ നിന്നു കാത്തുരക്ഷിക്കണേയെന്ന് മനുഷ്യൻ പ്രാർഥിച്ചു തുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ ഭൂമിക്ക് സംസാരിക്കാനാകുമായിരുന്നെങ്കിൽ അവ മറുപടി പറഞ്ഞേനെ: ‘എനിക്കും നിങ്ങൾക്കുമെല്ലാം തണലേകാനുണ്ടായിരുന്ന മരങ്ങളെല്ലാം വെട്ടിമാറ്റിയിട്ട് വെയിലേറ്റു കരഞ്ഞിട്ടെന്തു കാര്യം? ആദ്യം മരങ്ങൾ വച്ചുപിടിപ്പിക്കൂ, പിറകെ കുളിർകാറ്റും കുഞ്ഞുപൂമ്പാറ്റകളുമെത്തും. വെയിലാറും, മനസ്സു നിറയും...’ കാലാവസ്ഥ പിടിവിട്ടു പോകുന്ന സാഹചര്യത്തിൽ ഇനി മരമേയുള്ളൂ നമുക്കൊരു രക്ഷാവരം നൽകാൻ. എന്താണ് ഭൂമിക്ക് മരങ്ങൾ അതിനുമാത്രം ചെയ്യുന്ന സഹായം.
അറിയാം ചില വൃക്ഷകൗതുകങ്ങൾ:
∙ പ്രതിവർഷം ഒരു മരം പുറപ്പെടുവിക്കുന്നത് ഏകദേശം 117 കിലോഗ്രാം ഓക്സിജനാണ്. അതായത് രണ്ടേ രണ്ടു വൃക്ഷങ്ങൾ വീട്ടിലുണ്ടെങ്കിൽ ഒരു നാലംഗകുടുംബത്തിന് ഒരു വർഷം സുഖമായി ജീവിക്കാനുള്ള ഓക്സിജൻ ആ മരങ്ങൾ നൽകും. ചൈനയിൽ ഓക്സിജൻ കുപ്പിയിലടച്ച് വിൽപനയ്ക്കെത്തിയത് വൻവാർത്തയായിരുന്നു. ഒരു സ്പ്രേ ബോട്ടിലിന്റെ അത്രയും ഓക്സിജന് 3990 രൂപയായിരുന്നു വില. അതിൽ നിന്നറിയാമല്ലോ ഒരു മരം നമുക്കു നൽകുന്ന ആ‘ശ്വാസ’ ലാഭം.
∙ 41,600 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഒരു കാർ പുറന്തള്ളുന്ന കാർബൺ എത്രമാത്രമായിരിക്കുമെന്നോർക്കുക. അത്രയും കാർബൺ വലിച്ചെടുത്തു ശുദ്ധീകരിക്കുന്നുണ്ട് ഓരോ മരവും പ്രതിവർഷം. അതായത് ഒരു ജീവിതകാലത്തിനിടെ ഏകദേശം ഒരു ടണ്ണിലേറെ.
∙ വീടിനു ചുറ്റും മരങ്ങൾ വച്ചുപിടിപ്പിച്ചാൽ സൂര്യപ്രകാശത്തിൽ നിന്നും കനത്ത കാറ്റിൽ നിന്നും സംരക്ഷണമുറപ്പാണ്. വീടിനകത്ത് സ്വച്ഛമായ കുളിർമ ലഭ്യമാകുമെന്നു മാത്രമല്ല എസി ഉപയോഗം 30% വരെ കുറയ്ക്കാനുമാകും. മരങ്ങളുടെ എണ്ണം വീടിനു ചുറ്റും കൂടുന്നതിനനുസരിച്ച് എസിയുടെ ഉപയോഗവും കുറയുമെന്നർഥം. അതുവഴി വൈദ്യുതി ബില്ലിലും ലാഭം.
∙ മരങ്ങളൊരുക്കുന്ന തണൽ വഴി ലാഭിക്കാനാകുന്നത് 13650 കോടി രൂപയാണ്. അതായത് എസിക്കും മറ്റ് കൂളിങ് സംവിധാനങ്ങൾക്കും വേണ്ടി പ്രതിവർഷം ചെലവാക്കുന്ന തുകയിൽ അത്രയും കുറവു വരുമെന്നർഥം.
∙ ഇങ്ങനെ മരങ്ങൾ ചെയ്യുന്ന സഹായങ്ങളെല്ലാം വച്ച് അവയ്ക്കൊരു വിലയിട്ടാൽ ഒരു മരത്തിന് ഏകദേശം ആറര ലക്ഷം രൂപ മൂല്യം വരും. അത് വെറും മനുഷ്യക്കണക്ക്. യഥാർത്ഥത്തിൽ ഒരു മരത്തിന്റെ മൂല്യം വിലമതിക്കാനാകാത്തതാണെന്ന് ആർക്കാണറിയാത്തത്.