ADVERTISEMENT

രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ ചിലന്തി വൈവിധ്യമുള്ളത് കേരളത്തിൽ. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട ജന്തുവൈവിധ്യ സർവേയിൽ വലവിരിച്ചു നിൽക്കുന്നതു കേരളത്തിൽ നിന്നു കണ്ടെത്തിയ പുതിയ 13 ഇനം ചിലന്തികൾ. ഡോ. പി.എ. സെബാസ്റ്റ്യൻ എന്ന മുൻ ഗവേഷകന്റെ പേരും ഇവയിൽ രണ്ട് എണ്ണത്തിനു നൽകി.

പുതിയ 91 ഷഡ്പദങ്ങളിൽ 24 എണ്ണവും ഇവിടെയാണ്. പുതിയ 9 വണ്ടുകളെയും കണ്ടെത്തി. ഇതിൽ 3 എണ്ണം ഇനി കേരളത്തിന്റെ പേരിലാവും അറിയപ്പെടുക. പരിസ്ഥിതിയോടും ശുദ്ധജലത്തോടും ചേർന്നു നിൽക്കുന്ന തവള, മണ്ണിര എന്നിവയിൽ ഒന്നിനെ പോലും കേരളത്തിൽ നിന്നു പുതുതായി കണ്ടെത്താനായില്ല.

ഈ വർഷവും ഏറ്റവും കൂടുതൽ ജീവികളെ പുതുതായി കണ്ടെത്താനായത് കേരളത്തിൽ നിന്നാണ്. അഞ്ഞൂറോളം പുതിയ ജീവികളിൽ 74 എണ്ണം കേരളത്തിൽ നിന്നാണ്. 27 തരം ജീവികൾ ഇവിടെ ആദ്യമായി സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്നും വാർഷിക റിപ്പോർട്ട് പറയുന്നു.

ചീവീട് വിഭാഗത്തിൽ കോട്ടയത്തു നിന്നു കണ്ടെത്തിയ പുതിയ ഇനത്തിന് ‘പുരാനാ ചീവീടാ’ എന്നാണ് പേരിട്ടിരിക്കുന്നത്. രാജ്യത്തു തന്നെ കണ്ടെത്തിയ പുതിയ ഇനം ചിതലുകളിൽ ഒന്നും കോട്ടയം കോരുത്തോട് നിന്നാണ്: ‘ടെർമിസ് കോട്ടിയം’. വിട്ടിൽ വിഭാഗത്തിൽ രാജ്യത്തു തന്നെ പുതുതായി കണ്ടെത്തിയ ഏക നീളൻ പച്ചവിട്ടിൽ പേപ്പാറയിലും തെന്മല ശെന്തുരുണിയിലുമാണ്. തെന്മലയിൽ നിന്നു കണ്ടെത്തിയ പുതിയ തേളിനു ‘ഇസോമെട്രസ് തെന്മല’ എന്നും പേരിട്ടു. ഡോഗ് ഫിഷ് തിമിംഗലത്തെ കൊല്ലം നീണ്ടകരയിൽ നിന്നു ഡോ. കെ.കെ. ബിനീഷ് എന്ന ഗവേഷകൻ കണ്ടെത്തി.

പുതിയ 4 തരം പ്രാണികൾ, 3 തരം തുമ്പി, 4 തരം ഞണ്ട്, തേൾ എന്നിവയും പട്ടികയി‍ൽ ഇടം പിടിച്ചു.

English Summary:

Kerala's Spider Diversity Shines: 13 New Species Unveiled in Landmark Fauna Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com