മലമ്പുഴ മാലിന്യക്കൂമ്പാരത്തിന്റെ പിടിയിൽ; മലമ്പുഴയെ മാലിന്യപ്പുഴയാക്കരുതേ..!
Mail This Article
വിനോദ സഞ്ചാര ഭൂപടത്തിൽ തല ഉയർത്തി നിന്നിരുന്ന മലമ്പുഴ ഇന്ന് മാലിന്യക്കൂമ്പാരത്തിന്റെ പിടിയിലാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പുഴകളും അരുവികളും മലനിരകളും കൊണ്ട് സമൃദ്ധമായ മലമ്പുഴയിലെ കാഴ്ചകൾ ഇന്ന് ഏറെ ദുഃഖിപ്പിക്കും. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും പുഴയോരങ്ങളിലുമെല്ലാം പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം.
പുഴകളിലൂടെ ഒഴുകിയെത്തുന്നതു പ്ലാസ്റ്റിക് കുപ്പികൾ. ഡാമിനു സമീപത്തും റോഡിലുമെല്ലാം പൊട്ടിച്ചിട്ട മദ്യക്കുപ്പികൾ ഡാമിനു സമീപത്തെ കാടിനോടു ചേർന്നും നിറയെ മദ്യകുപ്പികളും മാലിന്യക്കൂമ്പാരവും. മലമ്പുഴ റിങ് റോഡിൽ തെക്കേ മലമ്പുഴ, കൊല്ലങ്കുന്ന് ഭാഗത്താണ് മാലിന്യമേറെ. വിദ്യാർഥികൾ ഉൾപ്പെടെ നടന്നുപോകുന്ന വഴികളിലും മദ്യക്കുപ്പികൾ പൊട്ടിച്ചിട്ടിരിക്കുന്നു.
കുപ്പിച്ചില്ലുകൾകൊണ്ട് മത്സ്യബന്ധന തൊഴിലാളികൾക്കും സന്ദർശകർക്കും പരുക്കേൽക്കുന്നതും പതിവാണ്.പരിശോധനയ്ക്കു പൊലീസിനും വനംവകുപ്പിനും ജലസേചന വകുപ്പ് അധികൃതർക്കും ഓടിയെത്താൻ പരിമിതികളുണ്ട്. ഡാമും 45 കിലോമീറ്റർ ചുറ്റളവിലെ പരിസരവും വനവുമെല്ലാം സംരക്ഷിക്കണമെങ്കിൽ സന്ദർശകരും മനസ്സുവയ്ക്കണം. ഡാമിന്റെ വൃഷ്ടിപ്രദേശത്തും കാട്ടിലും അതിക്രമിച്ചു കയറുന്നതു ശിക്ഷാർഹമാണെന്നു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല.