ഊട്ടിവരെയൊന്നു സൈക്കിളിൽ പോയാലോ?

Mail This Article
ഊട്ടിവരെയൊന്നു പോയാലോ? സൈക്കിളിൽ! സൈക്കിളിലോ? 186 കിലോമീറ്റർ, അതും മൂന്നു ചുരം കയറി..എന്റെ പൊന്നോ ഞാനില്ല എന്നു പറയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ കഴിഞ്ഞ മാസം കോഴിക്കോട്ടുനിന്ന് ഒരു സംഘം ആളുകൾ ഊട്ടിക്കു വച്ചു പിടിച്ചു. സൈക്കിളിൽ. കൃത്യമായി പറഞ്ഞാൽ 106 പേർ!

സൈക്കിളിന്റെ തിരിച്ചുവരവ്
സൈക്കിൾ എന്നു പറഞ്ഞാൽ നമുക്ക് റാലിയും ബിഎസ്എയും ഹെർക്കുലീസുമൊക്കെയായിരുന്നു. നാട്ടിൻപുറം സൈക്കിളുകളാൽ സമൃദ്ധമായൊരു കാലം കേരളത്തിനുണ്ടായിരുന്നു. സൈക്കിൾ കടയും സൈക്കിൾ വർക്ക്ഷോപ്പും ഇല്ലാത്ത കവലകളില്ലായിരുന്നു. സൈക്കിൾ വാടകയ്ക്കെടുത്ത് അവധിക്കാലത്തു ചവിട്ടിയ ഒാർമകൾ പഴമയായി. കാലത്തിന്റെ ഗതിവേഗത്തിൽ സ്കൂട്ടറും ബൈക്കുമൊക്കെ വന്നപ്പോൾ സൈക്കിൾ പഴഞ്ചനായിപ്പോയി. ഒപ്പം സൈക്കിൾ പഴങ്കഥയുമായി. സൈക്കിൾ കാണണമെങ്കിൽ സത്യൻ അന്തിക്കാടിന്റെ സിനിമ കാണേണ്ട അവസ്ഥവരെ വന്നു മലയാളികൾക്ക്.

എന്നാൽ ചെറിയൊരു ഇടവേളയ്ക്കുശേഷം സൈക്കിളുകൾ തിരിച്ചുവന്നു. ഹൈടെക് വേഷത്തിൽ. ജിമ്മിലും വീട്ടിലിരുന്നു ചവിട്ടുന്ന സൈക്കിളിന്റെ രൂപത്തിൽ. വയറു കുറയ്ക്കാനും ദുർമേദസ് ചവുട്ടിക്കുറയ്ക്കാനുമായി ഒരെണ്ണം വാങ്ങിയാലോ എന്നാലോചിക്കാത്തവർ മെട്രോ നഗരങ്ങളിൽ കുറവാണ്. സൈക്കിളിന്റെ കഥ ഇങ്ങനെ ഉരുളുമ്പോഴാണ്് വലിയൊരു വിപ്ലവം നാമറിയാതെ നടന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരുമൊക്കെയായി പല സൈക്കിൾ കൂട്ടായ്മകൾ ഉദയം കൊണ്ടു. ടിവിയിൽ കണ്ട ഫോറിൻ സൈക്കിളുകൾ നമ്മുടെ റോഡിലും കണ്ടു തുടങ്ങി. അതുവഴി പുതിയൊരു സൈക്ലിങ് സംസ്കാരം ജന്മം കൊള്ളുകയായിരുന്നു. ആ സംസ്കാരത്തിന്റെ വക്താക്കളായ പ്രായഭേദമെന്യേയുള്ളവരായിരുന്നു ഊട്ടിയിലേക്കു സൈക്കിൾ ചവിട്ടിയത്.
വെലോ ടു ഊട്ടി
കാലിക്കട്ട് പെഡലേഴ്സ് ക്ലിങ് ക്ലബ് സംഘടിപ്പിച്ച റാലിയായിരുന്നു വെലോ ടു ഊട്ടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് മത്സരിക്കാൻ കോഴിക്കോട്ടെത്തിയത്.

186 കിലോമീറ്റർ
കോഴിക്കോട്ടുനിന്ന് ഊട്ടി വരെയുള്ള 186 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടേണ്ടിയിരുന്നത്. കോഴിക്കോട്–വഴിക്കടവ്– ഗൂഡല്ലൂർ–ഊട്ടി ഇതായിരുന്നു റൂട്ട്. കൊടും ചുരം എങ്ങനെ ചവിട്ടിക്കയറ്റും എന്നതു തന്നെയായിരുന്നു കാണികളുടെ ചോദ്യം. നാടുകാണിച്ചുരവും ഊട്ടിച്ചുരവുമൊക്കെ ചവിട്ടിക്കയറി പാതിരാത്രിയായാലും ഊട്ടിയിലെത്തുമോ എന്ന തമാശ കലർന്ന ചോദ്യവും ചിലരിൽ നിന്നു കേൾക്കാനായി. അതിനുള്ള ഉത്തരം ഉച്ചയോടെ ഊട്ടിയിൽനിന്നു ഫോണിലെത്തി. ആദ്യത്തെആൾ ഫിനിഷ് ചെയ്തെന്ന്!

മിന്നും താരം
രാവിലെ ആറരയ്ക്കാണ് റാലി ഫ്ലാഗ് ഒാഫ് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഒന്നാം സ്ഥാനക്കാരനായിരുന്ന ശ്രീനാഥ് ലക്ഷ്മീകാന്തായിരുന്നു മിന്നും വേഗത്തിൽ ഊട്ടിയിലെത്തിയത്. വെറും ആറു മണിക്കൂർ നാലു മിനിറ്റ് കൊണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ ഒരു മണിക്കൂർ കുറവെടുത്താണ് ഇക്കുറി ശ്രീനാഥ് ഫിനിഷ് ചെയ്തത്. മഹാരാജാസ് കോളജിലെ എംഎ വിദ്യാർഥിയാണ് ശ്രീനാഥ്. അണ്ടർ 23 വിഭാഗത്തിലെ സംസ്ഥാന ചാംപ്യനുമാണ്.

ആ സൈക്കിളല്ല, ഇതു വേറേ!
എണ്ണായിരം രൂപ കൊടുത്താൽ ഇന്നൊരു സൈക്കിൾ കിട്ടും. പക്ഷേ ഇവിടെ വന്ന സൈക്കിളിന്റെ വില കേട്ടാൽ ഞെട്ടും. ഒന്നരലക്ഷം രൂപ മുതലാണ് മത്സരത്തിനെത്തിയവരുടെ കയ്യിലുണ്ടായിരുന്നത്. അതും പോട്ടെ. കോഴിക്കോട്ട് സൈക്കിൾ ഷോറൂമിലിരുന്ന ഒരു സൈക്കിളിന്റെ വില എത്രയെന്നറിയാമോ? പതിനാലു ലക്ഷം!

ഇവർക്കിതു കുട്ടിക്കളിയല്ല
സൈക്കിൾ ചവിട്ടൊരു നേരം പോക്കായി കരുതുന്നവരല്ല ഇവരാരും. ഡോക്ടേഴ്സ്, എൻജിനിയേഴ്സ്, ബിസിനസുകാർ, അധ്യാപകർ, വിദ്യാർഥികൾ എന്നു വേണ്ട സമൂഹത്തിലെ പല തുറകളിൽ നിന്നുള്ളവരും പ്രഫഷനൽ റൈഡേഴ്സും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യ മുഴുവൻ സൈക്കിളിൽ കറങ്ങിയവർ മുതൽ ലേയിലും ലഡാക്കിലും വരെ സൈക്കിളിൽ യാത്രചെയ്തവർ മത്സരത്തിനെത്തിയിരുന്നു.