യമുന നദി കരകവിഞ്ഞൊഴുകുന്നു; ഉത്തരേന്ത്യയിൽ മഴക്കെടുതി
Mail This Article
യമുനാ നദിയിൽ ജലനിരപ്പ് അപകടനിലയിൽ തുടരുന്നു. അപകടനിലയായ 205.33 മീറ്റർ മറികടന്ന് ജലനിരപ്പ് 206.25 മീറ്ററിലാണ് ഒഴുകുന്നത്. അതിശക്തമായ ഒഴുക്കാണു നദിയിൽ അനുഭവപ്പെടുന്നത്. ജലനിരപ്പ് ഉയരുകയാണെങ്കിലും ആശങ്കപ്പെടാനില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഹരിയാനയിലെ ഹാത്‍നി കുണ്ഡ് തടയണയിൽ നിന്നു 25,590 ക്യൂസെക്സ് ജലം കൂടി യമുനയിലേക്ക് തുറന്നുവിട്ടതോടെ ഇനിയും ജലനിരപ്പ് ഉയരാനാണു സാധ്യത. ഇന്നു വൈകിട്ട് 4 മണിയോടെ ജലനിരപ്പ് 207. 08 മീറ്ററാവുമെന്നാണ് അധികൃതർ കരുതുന്നത്.
യമുന പാലത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 20 കിലോമീറ്ററായി റെയിൽവേ കുറച്ചു. ജലനിരപ്പ് 206.40 മീറ്റർ മറികടന്നാൽ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു. ഓൾഡ് ഡൽഹി പാലത്തിലൂടെ രണ്ടുദിവസമായി വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിൽ നിന്നു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയ ഏകദേശം 23,000 ആളുകളെ താമസിപ്പിക്കാൻ മയൂർ വിഹാർ എക്സ്റ്റൻഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങൾ മന്ത്രി കൈലാഷ് ഗലോട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.
ഹരിയാനയിലും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ കുറയാനാണു സാധ്യതയെന്നും ഹാത്‍നി കുണ്ഡ് തടയണയിൽ നിന്നു കൂടുതൽ വെള്ളം തുറന്നുവിടാതിരുന്നാൽ യമുനയിലെ ജലനിരപ്പ് താമസിയാതെ സാധാരണ നിലയിലാവുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.
ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82
യമുനാനദി കരകവിഞ്ഞതിനാൽ ഡൽഹിയിൽ ജാഗ്രതാനിർദേശം നിലനിൽക്കുകയാണ്. ഉത്തരാഖണ്ഡിൽ മലയോരമേഖലകളിൽ അകപ്പെട്ടവർക്കു ഹെലികോപ്റ്ററുകളിൽ വ്യോമസേന ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചുനൽകുന്നു. യമുനാനദീതീരത്തുനിന്ന് ഏഴായിരം പേരെ മാറ്റി പാർപ്പിച്ചു. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മഴ കനക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.യമുനയിൽ ഇനിയും ജലനിരപ്പ് ഉയരാനാണു സാധ്യതയെങ്കിലും ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്നു ഡൽഹി
മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. യമുന പാലത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 20 കിലോമീറ്ററായി കുറച്ചു. ജലനിരപ്പ് ഉയർന്നാൽ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവയ്ക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു. ഓൾഡ് ഡൽഹി പാലത്തിലൂടെ രണ്ടുദിവസമായി വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
മഞ്ഞുവീഴ്ചയെത്തുടർന്നു ഹിമാചലിലെ ഗോത്രവർഗ ജില്ലയായ ലഹൗൾ ആൻഡ് സ്പിതിയിൽ കുടങ്ങിയ കൃഷി മന്ത്രി റാം ലാൽ മാർഖണ്ഡയെ മുഖ്യമന്ത്രി ജയറാം താക്കൂർ കോപ്റ്റർ അയച്ചു രക്ഷപ്പെടുത്തി. നൂറ്റിയൻപതോളം പേർ ഈ മേഖലയിൽ കുടങ്ങിയിട്ടുണ്ട്. ഇവരെ ഇന്നു രക്ഷപ്പെടുത്താൻ കഴിയുമെന്ന് മാർഖണ്ഡ പറഞ്ഞു. ഹിമാചലിൽ ഈ മഴക്കാലത്ത് 63 പേർ മരിച്ചെന്നു മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. മൊത്തം 625 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആയിരത്തിലേറെ റോഡുകൾ തകർന്നു. പാലങ്ങളും പൊതുമരാമത്തും സ്വത്തുക്കളും നശിച്ചു.
ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ ഇതുവരെ 16 പേർ മരിച്ചു. 51 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 130 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. യമുനയിലെ ജലനിരപ്പ് ഉയരുന്നതു മൂലം ജാഗ്രത പാലിക്കാൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ജനങ്ങളോടു അഭ്യർഥിച്ചു. യമുനാനഗർ, ഖൈതൽ, കുരുക്ഷേത്ര, പാനിപ്പത്, സോനാപത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാൻ നടപടി തുടങ്ങി.
15 ദിവസമായി കനത്ത മഴ തുടരുന്ന ഗോവയിൽ പ്രളയം ആറായിരത്തോളം കുടുംബങ്ങളെ ബാധിച്ചു. കൃഷിക്കും മൃഗസമ്പത്തിനും കനത്ത നാശമുണ്ടായി. ഒൻപതു കോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‍ലേക്കർ പറഞ്ഞു.